സണ്ടർലാൻഡ് പരിശീലകനാവാൻ റോയ് കീൻ എത്തില്ല
സണ്ടർലാൻഡ് പരിശീലകനാവാൻ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റോയ് കീൻ എത്തില്ലെന്ന് സ്ഥിരീകരണം. ബോൾട്ടനോട് 6-0 എന്ന വമ്പൻ തോൽവി ഏറ്റുവാങ്ങിയ ടീം കഴിഞ്ഞ ദിവസം ലീ ജോൺസണെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു.
തുടർന്ന് ഇഎഫ്എൽ ലീഗ് വൺ ക്ലബ്ബിന്റെ പരിശീലകനാവാൻ റോയ് കീൻ എത്തുമെന്ന വാർത്തകളും പുറത്തുവന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും റിപ്പബ്ലിക് ഓഫ് അയർലൻഡിന്റെയും മുൻ മധ്യനിര താരമായിരുന്ന കീൻ 2006 മുതൽ 2008 വരെ സണ്ടർലാൻഡിന്റെ പരിശീലകനായി ചുമതല വഹിച്ചിട്ടുമുണ്ട്.
ഇരു കക്ഷികളും തമ്മിൽ കരാരിനെ സംബന്ധിച്ച് ഒത്തുതീർപ്പിലെത്താത്തതിനെ തുടർന്നാണ് സണ്ടർലാൻഡിന്റെ ഈ നീക്കം പാളിയത്. പരിശീലകനായി തന്റെ ആദ്യ സീസണിൽ തന്നെ ചാമ്പ്യൻഷിപ്പ് കിരീടം നേടികൊടുത്ത് സണ്ടർലാൻഡിനെ പ്രീമിയർ ലീഗിലും റോയ് കീൻ എത്തിച്ചിരുന്നു.
അന്ന് പ്രീമിയർ ലീഗിൽ ടീമിനെ 15-ാം സ്ഥാനത്തെത്തിച്ച് 2008 ഡിസംബറിൽ താരം രാജിവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ഇപ്സ്വിച്ച് ടൗൺ, റിപ്പബ്ലിക് ഓഫ് അയർലൻഡ്, ആസ്റ്റൺ വില്ല, നോട്ടിംഗ്ഹാം ഫോറസ്റ്റ് എന്നീ ടീമുകളുടെ മുഖ്യ പരിശീലകനായും താരം ചുമതല ഏറ്റെടുത്തിട്ടുണ്ട്.






































