ഇംഗ്ലീഷ് വിജയഗാഥക്ക് തുടക്കമായി
പ്രതീക്ഷകൾ തെറ്റിയില്ല, സ്വന്തം തട്ടകത്തിൽ ഇംഗ്ലണ്ട് വിജയത്തോടെ തങ്ങളുടെ ലോകകപ്പ് യാത്രയ്ക്കു തുടക്കമിട്ടു. ലോകകപ്പിലെ തങ്ങളുടെ ദുർവിധിക്കു മാറ്റമൊന്നുമില്ലാതെ ദക്ഷിണാഫ്രിക്കയും. ലണ്ടനിലെ കെന്നിങ്ടൻ ഓവലിൽ നടന്ന ഉദ്‌ഘാടനമത്സരത്തിൽ നൂറ്റിനാലു റൺസുകൾക്കാണ് കിരീടസാധ്യത കല്പിക്കപ്പെടുന്ന ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനു ആദ്യ ഓവറിൽ തന്നെ റണ്ണൊന്നുമെടുക്കാതെ ഓപ്പണർ ജോണി ബെയർസ്റ്റോയെ നഷ്ടമായെങ്കിലും അർധസെഞ്ചുറി നേടിയ സഹ ഓപ്പണർ ജേസൺ റോയ്, മധ്യനിര ബാറ്സ്മാന്മാരായ ജോ റൂട്ട്, ക്യാപ്റ്റൻ ഓയിൻ മോർഗൻ, ബെൻ സ്റ്റോക്സ് എന്നിവരുടെ മികച്ച പ്രകടനത്തിന്റെ പിന്തുണയോടെ എട്ടു വിക്കെറ്റ് നഷ്ടത്തിൽ 318 റണ്ണുകൾ നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മൂന്നു വിക്കറ്റുകൾ നേടിയ ലുങ്കി എൻഗിടി ബൗളിങ്ങിൽ മികവു കാട്ടിയപ്പോൾ കാഗിസോ റബാഡ, ഇമ്രാൻ താഹിർ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്കു കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. അർദ്ധ സെഞ്ചുറി നേടി വിക്കെറ്റ് കീപ്പർ ക്വിന്റൺ ഡി കൊക്കും മധ്യനിര ബാറ്റ്സ്മാൻ വാൻ ടെർ ഡസ്സനും ചെറുത്തു നിൽപ്പു നടത്തിയെങ്കിലും മറ്റു ബാറ്സ്മാന്മാരിൽ നിന്നും കാര്യമായ പിന്തുണ ലഭിക്കാഞ്ഞതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സ് 207 റണ്ണുകളിൽ അവസാനിച്ചു. മൂന്നു മുൻനിര ബാറ്സ്മാന്മാരുടെ വിക്കറ്റുകൾ വീഴ്ത്തിയ ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചറാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. ബാറ്റിങ്ങിൽ 89 റണ്ണുകൾ നേടി മത്സരത്തിലെ ടോപ് സ്കോററും ബൗളിങ്ങിൽ രണ്ടു വിക്കറ്റുകളും വീഴ്ത്തിയ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് ആണ് കളിയിലെ കേമൻ