Cricket cricket worldcup Cricket-International IPL Top News

ട്വന്റി 20 ലോകകപ്പ് ധോണി കളിക്കില്ല: ബ്രാഡ് ഹോഗ്, ടീമിന് അദ്ദേഹത്തെ വേണ്ട: ഗവാസ്‌കര്‍

March 23, 2020

author:

ട്വന്റി 20 ലോകകപ്പ് ധോണി കളിക്കില്ല: ബ്രാഡ് ഹോഗ്, ടീമിന് അദ്ദേഹത്തെ വേണ്ട: ഗവാസ്‌കര്‍

ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യക്കു വേണ്ടി കളിക്കില്ലെന്നു ഓസ്ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഗ് ഹോഗ്. തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലലാണ് ബ്രാഗ് ഹോഗ് ഇക്കാര്യം പറഞ്ഞത്.

അന്താരാഷ്ട്ര മല്‍സരങ്ങള്‍ ഇപ്പോള്‍ കുറച്ചുകാലമായി ധോണി കളിക്കുന്നില്ല. ഐ.പി.എല്‍ ഇനി നടക്കുകയാണെങ്കില്‍ തന്നെ അദ്ദേഹം കൂടുതല്‍ മത്സരങ്ങളും കളിക്കുക ചെന്നൈയിലായിരിക്കും. ഇവിടുത്തെ പിച്ച് സ്പിന്‍ ബൗളിങിനു അനുകൂലമാണ്. എന്നാല്‍ ഓസ്ട്രേലിയയില്‍ പേസ് ബൗളിംഗ് പിച്ചാണ് ധോണിയെ കാത്തിരിക്കുന്നതെന്നും ഹോഗ് ട്വീറ്റ് ചെയ്തു.

നേരത്തേ സുനില്‍ ഗവാസ്‌കറും സമാനമായ അഭിപ്രായമാണ് ധോണിയുടെ ലോകകപ്പ് സാധ്യതയെക്കുറിച്ച് പറഞ്ഞത്. ലോകകപ്പില്‍ ഇന്ത്യക്കൊപ്പം ധോണിയെ കാണണമെന്നു താന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അതു നടക്കാന്‍ സാധ്യതയില്ല. ധോണി ടീം വിട്ട ശേഷം ഇന്ത്യ ഇപ്പോള്‍ ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. ടീമിന് അദ്ദേഹത്തെ ഇപ്പോള്‍ വേണമെന്നില്ല. വലിയ പ്രഖാപ്യനങ്ങള്‍ നടത്തുന്നത് ഇഷ്ടമല്ലാത്ത ധോണി നിശബ്ദനായി തന്നെ കളി നിര്‍ത്തുന്നതായി പ്രഖ്യാപിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഗവാസ്‌കര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ട്വന്റി 20 ലോകകപ്പില്‍ ധോണി ഇന്ത്യക്കൊപ്പം വേണമെന്നാണ് അടുത്തിടെ വിരമിച്ച മുന്‍ ഓപ്പണര്‍ വസീം ജാഫറും മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്രയും പറഞ്ഞത്. ധോണി ടീമിന് മുതല്‍ക്കൂട്ടാണ്. വിക്കറ്റ് കീപ്പറായി ധോണി തന്നെ കളിക്കണം. എങ്കില്‍ അത് കെഎല്‍ രാഹുലിനെ സമ്മര്‍ദ്ദത്തില്ലാതെ കളിക്കാന്‍ സഹായിക്കുമെന്നും ജാഫര്‍ അഭിപ്രായപ്പെട്ടിരുന്നു.

അദ്ദേഹത്തിന്റെ അനുഭവസമ്പത്തിനു പകരം വയ്ക്കാവുന്ന മറ്റൊന്ന് ഇല്ലെന്നായിരുന്നു ചോപ്ര പറഞ്ഞത്. ധോണിക്കു മടങ്ങിവരാന്‍ ഐപിഎല്‍ വേണമെന്നില്ല. ദേശീയ ടീമിനായി കളിക്കാന്‍ ആഗ്രഹമുണ്ടെന്നു അദ്ദേഹം തുറന്നു പറഞ്ഞാല്‍ അതു സെലക്ടര്‍മാര്‍ സ്വാഗതം ചെയ്യുമെന്നാണ് താന്‍ കരുതുന്നതെന്നും ചോപ്ര പറഞ്ഞിരുന്നു.

Leave a comment