പരിക്കുകളോട് പോരാടി ഇന്ത്യ സമനില പിടിച്ചു വാങ്ങി
407 റൺസ് എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യ 334 റൺസ് നേടി മൂന്നാം ടെസ്റ്റ് സമനിലയിൽ എത്തിച്ചു. നാല് ടെസ്റ്റുകൾ ഉള്ള പരമ്പരയിൽ ഇരു ടീമുകളും ഓരോ ടെസ്റ്റ് വീതം വിജയിച്ചിട്ടുണ്ട്. അതായത് ബ്രിസ്ബൈനിൽ നടക്കുന്ന നാലാം ടെസ്റ്റ് പരമ്പര നിർണയിക്കും.
അഞ്ചാം ദിവസം 98/2 എന്ന നിലയിൽ തുടങ്ങിയ ഇന്ത്യ പൂജാരയുടെയും പന്തിന്റെയും ബാറ്റിംഗ് മികവിൽ ആദ്യ സെഷനിൽ മേധാവിത്വം പുലർത്തി. 148 റൺസിന്റെ ഇരുവരുടെയും കൂട്ടുകെട്ടാണ് മത്സരം ഓസിസിന്റെ കയ്യിൽ നിന്ന് പിടിച്ചു മേടിച്ചത്. 97 റൺസ് എടുത്ത് പന്തിനേയും 77 റൺസ് എടുത്ത പൂജാരയും പെട്ടന്നുള്ള ഇടവേളയിൽ പുറത്താക്കി ഓസിസ് തിരിച്ചു വരവിന് ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് കണ്ടത് പരിക്കേറ്റ ഹനുമ വിഹരിയുടെയും അശ്വിന്റെയും പ്രതിരോധമാണ്. 161 പന്തുകൾ ഹാംസ്ട്രിഗിനെറ്റ് പരിക്ക് അവഗണിച്ചു വിഹാരി നേരിട്ടപ്പോൾ, 128 ബോളുകൾ അശ്വിൻ നേരിട്ടു വിക്കറ്റുകൾ വീഴാതെ ഇന്ത്യക്ക് സമനില സമ്മാനിച്ചു.
പൂജാരയും പന്തും ബാറ്റ് ചെയ്തപ്പോൾ ഇന്ത്യ ഏതാണ്ട് വിജയിക്കും എന്ന ഘട്ടത്തിൽ എത്തിയതാണ്. വിഹരിയുടെ പരിക്കാണ് ഇന്ത്യ സമനിലക്കായ് ബാറ്റ് ചെയ്യാൻ കാരണം. പരിക്ക് മൂലം റൺസിനായി ഓടാൻ പോലും കഴിയാത്ത വിഹരി ആണ് ഇത്രയധികം പന്തുകൾ നേരിട്ടത്. ഏതായാലും ഇന്ത്യൻ ടീമിന്റെ ചെറുത്ത് നിൽപ്പിന്റെ കഥയായി ഈ ടെസ്റ്റ് മാറി. നാലാം ഇന്നിഗ്സിൽ 131 ഓവർ ബാറ്റ് ചെയ്ത ഇന്ത്യ പുതിയ റെക്കോഡും സൃഷ്ടിച്ചു.






































