“പെനാൾഡോ” എന്ന വിമർശനത്തിനുള്ള മറുപടി ആണ് ആ മൂന്നാം ഗോൾ
ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ സ്വന്തമാക്കിയത് അലി ദേയി എന്ന ഇറാനിയൻ ഫുട്ബോളർ ആണ് [109 എണ്ണം]. യൂറോ തുടങ്ങുന്നതിന് മുമ്പ് 104 ഗോളുകൾ ഉണ്ടായിരുന്ന റൊണാൾഡോ, ആ റെക്കോഡ് ഇത്തവണ തന്നെ ഭേദിക്കും എന്ന് പല ആരാധകരും ഫുട്ബാൾ പണ്ഡിതരും വിധി എഴുതിയിരുന്നു.
അങ്ങനെയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ തന്നെ റൊണാൾഡോ വല ചലിപ്പിച്ചത്. പോർച്ചുഗലിന്റെ രണ്ടാം ഗോൾ ആയിരുന്നു റൊണാൾഡോയുടെ ഈ കളിയിലെ ആദ്യത്തെ ഗോൾ. എന്നാൽ അത് റാഫ സിൽവയെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി വഴി ആയിരുന്നു. ഉടനെ തന്നെ ട്വിറ്ററിൽ “പെനാൾഡോ ” എന്ന ഹാഷ് ടാഗോടെ റൊണാൾഡോയെ ഇകത്താനുള്ള ശ്രമങ്ങൾ അദ്ദേഹത്തിന്റെ ഹേറ്റേഴ്സ് തുടങ്ങുക ഉണ്ടായി.
പക്ഷെ നിമിഷങ്ങൾക്കകം ഓപ്പൺ പ്ലേയിലൂടെ മത്സരത്തിലെ തന്റെ രണ്ടാം ഗോളും അദ്ദേഹം സ്വന്തമാക്കി. അതിന്റെ എല്ലാ ക്രെഡിറ്റും അദ്ദേഹത്തിന് തന്നെ കൊടുക്കേണ്ടി വരും. റാഫ സിൽവയുമായി നടത്തിയ രണ്ടു വൺ – ടച്ച് പ്രകടനങ്ങൾക്ക് ശേഷം ഗോളിയെയും മറികടന്ന് അദ്ദേഹം ടാപ്പ് ഇൻ ചെയ്തപ്പോൾ ലോകം മുഴുവൻ കയ്യടിച്ചു.
ഗോൾ സംഖ്യ 106 ലേക്ക് അദ്ദേഹം ഉയർത്തിയിരിക്കുന്നു. അതായത് ലോകത്തെ ഏറ്റവും മികച്ച അന്താരാഷ്ട്ര ഗോൾ വേട്ടക്കാരനാകാൻ വെറും 4 ഗോൾ മാത്രം അകലെ.






































