ഇംഗ്ലണ്ടിൽ ടീം ഇന്ത്യക്ക് റെഡ് അലെർട്ട് !!!
സതാംപ്ടൻ : 135 കോടിയോളം വരുന്ന ജനങ്ങളുടെ പ്രാർത്ഥനകളുമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം മാത്രം ലക്ഷ്യമിട്ട് ഇംഗ്ലണ്ടിലെത്തിയ ടീം ഇന്ത്യയുടെ ആദ്യ മത്സരം ബുധനാഴ്ച ദക്ഷിണ ആഫ്രിക്കയുമായി തുടങ്ങാനിരിക്കുമ്പോൾ , ടീം ഇന്ത്യ കരുതിയിരിക്കണം ! ലോകകപ്പ് മത്സരങ്ങൾ തുടങ്ങും മുൻപ്വരെ ഏറ്റവും പ്രതീക്ഷ കൽപിച്ചതും ഫേവറിറ്റ് നമ്പർ 1 എന്നു കരുതിയിരുന്നവരുമായ ആതിഥേയരായ ഇംഗ്ലീഷ് പടക്ക് കിട്ടിയ ഷോക്ക് തന്നെയാണ് പ്രധാന കാരണം. ഈ ലോകകപ്പിൽ ഇനി ഫേവറിറ്റ്കൾക്ക് പ്രസക്തിയില്ല എന്നു തെളിയിക്കുന്നതാണ് കഴിഞ്ഞ 6 മത്സര ഫലങ്ങൾ പരോക്ഷമായി പറയുന്നതും.
ബംഗ്ലാ കടുവകൾ ആഫ്രിക്കൻ ആധിപത്യം അതിജീവിച്ചതും ആദ്യ മത്സരത്തിൽ കിവികളോട് തകർന്നടിഞ്ഞ പാകിസ്താൻ അതിശക്തരായി തിരിച്ചു വന്ന് ആതിഥേയരെ തറപറ്റിച്ചതും വലിയ സൂചനകൾ മാത്രം. കംഗാരുപടയും കരീബിയൻസും കിവികളും മികച്ച തുടക്കം ലഭിച്ചു കഴിഞ്ഞു. അഫ്ഗാനിസ്ഥാനും ബംഗ്ലാദേശുo തങ്ങളുടെതായ ദിവസത്തിൽ ആരെ വേണേലും അട്ടിമറിക്കാൻ കെൽപ്പുള്ളവർ. സൗത്ത് ആഫ്രിക്കയാകട്ടെ മുറിവേറ്റ സിംഹവും. നിലനില്പിനായുള്ള പോരാട്ടത്തിൽ തങ്ങളെ കരുതിയിരിക്കണമെന്ന ക്യാപ്റ്റൻ ഡ്യൂപ്ലെസിയുടെ വാക്കുകൾ മറക്കാതിരിക്കുക. കണക്കിലെ കളികളിൽ ടീം ഇന്ത്യ ബഹുദൂരം മുന്നിലാണെങ്കിലും തൽക്കാലം എതിരാളികളെ , സന്നാഹ മത്സരത്തിൽ കിവികളോട് ലഭിച്ച പരാജയം കൊണ്ട് മാത്രം സ്മരിക്കാം. കോഹിലിയുടെ ബാറ്റിനെയും ബുംറയുടെ പന്തിനേയും പിന്നെ ധോണി എന്ന താരത്തെയും ഭയക്കാത്തവരായി ക്രിക്കറ്റ് ലോകത്ത് ആരും തന്നെയില്ല എന്നത് വിസ്മരിക്കാനാകാത്ത സത്യം തന്നെയല്ലേ!!!






































