EPL മാച്ച് പ്രിവ്യൂ : ആഴ്സണൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ
കോവിഡ് -19നെ തുടർന്ന് മാർച്ചിൽ നിർത്തിവച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഇന്ന് പുനരാരംഭിക്കുന്നു. ആദ്യമത്സരത്തിൽ ആസ്റ്റൺ വില്ല ഷെഫിൽഡിനെ നേരിടുമ്പോൾ, രണ്ടാമത്തെ മത്സരം കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയും ആര്സെനാലും തമ്മിലാണ്. 3മാസത്തോളം ഫുട്ബാൾ ആവേശം നഷ്ടമായ ആരാധകർ, സിറ്റിയുടെ തട്ടകത്തിൽ ഗണ്ണേഴ്സ് എത്തുമ്പോ ഒരു തകർപ്പൻ മത്സരം തന്നെ പ്രതീക്ഷിക്കുന്നു.
കടലാസ്സിൽ സിറ്റി തന്നെയാണ് ശക്തർ. സമീപകാലത്തു ആഴ്സണലുമായി ഏറ്റുമുട്ടിയപ്പോഴൊക്കെ വിജയം സിറ്റിക്കൊപ്പമായിരുന്നു. സീസണിൽ കിരീടപ്പോരാട്ടത്തിൽ ലിവര്പൂളിനേക്കാൾ ബഹുദൂരം പിന്നിലായെങ്കിലും, തുടർവിജയങ്ങളിലൂടെ ലിവർപൂളിന്റെ കിരീടധാരണം വൈകിപ്പിക്കാൻ സിറ്റിക്ക് സാധിച്ചേക്കും. അത്പോലെ ചാമ്പ്യൻസ് ലീഗിലെ റയലിനെതിരെ രണ്ടാം പാദ മത്സരത്തിന് മുന്നോടിയായി പരമാവധി മാച്ച് പ്രാക്ടീസ് താരങ്ങൾക്ക് നൽകാൻ ഗാർഡിയോള ശ്രമിക്കുമെന്നതിനാലും പഴുതുകളടച്ചുള്ള ശക്തമായ സ്റ്റാർട്ടിങ് ഇലവൻ തന്നെ ആയിരിക്കും അണിനിരത്തുക. അഗ്യൂറോ, സ്റ്റെർലിങ്, ഡി ബ്രൂയിൻ, മെഹ്റസ് എന്നിവരെ മെരുക്കാൻ പീരങ്കിപ്പട നന്നേ വിയർക്കും. എങ്കിലും സിറ്റിയുടെ പ്രതിരോധം ഒരു ദൗർബല്യമാണ് ഈ സീസണുടനീളം.
മറുവശത്തു, യൂറോപ്പ ലീഗിലെ അപ്രതീക്ഷിത പുറത്താകലോടെ അടുത്ത ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ആർസെനലിനു മുന്നിലുള്ള ഏക വഴി പ്രീമിയർ ലീഗിൽ ടോപ് 4ഇൽ എത്തുക എന്നതാണ്. നിലവിൽ 9ആം സ്ഥാനത്താണ് ആർസെനൽ. അതിനാൽ തന്നെ ഇനിയുള്ള 10മത്സരത്തിൽ ഓരോന്നും നിർണായകമാണ്. അർട്ടേറ്റയുടെ കീഴിൽ തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന ഗണ്ണേഴ്സിന് സിറ്റിക്കെതിരെ കൈമെയ് മറന്ന് പോരാടിയേ പറ്റൂ. ആർസെനലിനെ സംബന്ധിച്ച് ശുഭകരമായ ചില ഘടകങ്ങളുണ്ട്. അടച്ചിട്ട സ്റ്റേഡിയത്തിൽ കളിനടക്കുന്നതിനാൽ സിറ്റിക്ക് ഹോം അഡ്വാൻറ്റേജ് അധികം അവകാശപ്പെടാനാകില്ല, അത്പോലെ വിൻസെന്റ് കമ്പനിയുടെ മടക്കത്തോടെ വിള്ളൽ വീണ സിറ്റിയുടെ ഡിഫെൻസ് സീസണിൽ പലകുറി പരീക്ഷിക്കപ്പെട്ടിട്ടുണ്ട്, വോൾവ്സിനോടും യൂണൈറ്റഡിനോടും സീസണിൽ രണ്ടു തവണയും ദുർബലരായ നോർവിച്ചിനോട് പോലും തോൽവി പിണഞ്ഞ സിറ്റി അജയ്യരല്ല എന്നത് ആർസെനൽ മുന്നേറ്റ നിരക്കു ആഞ്ഞടിക്കാനുള്ള അവസരം നൽകുന്നു. 5 സബ്സ്റ്റിറ്റ്യൂകളെ താത്കാലികമായി ഉപയോഗിക്കാമെന്ന പുതിയ നിയമം, ഇരു ടീമുകൾക്കും ഒരുപോലെ ബാധകമാണെങ്കിലും അർട്ടേറ്റയുടെ സിസ്റ്റത്തിൽ ഗണ്ണേഴ്സ് താരങ്ങൾ രണ്ടാം പകുതിയിൽ വളരെയേറെ ക്ഷീണിക്കുന്നതും വേഗത കുറയുന്നതും പതിവ് കാഴ്ചയായിരുന്നു. എന്നാൽ ഈ പുതിയ നിയമം ആർട്ടെറ്റക്കു തന്റെ സിസ്റ്റം പൂർണമായി ഉപയോഗിക്കാം ഉതകും വണ്ണമാണ്. കൂടാതെ പരിക്കിന് ശേഷം ഫുൾബാക്കുകളായ ബെല്ലെറിൻ, ടിർണി എന്നിവർ പൂർണ ഫിറ്റ്നസ്സിൽ എത്തി എന്നതും അനുകൂല ഘടകമാണ്.
സമ്മർദം സിറ്റിയേക്കാൾ ആർസെനലിനു തന്നെയാണ്. മാനസിക ആധിപത്യവും സിറ്റിക്ക് തന്നെയാണ്. എന്നാൽ ഗാർഡിയോളയുടെ തന്ത്രങ്ങൾ ഒക്കെ അറിയുന്ന, വിശ്വസ്തനായ അസിസ്റ്റന്റ് ആര്സെനലിന്റെ മാനേജരായി എതിരാളിയായി തന്നെ നേർക്കുനേർ വരുമ്പോൾ ഒരു അട്ടിമറി സാധ്യത വിദൂരതയല്ല.






































