യൂറോപ്പ കപ്പ് ഫൈനലിൽ ഒരു ലണ്ടൻ ഡർബി
ഇംഗ്ലീഷ് പ്രീമിയർ ലീഗിനു പുറത്ത് ഒരു ലണ്ടൻ ഡെർബിക്കു വേദിയൊരുങ്ങുന്നു!!. യുവേഫ യൂറോപ്പ ലീഗ് ഫൈനലിൽ അസർബൈജാനിലെ ബാകുവിൽ ചിരവൈരികളായ ആഴ്സണലും ചെൽസിയുമായി മെയ് 30 നു ഏറ്റുമുട്ടുമ്പോൾ തീപാറുന്ന ഒരു മത്സരത്തിൽ കുറഞ്ഞതൊന്നുംതന്നെ ഇരുപക്ഷത്തെ ആരാധകരും പ്രതീക്ഷിക്കുന്നില്ല.
ഇറ്റാലിയൻ പരിശീലകൻ മൗറിസിയോ സരി പരിശീലിപ്പിക്കുന്ന ചെൽസിയും സ്പാനിഷ് കോച്ച് ഉനൈ എംറിയുടെ കീഴിലിറങ്ങുന്ന ആഴ്സണലും നിരാശാശാജനകമായൊരു സീസണ് വിജയത്തോടെ പരിസമാപ്തി നൽകാനുള്ള പരിശ്രമത്തിലാണ്. കിരീടപ്രതീക്ഷയുമായെത്തി പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ചെൽസി അടുത്ത വർഷം ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടിയെങ്കിലും ഒരു കിരീടത്തോടെ സീസണിന് വിട പറയാൻ ആഗ്രഹിക്കുന്നു. ഈ വർഷം ടീം വിട്ടുപോകാൻ സാധ്യതയുള്ള അവരുടെ ബെൽജിയൻ സൂപ്പർ താരം ഈഡൻ ഹസാർഡിനുള്ള യാത്രയയപ്പു സമ്മാനം നൽകാൻ ചെൽസി ഇറങ്ങുമ്പോൾ ആഴ്സണലിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. പരിക്കേറ്റ പ്രമുഖ താരങ്ങളായ ആന്റണി റൂഡിഗർ, കല്ലം ഹഡ്സൺ ഒഡോയ്, ലോഫ്റ്റ്സ് ചെക്ക് എന്നിവർ കളിക്കില്ലെന്നത് ചെൽസിയുടെ ഗെയിമിനെ എങ്ങനെ ബാധിക്കുമെന്നതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതോടെ അടുത്ത വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടാൻ ആഴ്സണലിന് ഈ വിജയം അനിവാര്യമാണ്. ഈ വർഷത്തെ പ്രീമിയർ ലീഗ് സുവർണപാദുകം കരസ്ഥമാക്കിയ പിയറി ഔബമയാങ്ങിന്റെ കാലുകളിലാണ് പീരങ്കിപ്പടയുടെ പ്രതീക്ഷ. സുപ്രധാന താരങ്ങളായ ആരോൺ റാംസെ, ഹെക്ടർ ബെല്ലെറിൻ തുടങ്ങിയവരുടെ പരിക്ക് ആഴ്സണലിനും തലവേദന സൃഷ്ടിക്കും. ഇപ്പോൾ ആഴ്‌സണൽ ഗോൾവല കാക്കുന്ന മുൻ ചെൽസി സൂപ്പർ താരം പീറ്റർ ചെക്കിന്റെ വിടവാങ്ങൽ മത്സരമെന്ന നിലയിൽ ഇരു ടീമുകൾക്കും ഒരുപോലെ വികാരനിർഭരമായ മുഹൂർത്തങ്ങൾക്കും ബാകുവിലെ പുൽത്തകിടി സാക്ഷ്യം വഹിക്കും. ഇന്ത്യൻ സമയം പുലർച്ചെ 12.30നാണു മത്സരം.