10 വർഷത്തെ സേവനത്തിന് ശേഷം സിൽവ പടിയിറങ്ങുമ്പോൾ !!
ഈ ദശകം കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡറിൽ ഒരാളായിരുന്നു ഡേവിഡ് സിൽവ. മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പിൽ താങ്ങും തണലുമായി നിന്ന വിശ്വസ്തൻ. അവരുടെ ആദ്യ ലെജൻഡ് എന്ന വിശേഷണത്തിന് വരെ അർഹൻ. അയാൾ ഈ സീസണോട് കൂടി സിറ്റിയോട് വിട പറയുന്നു, നീണ്ട 10 വർഷത്തെ സേവനത്തിനു ശേഷം.
2010 ൽ റോബർട്ടോ മാഞ്ചിനി ആണ് സിൽവയെ 25 മില്യൺ യൂറോ നൽകി വാലെൻസിയയിൽ നിന്ന് എത്തിഹാദിൽ എത്തിച്ചത്. അഴ്സൺ വെങ്ങേറും താരത്തെ നോട്ടം ഇട്ടിരുന്നു, ഫാബ്രെഗസിനെ പകരം വെക്കാൻ. എന്നാൽ 25 മില്യൺ താരത്തിന് അധികമാണെന്ന് ഫ്രഞ്ച് പരിശീലകൻ വിധി എഴുതി, ബാക്കി ചരിത്രം. വെങ്ങേറുടെ എക്കാലത്തെയും വലിയ മണ്ടത്തരവും ഇതായിരിക്കാം.
ആദ്യ സീസൺ ഇംഗ്ലണ്ടിലെ ഫിസിക്കൽ ഗേമുമായി പൊരുത്തപ്പെടാൻ സിൽവ നന്നായി കഷ്ടപ്പെട്ടു. എന്നാൽ 2011 -12 സീസൺ താരം തന്റേതാക്കി മാറ്റി. ഓൾഡ് ട്രാഫൊർഡിൽ യുണൈറ്റഡിനെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് സിറ്റി തോല്പിച്ചപ്പോൾ ലോകം കണ്ടത് ഈ ചെറിയ മനുഷ്യന്റെ അഴിഞ്ഞാട്ടമായിരുന്നു. യായ ട്യൂറെ, അഗ്വേറൊ എന്നിവരുമായി സഖ്യമുണ്ടാക്കി ലീഗ് കിരീടം എത്തിഹാദിൽ എത്തിച്ചു.
ഗാർഡിയോള താരത്തെ കുറച്ചു കൂടി മികവുള്ളവനാക്കി. നമ്പർ 10, ഫാൾസ് 9, അറ്റാക്കിങ് മിഡ്ഫീൽഡർ, വിങ്ങർ അങ്ങനെ എല്ലാ പൊസിഷനിലും താരം തകർത്താടി. ഡി ബ്രൂയ്ന – സിൽവ സഖ്യം, ഈ ദശകം കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡ് കോമ്പിനേഷൻ ആയി മാറി. തുടരെ തുടരെ രണ്ടു ലീഗ് കിരീടം എത്തിഹാദിൽ (2017 -18 , 2018 -19 ).
ഇത് താരത്തിന്റെ അവസാന സീസൺ ആയിരിക്കെ ക്ലബ് ക്യാപ്റ്റൻ പദവി നൽകി ആദരിച്ചു. ഇനി ഏറിയാൽ 10 മത്സരങ്ങൾ കൂടി സിൽവ സിറ്റിക്കായി കളിച്ചേക്കാം. ഉള്ള സമയത്ത് നമുക്ക് ആ കലാവിരുന്ന് ആസ്വദിക്കാം.