ഐഎസ്എല്ലിൽ സെമി പ്രതീക്ഷകൾ നിലനിർത്തി ഒഡീഷ, ഈസ്റ്റ് ബംഗാളിനെതിരെ ജയം
ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് സെമി പ്രതീക്ഷകൾ നിലനിർത്തി ഒഡീഷ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടീം പോരാടി ജയിച്ചത്.
കളിയുടെ ജൊനാതസ് ഡെ ജീസസിലൂടെ 23-ാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ അടിച്ച് ലീഡ് നേടിയ ഒഡീഷ മുന്നിലെത്തുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ അന്റോണിയോ പെരോസവിചിന്റെ ഒരു കിടിലൻ ഫിനിഷിലൂടെ ഈസ്റ്റ് ബംഗാൾ സമനില പിടിച്ചു.
എന്നാൽ ആവേശം നിറഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന്റെ ചെറുത്തുനിൽപ്പിനെ മറികടന്ന് 75-ാം മിനിറ്റിൽ ജാവി ഹെർണാണ്ടസിലൂടെ ഒഡീഷ മത്സരം തിരികെ പിടിക്കുകയായിരുന്നു. ജയത്തോടെ 15 മത്സരങ്ങളിൽ നിന്നായി 21 പോയിന്റുമായി ആറാം സ്ഥാനത്തേയ്ക്ക് കയറാനും ഒഡീഷ എഫ്സിക്കായി.
ഈസ്റ്റ് ബംഗാൾ 10 പോയിന്റുമായി പത്താം സ്ഥാനത്തും നിൽക്കുന്നു. ടൂർണമെന്റിൽ ഇനി 5 മത്സരങ്ങൾ കൂടി ഒഡീഷയ്ക്ക് ബാക്കിയുള്ളതിനാൽ സെമി പ്രതീക്ഷകൾ നിലനിർത്താനായത് ആവേശം നൽകുന്ന കാര്യമാണ്. എന്നാൽ അതിശക്തരായ മുംബൈ സിറ്റി എഫ്സി, ചെന്നൈയിൻ എഫ്സി, ബെംഗളൂരു എഫ്സി, എടികെ മോഹൻ ബഗാൻ, ജംഷഡ്പൂർ എഫ്സി എന്നിവരുമായാണ് ഒഡീഷ ഏറ്റുമുട്ടാനിരിക്കുന്നത്.