ടകിഫുസാ കുബോ – പരിചയപ്പെടാം റയൽ മാഡ്രിഡ് സ്വന്തമാക്കിയ ഈ “ജാപ്പനീസ് മെസ്സിയെ”
10 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ബാഴ്‌സലോണ കണ്ടെത്തിയ മുത്താണ് ടകിഫുസാ കുബോ എന്ന 18 വയസ്സുകാരൻ. എന്നാൽ ബാർസലോണയിൽ അവസരം കുറഞ്ഞപ്പോൾ ആ കൗമാരക്കാരൻ സ്വദേശത്തേക്ക് മടങ്ങി. വെറും 15 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ഒന്നാം ഡിവിഷൻ ലീഗായ ജെ ലീഗിൽ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡോടെ അരങ്ങേറ്റം. അന്നേ വര്ഷം തന്നെ ജെ ലീഗിൽ വലചലിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സ്വന്തമാക്കി. 18 ആം വയസ്സിൽ ജാപ്പനീസ് സീനിയർ ടീമിൽ ഇടം കണ്ടെത്താനും ഈ ചെറുപ്പക്കാരന് സാധിച്ചു. ഇപ്പോൾ ഫ്.സി. ടോക്യോയിൽ നിന്നും റയൽ മാഡ്രിഡിലേക്ക്.
മെസ്സി യുഗം അവസാനിക്കുമ്പോൾ പകരം വെക്കാൻ കാറ്റാലൻസ് കണ്ടെത്തിയ താരം അവരുടെ ബദ്ധ വൈരികളായ മാഡ്രിഡിൽ പോയത് ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. ബാഴ്‌സലോണ നേരിടേണ്ടി വന്ന ട്രാൻസ്ഫർ ബാൻ ആണ് ഈ വൈര്യത്തെ മാഡ്രിഡിൽ എത്തിക്കാൻ കാരണം. ഇപ്പോൾ മാഡ്രിഡിന്റെ ബി ടീമായ കാസ്റ്റിലക്ക് വേണ്ടിയാകും ഈ യുവ താരം ബൂട്ട് കെട്ടുക. കഴിവ് തെളിയിച്ചാൽ സാക്ഷാൽ റയലിനായി ബൂട്ട് കെട്ടുന്ന ആദ്യ ജാപ്പനീസ് താരമാകും കുബോ .