ലോകകപ്പ് 2019, അഭിമാനപ്പോരാട്ടത്തിൽ വിജയിച്ചു ടീം ഇന്ത്യ
2019 ലോകകപ്പിൽ മാഞ്ചസ്റ്ററിൽ നടന്ന അഭിമാനപ്പോരാട്ടത്തിൽ ബദ്ധവൈരികളായ പാകിസ്താനെതിരെ ടീം ഇന്ത്യക്ക് 89 റൺസിന്റെ (ഡക്വർത് ലൂയിസ് നിയമപ്രകാരം) ത്രസിപ്പിക്കുന്ന ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 336 റണ്ണുകൾ നേടി. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ഓപ്പണർ ശിഖർ ധവാനു പകരമിറങ്ങിയ ലോകേഷ് രാഹുലും രോഹിത് ശർമയും ചേർന്നു മികച്ച തുടക്കമാണ് ഇന്ത്യക്കു നൽകിയത്. അർധസെഞ്ചുറി നേടിയ രാഹുൽ (57) പുറത്തായെങ്കിലും പകരം വന്ന നായകൻ വിരാട് കോഹ്ലി രോഹിത്തിന് മികച്ച പിന്തുണ നൽകി. പാക് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച രോഹിതിന്റെ കൂറ്റൻ സെഞ്ചുറിയായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. 113 പന്തുകളിൽ നിന്നും 14 ഫോറുകളും 3 സിക്സുകളുമടക്കം രോഹിത് 140 റണ്ണുകൾ നേടി. വിരാട് 77 റണ്‍സെടുത്തു പുറത്തായി. പാകിസ്ഥാനുവേണ്ടി ഫാസ്റ്റ് ബൗളർ മുഹമ്മദ് ആമിർ മൂന്നു വിക്കറ്റുകൾ നേടി.
നിർണായക മത്സരത്തിൽ കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ കരുതലോടെയാണ് തുടങ്ങിയത്. പരിക്കേറ്റ ബൗളർ ഭുവനേശ്വർ കുമാറിന് പകരം പന്തെറിയാനെത്തിയ വിജയ് ശങ്കറിന്റെ പന്തിൽ ഓപ്പണർ ഇമാം ഉൾ ഹഖ് പുറത്തായെങ്കിലും പകരമിറങ്ങിയ ബാബർ അസമും ഫഖർ സമാനും ചേർന്നുള്ള സെഞ്ചുറി കൂട്ടുകെട്ട് പാകിസ്ഥാനെ മുന്നോട്ടു നയിച്ചു. 48 റൺസ് നേടിയ ബാബർ കുൽദീപിന്റെ പന്തിൽ ബൗൾഡ് ആയതോടെ പാകിസ്ഥാൻ ഇന്നിംഗ്സ് തകർച്ചയെ നേരിട്ടു. 62 റണ്ണുകൾ നേടിയ ഫഖറും പുറത്തായതോടെ പാക് ഇന്നിങ്സിന്റെ ദിശാബോധം നഷ്ടമായി. പാക് സ്കോർ 35 ഓവറിൽ ആറു വിക്കെറ്റ് നഷ്ടത്തിൽ 166 റൺസിൽ നിൽക്കേ മഴ കളി തടസ്സപ്പെടുത്തിയതോടെ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറിൽ 302 ആയി പുനര്‍നിര്‍ണയിക്കപ്പെട്ടു. പുതുക്കി നിശ്ചയിച്ച ഓവറുകൾ അവസാനിക്കുമ്പോൾ പാക് സ്കോർ ആറു വിക്കെറ്റ് നഷ്ടത്തിൽ 212 റൺസ് എന്ന് നിലയിലായിരുന്നു. ഇന്ത്യക്കുവേണ്ടി കുൽദീപ് യാദവ്, വിജയ് ശങ്കർ, ഹാർദിക് പാണ്ട്യ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ലോകകപ്പ് ചരിത്രത്തിൽ പാകിസ്താനെതിരെയുള്ള അപരാജിത റെക്കോർഡ് നിലനിർത്തിയാണ് ടീം ഇന്ത്യ മാഞ്ചസ്റ്ററിൽ നിന്നും മടങ്ങുന്നത്. ഈ വിജയത്തോടെ പോയൻറ് പട്ടികയിൽ മൂന്നാമതെത്താനും ഇന്ത്യക്കു കഴിഞ്ഞു. രോഹിത് ശർമ ആണ് കളിയിലെ കേമൻ.






































