പരിക്കുകൾ അലട്ടുന്ന ലെസ്റ്റർ അവസാന നിമിഷം കലമുടക്കുമോ ?
സ്വപ്ന തുല്യമായ സീസൺ പടിക്കൽ കൊണ്ടുപോയി കലാം ഉണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ ലെസ്റ്റർ എത്തിച്ചിരിക്കുകയാണ്. നവംബറിൽ സിറ്റിയെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തിയ ടീം ഇന്ന് നാലാം സ്ഥാനത്തിനായി പൊരുതുന്നു. അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യൂണൈറ്റഡിനെക്കാൾ വെറും ഒരു പോയിന്റ് കൂടുതൽ.
കൊറോണക്ക് ശേഷം 8 മത്സരങ്ങൾ കളിച്ച ലെസ്റ്റർ മൂന്നെണ്ണത്തിൽ മാത്രമേ വിജയിച്ചുള്ളു. മൂന്ന് സമനിലയും രണ്ടു തോൽവികളും ടീമിന്റെ താളം തെറ്റിച്ചു. അവസാന രണ്ടു മത്സരങ്ങളിൽ വിജയിക്കാൻ സാധിച്ചു എന്നുള്ളതാണ് ഏക ശുഭസൂചന.
കൂനിന്മേൽ കുരു എന്ന നിലയിൽ ഇപ്പോൾ പരിക്കുകൾ ലെസ്റ്ററിനെ വേട്ടയാടുകയാണ്. സ്റ്റാർ താരങ്ങളായ റിക്കാർഡോ പെരേര, ബെൻ ചിൽവെൽ, ജെയിംസ് മാഡിസൺ എന്നിവർ അവസാന രണ്ടു മത്സരങ്ങളിൽ പരിക്കുകൾ കാരണം പുറത്തിരിക്കും.
മിച്ചമുള്ള രണ്ടു മത്സരങ്ങളും അഗ്നിപരീക്ഷകൾ ആണ്. ടോട്ടൻഹാമിനോട് എവേയ് മാച്ചും മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഹോമിലുമാണ് അവർക്ക് നേരിടാൻ ഉള്ളത്. ലെസ്റ്ററിനു ഭീഷണി യുണൈറ്റഡിന്റെ മിന്നും ഫോം ആണ്. മാത്രമല്ല യുണൈറ്റഡിന്റെ മറ്റൊരു എതിരാളി ദുർബലരായ വെസ്റ്റ് ഹാം ആണ്. ആയതിനാൽ അവസാന മത്സരം യൂണൈറ്റഡിനോട് ലെസ്റ്ററിനു ജയിച്ചേ മതിയാകു.
ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനുള്ള ടീമായി തന്നെ റോജേഴ്‌സ് ലെസ്റ്ററിനെ വാർത്തെടുത്തതാണ്. ഇനി കാണാൻ ഉള്ളത് അവർ പടിക്കൽ കൊണ്ട് പോയി കലാം ഉണ്ടാക്കുമോ എന്നുള്ളതാണ്.