പരിശീലകൻ ബോസിദാർ ബന്ദോവിച്ചിനെ പുറത്താക്കി ചെന്നൈയിൻ എഫ്സി
പരിശീലകൻ ബോസിദാർ ബന്ദോവിച്ചിനെ പുറത്താക്കി ചെന്നൈയിൻ എഫ്സി. ബുധനാഴ്ച്ച എഫ്സി ഗോവയോട് 0-5ന് വമ്പൻ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ഹെഡ് കോച്ചിന്റെ സ്ഥാനം തെറിച്ചത്.
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ സീസണിൽ നാല് മത്സരങ്ങൾ ബാക്കിയിരിക്കെ ചെന്നൈയിൻ എഫ്സിക്ക് സെമി സാധ്യതകൾ ഏറെകുറെ മങ്ങിയിരിക്കുകയാണ്. എന്നിരുന്നാലും ബാക്കിയുള്ള മത്സരങ്ങളിൽ പുതിയ പരിശീലകനെ നിയമിക്കുന്നതിൽ കാര്യമായ മാറ്റങ്ങൾക്കൊന്നും വഴിവെച്ചേക്കില്ല.
ടീമിന്റെ അസിസ്റ്റന്റ് കോച്ച് സയ്യിദ് സാബിർ പാഷ താൽക്കാലിക രിശീലകനാകും. എങ്കിലും മുന്നിലുള്ള വിദൂര സാധ്യതയെ തള്ളിക്കളയാൻ ടീം തയാറല്ല. ഗോവയോട് ഏറ്റ പരാജയം ക്ലബ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവി ആയിരുന്നു. ഇതുവരെ കളിച്ച 16 മത്സരങ്ങളിൽ ആദ്യ ടീമിന്റെ ചുമതല വഹിച്ച ബാൻഡോവിച്ചിന്റെ കീഴി ചെന്നൈയിൻ അഞ്ചെണ്ണം ജയിക്കുകയും നാലിൽ സമനില വഴങ്ങുകയും ഏഴിൽ തോൽവി അറിയുകയും ചെയ്തു. നിലവിൽ 19 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ടീം.
താത്ക്കാലിക പരിശീലകനായി സ്ഥാനമേറ്റ സയ്യിദ് സാബിർ പാഷ മുൻ ഇന്ത്യൻ ഫുട്ബോൾ താരം കൂടിയാണ്. മാത്രമല്ല 2017 മുതൽ ചെന്നൈയിൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി സാന്നിധ്യമറിയിക്കുന്നയാളുമാണ്. അതിനാൽ ടീമിനെ വളരെ അടുത്തറിയാവുന്നത് വരും മത്സരങ്ങളിൽ മുതൽ കൂട്ടായേക്കും.