നൂറിൽ നൂറ് മാർക്കുമായി നെതർലൻഡ്സ്; നോർത്ത് മാസിഡോണിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചു ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതർലൻഡ്സ്. അവസാന മത്സരത്തിൽ നോർത്ത് മാസിഡോണിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അവർ പരാജയപ്പെടുത്തി. മെംഫിസ് ഡീപേ [24′], വൈനാൾഡാം [51′, 58′] എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത്. കളത്തിൽ നിറഞ്ഞു കളിച്ച വൈനാൾഡാം ആണ് കളിയിലെ താരം.അദ്ദേഹം ഓറഞ്ചു കുപ്പായത്തിൽ പുറത്തെടുത്ത ഏറ്റവും മികച്ച പെർഫോമൻസിൽ ഒന്നായി ഇത് അറിയപ്പെടും.
അവസാന രണ്ടു മത്സരങ്ങളിലും ക്ലീൻ ഷീറ്റോടെ വിജയിക്കാൻ സാധിച്ചത്, പ്രീ ക്വാർട്ടറിനെ നോക്കി കാണുന്ന ഡച്ച് പടക്ക് ആത്മവിശ്വാസം നൽകും. അവസാനമായി അവർ ഇങ്ങനെ രണ്ടു ക്ലീൻ ഷീറ്റുമായി പ്രീ ക്വാർട്ടർ കടന്നത് 2000 യൂറോ കപ്പിലാണ്. അന്ന് സെമി ഫൈനൽ വരെ അവർ എത്തുക ഉണ്ടായി.
മധ്യനിരയിലെ വൈനാൽഡവും ഡി യോങ്ങുമാണ് അവരുടെ ശക്തി. ഡീപേ ഗോളുകൾ കണ്ടെത്തുന്നതും ആശ്വാസവാഹമാണ്. ഡി ലൈറ്റും ബ്ലൈൻഡും നയിക്കുന്ന പ്രതിരോധവും നന്നായി പെർഫോം ചെയ്യുന്നു. സ്ട്രൈക്കർമാരായ ഡാനിൽ മാലൻ, വൗട്ട് വാഗ്ഹോസ്റ്റ് എന്നിവരിൽ ആരെങ്കിലും പക്ഷെ കുറച്ചു കൂടി പ്രതിഭ വെളിയിലെടുക്കണം. പിന്നെ പ്രതിരോധത്തിൽ വരുത്താറുള്ള നിസ്സാരമായ പിഴവുകളും തടയാൻ ശ്രമിക്കണം. ഏതായാലും ആർക്ക് മുന്നിലും ഒരു മികച്ച എതിരാളിയാണ് അവർ.