2019 ലോകകപ്പ്, ബംഗ്ലാദേശിന് അട്ടിമറി ജയം
2019 ലോകകപ്പിൽ ഇന്നു നടന്ന മത്സരത്തിൽ ബംഗ്ലാദേശിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇരുപത്തൊന്നു റൺസിന്റെ അട്ടിമറി ജയം. ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 330 റണ്ണുകൾ നേടി. അർദ്ധസെഞ്ചുറി നേടിയ ഓൾ റൗണ്ടർ ഷാകിബ് അൽ ഹസന്റെയും വിക്കെറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിക്ർ റഹിമിന്റെയും മികച്ച ബാറ്റിങ്ങാണ് ബംഗ്ലാദേശിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. റഹിം എഴുപത്തിയെട്ടു റണ്ണുകൾ നേടി ടോപ് സ്കോററായപ്പോൾ ഷാകിബ് 75 റണ്ണുകൾ നേടി മികച്ച പിന്തുണ നൽകി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഇമ്രാൻ താഹിർ, ഫെലുകുവായോ, ക്രിസ് മോറിസ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഏകദിന ക്രിക്കറ്റിലെ ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച ടോട്ടലാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും മധ്യനിരയിൽ മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിക്കാൻ സാധിച്ചില്ല. 50 ഓവറുകളിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 309 റണ്ണുകൾ നേടുവാനേ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചുള്ളൂ. 53 പന്തുകളിൽ നിന്നും 62 റൺസെടുത്ത നായകൻ ഫാഫ് ഡുപ്ലെസിസ് ആണ് അവരുടെ ടോപ് സ്‌കോറർ. മാർകരം ഡുമിനി എന്നിവർ 45 റൺസും, വാൻ ഡർ ഡസൻ 41 റൺസും നേടി പുറത്തായി. ബംഗ്ലാദേശിനു വേണ്ടി മുസ്‍താഫിസുർ റഹ്മാൻ മൂന്നു വിക്കറ്റും സൈഫുദീൻ രണ്ടു വിക്കറ്റും നേടി. ഈ ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം തോൽവിയാണിത്. ഷാകിബ് അൽ ഹസൻ ആണ് കളിയിലെ കേമൻ.






































