ലോകകപ്പ് 2019, തകർപ്പൻ ജയവുമായി ബംഗ്ലാ കടുവകൾ
2019 ലോകകപ്പിൽ ഇന്നു നടന്ന മത്സരത്തിൽ വിൻഡീസിനെതിരെ ബംഗ്ലാദേശിന് ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത വിൻഡീസ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 321 റണ്ണുകൾ നേടി. സ്റ്റാർ ബാറ്റ്സ്മാൻ ക്രിസ് ഗെയിലിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും മൂന്നാം നമ്പറിലിറങ്ങിയ ഷെയ് ഹോപ്പിന്റെ മികച്ച ബാറ്റിങ്ങാണ് വിന്ഡീസിനു മികച്ച സ്കോർ സമ്മാനിച്ചത്. ഹോപ് 96 റണ്ണുകൾ നേടി പുറത്തായപ്പോൾ ഇവിൻ ലൂയിസ് 70ഉം ഹെറ്റമെയ്ർ 50ഉം റണ്ണുകൾ നേടി. ബംഗ്ലാദേശിനു വേണ്ടി മുസ്തഫിസുർ, സൈഫുദ്ധീൻ എന്നിവർ മൂന്നു വിക്കറ്റും ഷാകിബ് അൽ ഹസൻ രണ്ടു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് സൗമ്യ സർക്കാരും തമിം ഇഖ്ബാലും ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. സൗമ്യ പുറത്തായെങ്കിലും മൂന്നാം നമ്പറിലിറങ്ങിയ ഷാകിബ് അൽ ഹസൻ വിൻഡീസ് ബൗളർമാരെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. തമിം, മുഷ്‌ഫിഖുർ റഹീം എന്നിവർ പെട്ടന്നുള്ള ഇടവേളകളിൽ പുറത്തായെങ്കിലും പിന്നീടിറങ്ങിയ ലിറ്റൻ ദാസ് ആക്രമിച്ചു കളിച്ചതോടെ വിൻഡീസ് തോൽവി സമ്മതിക്കുകയായിരുന്നു. 41.3 ഓവറിൽ ബംഗ്ലാദേശ് വിജയലക്ഷ്യം കടന്നു. ഷാകിബ് അൽ ഹസൻ 124ഉം ലിറ്റൻ 94ഉം റണ്ണുകളുമായി പുറത്താകാതെ നിന്നു. വിന്ഡീസിനായി റസ്സൽ, ഓഷെയ്ൻ തോമസ് എന്നിവർ ഓരോ വിക്കെറ്റ് വീഴ്ത്തി. സെഞ്ചുറിയും രണ്ടു വിക്കറ്റും നേടിയ ഷാകിബ് ആണ് കളിയിലെ കേമൻ.