Cricket Foot Ball legends Top News

മലയാളി മറന്ന ക്യാപ്റ്റൻ മണി; അറിയണം ഈ പ്രതിഭയെ

April 8, 2021

author:

മലയാളി മറന്ന ക്യാപ്റ്റൻ മണി; അറിയണം ഈ പ്രതിഭയെ

1973 ഡിസംബറിലെ ഒരു സായാഹ്നം…. തിങ്ങി നിറഞ്ഞ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ , 33 ആം സന്തോഷ് ട്രോഫി ഫൈനൽ. ആദ്യമായി ഫൈനൽ കളിക്കുന്ന കേരളം ശക്തരായ റയിൽവേസിനെ നേരിടുന്നു. TKS മണി നേടിയ ആദ്യ ഗോളിനെതിരെ തിരിച്ചടിച്ച റയിൽവേ 2-1 എന്ന നിലയിലാണ്. മണിയുടെ ഇടം കാൽ വീണ്ടും വല ചലിപ്പിച്ചപ്പോൾ മഹാരാജാസിലെ ചൂളമര ഗ്യാലറി ഇളകി … സ്റ്റേഡിയം മുഴുവൻ കേരളത്തിനു വേണ്ടി ഇരമ്പിയാർത്തു. 80 ആം മിനിട്ട് … മണി ഒരിക്കൽ കൂടി ഗോളടിച്ച് ഹാട്രിക്ക് പൂർത്തിയാക്കി … പൊട്ടിത്തെറിച്ച ഗ്യാലറിയിലേക്ക് നോക്കി അഭിവാദ്യങ്ങൾ അർപ്പിച്ചു. ആറ്റു നോറ്റിരുന്ന വിജയം കേരളം കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്നു. അതിന് ചുക്കാൻ പിടിച്ചത് ക്യാപ്റ്റൻ തന്നെ, അതും ഹാട്രിക്കോടെ…. ശേഷം അദ്ദേഹം അറിയപ്പെട്ടു – ക്യാപ്റ്റൻ മണി.
TK സുബ്രഹ്മണ്യൻ – ഈയൊരു പേര് കേരളമോ ഇന്ത്യൻ ഫുട്ബോൾ ലോകമോ ഓർത്തെടുക്കാൻ വഴിയില്ല. TKS മണി എന്നാൽ ’70 കളിലെ ഫുട്ബോൾ പ്രേമികളെങ്കിലും അറിയുമായിരിക്കും. ക്യാപ്റ്റൻ മണി എന്ന പേര് പക്ഷേ ഏതൊരു ശരാശരി മലയാളി ഫുട്ബോൾ പ്രേമിയും മറക്കാൻ വഴിയില്ല. കണ്ണൂരിൽ ജനിച്ച മണി കളിച്ചു വളർന്നത് എക്കാലവും കണ്ണൂരിലെ പുകൾപെറ്റ, ഒട്ടേറെ മികച്ച കളിക്കാരെ സമ്മാനിച്ച ക്ലബുകളായ ലക്കി സ്റ്റാറിലൂടെയും ജിംഖാനയിലൂടെയുമായിരുന്നു. എറണാകുളം ഏലൂരിലെ ഫാക്ടിൽ ജോലി നേടി, അവർക്കായി ക്ലബ് മത്സരങ്ങളിൽ പങ്കെടുത്ത മണി താമസിയാതെ കേരളാ ടീമിലുമെത്തി. 1973 ൽ കേരളത്തെ നയിച്ച ഈ 33കാരൻ തന്റെ മാസ്മരിക പ്രകടനത്തിലൂടെ സന്തോഷ് ട്രോഫി ആദ്യമായി കേരളത്തിൽ എത്തിച്ചു. പിന്നീടൊരു തവണ കപ്പിൽ മുത്തമിടാൻ 19 വർഷം കാത്തിരിക്കേണ്ടി വന്നു കേരളാ ടീമിന് … മറ്റൊരു കണ്ണൂർക്കാരൻ വി.പി സത്യൻ ക്യാപ്റ്റനാവുന്നതു വരെ.
ഫാക്ടിൽ നിന്ന് വിരമിച്ച് അവരുടെ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി സേവനമനുഷ്ഠിച്ച മണിയെ പക്ഷേ, ഔദ്യോഗിക ബഹുമതികളൊന്നും തേടി വന്നില്ല എന്നു മാത്രമല്ല, കേരള കായികരംഗം അദ്ദേഹത്തെ ഏറെക്കുറെ മറക്കുകയും കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു. കേരളം രണ്ടാമത് സന്തോഷ് ട്രോഫി നേടിയപ്പോൾ വാർത്തയിൽ വന്ന മണി, പക്ഷേ ജീവിതമെന്ന കളിയിൽ മുന്നേറാൻ വിഷമിക്കുകയായിരുന്നു. ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബം എറണാകുളത്ത് കഴിഞ്ഞത് ഫാക്ടിലെ തുച്ഛമായ വരുമാനം കൊണ്ടായിരുന്നു.
2017ൽ, തന്റെ 77 ാം വയസ്സിൽ, രണ്ടു വർഷത്തോളം രോഗങ്ങളോട് മല്ലിട്ട് ക്യാപ്റ്റൻ മണി ഈ ലോകത്തോട് വിട പറഞ്ഞു. അതും, നിർഭാഗ്യമെന്നു പറയട്ടെ, കായിക ലോകത്ത് വാർത്തയായില്ല. വിക്കിപീഡിയയിലോ ഗൂഗിളിലോ തെരഞ്ഞാലും ക്യാപ്റ്റൻ മണിയെ കുറിച്ച് അടിസ്ഥാന വിവരങ്ങളല്ലാതെ മറ്റൊന്നും ലഭ്യമല്ല.
Leave a comment