രക്ഷകനായി സെബാലോസ്, ആർസെനൽ FA കപ്പ് സെമിയിലേക്ക്
ഇഞ്ചുറി ടൈമിൽ വിജയ ഗോൾ നേടി പകരക്കാരനായിറങ്ങിയ സ്പാനിഷ് താരം ഡാനി സെബാലോസ് രാക്ഷകനായപ്പോൾ, ഷെഫീൽഡ് യുണൈറ്റഡിനെ വീഴ്ത്തി ആർസെനൽ FA കപ്പ് സെമിയിൽ പ്രവേശിച്ചു. VAR തീരുമാനങ്ങളും, അവസാനനിമിഷങ്ങളിലെ രണ്ടു ഗോളുകളും കൊണ്ട് അത്യന്തം ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗണ്ണേഴ്സിന്റെ വിജയം.
ഷെഫീൽഡിന്റെ ഹോം ഗ്രൗണ്ടായ മത്സരത്തിൽ ആദ്യ പത്തുമിനിറ്റുകളിൽ ആതിഥേയർ ആര്സെനലിനെ ശെരിക്കും വിറപ്പിച്ചു. 8ആം മിനുട്ടിൽ ലുണ്ട്ടസ്ട്രാം ആര്സെണലിന്റെ വലകുലുക്കിയെങ്കിലും VAR ഓഫ്‌സൈഡ് വിധിച്ചത് ആർസെനലിനു ആശ്വാസമായി. പതിയെ ആർസെനൽ മത്സരത്തിലേക്ക് ചുവടുറപ്പിച്ചെങ്കിലും ഷെഫീൽഡ് ആയിരുന്നു കൂടുതൽ അപകടകാരികൾ. എന്നാൽ 24ആം മിനുട്ടിൽ ആർസെനലിനു അനുകൂലമായി പെനാൽറ്റി ലഭിച്ചു. ബോക്സിനുള്ളിൽ ലകാസെറ്റിനെ വീഴ്ത്തിയതിന് ലഭിച്ച സ്പോട് കിക് ഗോളാക്കി നിക്കോളാസ് പെപെ ആര്സെനലിനെ മുന്നിലെത്തിച്ചു. ആദ്യ പകുതി 1-0എന്ന സ്‌കോറിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ ഷെഫീൽഡ് കൈമെയ് മറന്നു പോരാടിയപ്പോൾ ആർസെനാൽ പ്രതിരോധത്തിലായി. ഷെഫീൽഡിനായി മക്‌ഗോൾഡറിക് ഒരു സെറ്റ്പീസിൽ നിന്നും ലഭിച്ച ബോൾ വലയിലാക്കിയെങ്കിലും VAR വീണ്ടും ആര്സെണലിന്റെ രക്ഷക്കെത്തി ഓഫ്‌സൈഡ് വിധിച്ചു. എങ്കിലും നിരന്തരം ആർസെനാൽ ബോക്സിലേക്ക് ആക്രമിച്ച ഷെഫീൽഡിന്റെ ആക്രമണം 87ആം മിനുട്ടിൽ ഫലം കണ്ടു. ബോൾ ക്ലിയർ ചെയ്യുന്നതിൽ ആർസെനാൽ താരങ്ങൾ പിഴവ് വരുത്തിയപ്പോൾ അനായാസം ഗോളാക്കി മക്‌ഗോൾഡ്റിക് ഷെഫീൽഡിനെ ഒപ്പമെത്തിച്ചു. കളിയവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കേ ഇരുടീമുകളും വിജയത്തിനായി പോരാടിയതോടെ ആവേശകരമായ മത്സരത്തിൽ എക്സ്ട്രാടൈമിന്റെ ആദ്യമിനുട്ടിൽ ഒരു കൌണ്ടർഅറ്റാക്കിനൊടുവിൽ ഡാനി സെബാലോസിലൂടെ ആർസെനാൽ വിജയ ഗോൾനേടി. സീസണിൽ ഷെഫീൽഡിനെതിരെ ആര്സെണലിന്റെ ആദ്യ ജയമാണ്. മുൻപ് രണ്ട് വട്ടം പ്രീമിയർ ലീഗിൽ ഏറ്റുമുട്ടിയപ്പോഴും തോൽവിയും സമനിലയുമായിരുന്നു ഫലം. വിജയം പ്രീമിയർ ലീഗിൽ ടോപ് 5ഇലേക്ക് എത്താൻ പോരാടുന്ന ആർസെനലിനും ആർട്ടേറ്റക്കും ആത്മവിശ്വാസം നല്കുമെന്നുറപ്പാണ്.