73 വർഷത്തെ കാത്തിരിപ്പിന് വിരാമം; പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടി ബ്രെന്റ്ഫോഡ്
അടുത്ത വർഷത്തെ പ്രീമിയർ ലീഗിന് യോഗ്യത ബ്രെന്റ്ഫോഡ് കരസ്ഥമാക്കി. സ്വാൻസി സിറ്റിയെ പ്ലേ ഓഫ് മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ചരിത്രത്തിൽ തന്നെ ആദ്യമായി ബ്രെന്റഫോഡ് പ്രീമിയർ ലീഗിലേക്ക് കടന്ന് വരുന്നത്. അവർ അവസാനമായി ഫസ്റ്റ് ഡിവിഷൻ ഫുട്ബോൾ കളിച്ചത് 1946 – 47 സീസണിലാണ്. 2009 ൽ നാലാം ഡിവിഷനിൽ കളിച്ചു കൊണ്ടിരുന്ന ക്ലബ് ആയിരുന്നു അവർ എന്നുള്ളത് ഈ വിജയത്തിന്റെ മാറ്റ് വർധിപ്പിക്കുന്നു. ആദ്യ പകുതിയിൽ ഇവാൻ ടോണി, എമിലിയാണോ മാർകണ്ഡേസ് എന്നിവർ നേടിയ ഗോളുകളുടെ പിൻബലത്തിലാണ് അവർ വിജയിച്ചു കയറിയത്.
നേരത്തെ നോർവിച് സിറ്റിയും വാറ്റ്ഫോഡും ചാമ്പ്യൻഷിപ്പിൽ നിന്ന് യോഗ്യത നേടിയിരുന്നു. അതെ സമയം ഫുൾഹാം, ഷെഫിൽഡ് യുണൈറ്റഡ്, വെസ്റ്റ് ബ്രോം എന്നീ ക്ലബ്ബുകൾ ലീഗിൽ നിന്ന് ചാമ്പ്യൻഷിപ്പിലേക്ക് തരം താഴ്ത്തപ്പെടുകയും ഉണ്ടായിരുന്നു.