നാലാമനായി തുടരണം; പ്രീമിയർ ലീഗിൽ യുണൈറ്റഡ് ഇന്ന് ബേൺലിക്കെതിരെ ഇറങ്ങും
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ബേൺലി എഫ്‌സിയെ നേരിടും. നാലാം സ്ഥാനം നിലനിർത്താനും എഫ്എ കപ്പിലെ അപ്രതീക്ഷിത തോൽവിയുടെ നിരാശ മറക്കാനും ചുവന്ന ചെകുത്താൻമാർക്ക് ഇന്ന് ജയം അനിവാര്യമാണ്.
ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ് മത്സരം. നിലവിൽ ലീഗിൽ ഫോമില്ലാതെ പരുങ്ങുന്ന ടീമാണ് ബേൺലി എങ്കിലും സെറ്റ്പീസുകളിൽ അവർക്കുള്ള മേൽകൈ യുണൈറ്റഡിന് തലവേദനയാകും. പോയ മത്സരത്തിൽ ആഴ്‌സണലിനെ സമനിലയിൽ തളച്ച ആത്മവിശ്വാസം അവർക്ക് കരുത്തായുണ്ട്.
മേസൺ ഗ്രീൻവുഡിന്റെ അഭാവത്തിൽ ലിംഗാർഡ് ഇന്ന് ടീമിലേക്ക് തിരിച്ചെത്തിയേക്കും. എന്നാൽ ഫോമില്ലാതെ വലയുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരമായി കവാനി ആദ്യ ഇലവനിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. കൂടാതെ പരുക്ക് മാറി പോൾ പോഗ്ബ തിരിച്ചെത്തിയതും മാഞ്ചസ്റ്റർ യുണൈറ്റഡിന് കരുത്താകും.
അതേസമയം ലെഫ്റ്റ് ബാക്ക് അലക്‌സ് ടെല്ലസും മിഡ്‌ഫീൽഡ് താരമായ ഫ്രെഡും കൊവിഡ് ബാധിച്ച് ടീമിന് പുറത്താണ്. അതിനാൽ മധ്യനിരയിൽ പോഗ്ബയും മക്ടോമിനെയും തുടരാനാണ് സാധ്യത. നിലവിൽ 22 മത്സരങ്ങളിൽ നിന്നായി 38 പോയിന്റുമായി യുണൈറ്റഡ് 4-ാം സ്ഥാനത്തും 19 മത്സരങ്ങളിൽ നിന്നായി 13 പോയിന്റുമായി പട്ടകയിൽ 20-ാം സ്ഥാനത്തുമാണ് ബേൺലി.