ബ്രെന്‍റ്ഫോർഡ് എഫ്‌സിയിലേക്ക് ചേക്കേറി ക്രിസ്റ്റ്യൻ എറിക്‌സൺ; കരാർ 6 മാസത്തേയ്ക്ക്
പോയ 2020 യൂറോ കപ്പ് ഫുട്ബോളിൽ ഹൃദയാഘാതത്തെത്തുടര്‍ന്ന് കളിക്കളത്തിൽ കുഴഞ്ഞുവീണ ക്രിസ്റ്റ്യൻ എറിക്‌സൺ ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മൈതാനത്ത് പന്തുതട്ടാൻ ഒരുങ്ങുന്നു.
പഴയ തട്ടകമായ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കാണ് ഡെൻമാർക്ക് താരത്തിന്റെ രണ്ടാംവരവ്. ജനുവരി ട്രാൻസ്‌ഫർ വിൻഡോയിൽ ബ്രെന്‍റ്ഫോർഡ് എഫ്‌സിയാണ് താരത്തെ ആറു മാസത്തെ കരാറിൽ ടീമിലെടുത്തിരിക്കുന്നത്.
2020 യൂറോ കപ്പില്‍ ഫിൻലഡിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെയാണ് എറിക്‌സൺ ഹൃദയാഘാതത്തെതുടർന്ന് കുഴഞ്ഞുവീഴുന്നത്. 29 കാരനായ എറിക്‌സണ്‍ ശാരീരിക പരിശോധനയ്ക്കും ക്വാറന്റീനിനും ശേഷം ടീമിനൊപ്പം ചേരുമെന്നാണ് ക്ലബ് അറിയിച്ചിരിക്കുന്നത്.
എന്തായാലും എറിക്‌സണിന്റെ വരവ് ടീമിന് വരും ദിവസങ്ങളിൽ സഹായകരമാവും. നിലവിൽ 23 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി ബ്രെന്‍റ്ഫോർഡ് 14-ാം സ്ഥാനത്താണ്. ഒന്നാം ഡിവിഷനിൽ നിന്ന് 2021-22 സീസണിൽ പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ കിട്ടി വന്ന ടീം തുടക്കത്തിൽ മിന്നും പ്രകടനവുമായി ഏവരുടേയും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
നേരത്തെ ഇറ്റാലിയൻ ചാമ്പ്യൻമാരായ ഇന്റർ മിലാന്റെ താരമായിരുന്നു ക്രിസ്റ്റ്യൻ എറിക്‌സൺ. രോഗമുക്തനായെങ്കിലും എറിക്സനുമായുള്ള കരാർ ക്ലബ് റദ്ദാക്കുകയായിരുന്നു. 2020 ലെ ട്രാൻസ്ഫർ വിൻഡോയിലാണ് ഡാനിഷ് താരം ഇംഗ്ലീഷ് ക്ലബായ ടോട്ടനത്തിൽ നിന്ന് ഇറ്റലിയിലേക്ക് കൂടുമാറ്റം നടത്തുന്നത്.