ഓ ലിവർപൂൾ – ഇത് നിങ്ങളുടെ തന്നെ സംസകാരത്തിന് നിരക്കാത്തത് !!
തങ്ങളുടെ കളിക്കാർ അല്ലാത്ത ജീവനക്കാരെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന്റെ നടപടി വളരെ അധികം വിമർശനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ടു കൊല്ലം മാത്രം 175 കോടി മില്യൺ പൗണ്ട് വരുമാനം നേടിയ ഒരു ക്ലബ് പ്രതിസന്ധി കാലഘട്ടത്തിൽ കാണിക്കുന്ന അല്പത്തരമായി അവരുടെ ആരാധകർ തന്നെ ഇതിനെ വിലയിരുത്തി തുടങ്ങിയിരിക്കുന്നു.
ബ്രിട്ടീഷ് ഗവണ്മെന്റ് നൽകുന്ന ആനുകൂല്യം കൈപ്പറ്റാനാണ് ലിവർപൂൾ ഈ പ്രവർത്തി ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്ന കമ്പനികളുടെ ജീവനക്കാരുടെ 80 ശതമാനം ഗവണ്മെന്റ് നൽകും, ശിഷ്ട്ടം 20 % മാത്രം മാനേജ്മെന്റുകൾ നൽകിയാൽ മതിയാകും. ന്യൂകാസിൽ, ബോൺമൗത്, നോർവിച്, ടോട്ടൻഹാം പോലുള്ള വരുമാനം കുറഞ്ഞ ക്ലബ്ബുകൾ ആദ്യമേ തന്നെ ഈ ആനുകൂല്യത്തിന് ഈ നടപടി സ്വീകരിച്ചിരുന്നു. പക്ഷെ ലിവർപൂൾ ലോകത്തിലെ തന്നെ ഏറ്റവും വരുമാനം ലഭിക്കുന്ന ക്ലബ്ബുകളിൽ ഒന്നാണ്. അവരുടെ ഈ നടപടി മുൻ കളിക്കാരും ആരാധകരും അതിശയത്തോടെയാണ് നോക്കി കാണുന്നത്.
കോറോണയെ നേരിടാൻ മുൻനിര ക്ലബ്ബുകളും, കോടിക്കണക്കിനു വരുമാനം ലഭിക്കുന്ന ക്ലബ്ബുകളും കളിക്കാരും സംഭാവനകൾ നൽകി സഹായിക്കുന്ന സമയത്താണ് ലിവർപൂളിന്റെ ഈ നടപടി എന്നത് ശ്രദ്ധേയമാണ്. ജെമി കാരഘർ എന്ന മുൻ ഡിഫൻഡർ ഇതിനെ ശക്തമായി വിമർശിച്ചു രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഫാൻസ് യൂണിറ്റുകളും തങ്ങളുടെ ക്ലബ്ബിനോട് വിശദീകരണം ചോദിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നു.
ഫുട്ബോളിനെ കേവലം ഒരു കായിക വിനോദമായിട്ടല്ല ഇന്ന് പലരും നോക്കി കാണുന്നത്. ഒരു സംസ്‍കാരം ഈ കളിയുമായി ബന്ധപെട്ടു വളർന്നു വന്നിട്ട് കാലമേറെയായി. ഈ സംസകാരത്തിൽ ലിവർപൂൾ നൽകിയിരിക്കുന്ന സംഭാവനയും ചെറുതല്ല. പക്ഷെ ഈ നടപടി മാപ്പർഹിക്കാത്ത അല്പത്തരമായി പോയി എന്ന് തന്നെ വിലയിരുത്തേണ്ടി വരും. ലിവർപൂളിന്റെ പാത മാറ്റ് മുൻനിര ക്ലബ്ബുകൾ പിന്തുടരുന്നില്ല എന്നുള്ളത് മാത്രമാണ് ആശ്വസത്തിന് വക വെക്കുന്നത്. വെസ്റ്റ് ബ്രോമിൻറെ ചീഫ് ആകട്ടെ, ജീവനക്കാരെ സാമ്പത്തികമായി തളർത്താതിരിക്കാൻ തന്റെ മുഴുവൻ ശമ്പളവും വെട്ടി കുറച്ചു മാത്രകയും കാട്ടി. വരും കാലങ്ങളിൽ ഇത് ലിവർപൂളിന്റെ പ്രതിച്ഛായയ്ക്ക് കനത്ത മങ്ങൽ ആയി മാറും എന്നതിൽ തർക്കമില്ല. അവരുടെ ഫാൻ ബേസിനേയും ഇത് സാരമായി ബാധിച്ചേക്കാം.






































