Cricket cricket worldcup Cricket-International Top News

പെണ്‍പൂരത്തിന് ഞായറാഴ്ച കൊടിയിറക്കം, അങ്കം കുറിക്കുന്നത് ഇന്ത്യയും ഓസീസും

March 6, 2020

author:

പെണ്‍പൂരത്തിന് ഞായറാഴ്ച കൊടിയിറക്കം, അങ്കം കുറിക്കുന്നത് ഇന്ത്യയും ഓസീസും

മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയും ഇന്ത്യയും ഞായറാഴ്ച ഏറ്റുമുട്ടും. ഞായറാഴ്ച മെല്‍ബണിലാണ് പെണ്‍പൂരത്തിനു കലാശക്കൊട്ട്. ഉദ്ഘാടന മല്‍സരത്തില്‍ ഓസീസിനെ ഇന്ത്യ ഞെട്ടിച്ചിരുന്നു.

ഇന്ത്യയുടെ കന്നി ഫൈനല്‍ കൂടിയാണ് ഇത്തവണത്തേത് എന്ന പ്രത്യേകത കൂടിയുണ്ട്. ഫൈനലിനു മുന്നോടിയായി ഇന്ത്യന്‍ ഓപ്പണര്‍മാരായ ഷഫാലി വര്‍മയെയും സ്മൃതി മന്ദാനയെയും പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് ഓസീസ് പേസര്‍ മേഗന്‍ സ്‌കുട്ട്. ടൂര്‍ണമെന്റില്‍ ഇന്ത്യക്കു സ്ഫോടനാത്മക തുടക്കം നല്‍കുന്നതിനു ചുക്കാന്‍ പിടിച്ചത് 16 കാരിയായ ഷഫാലിയായിരുന്നു. കളിച്ച നാലു മല്‍സരങ്ങളിലും ഷഫാലി റണ്‍സ് വാരിക്കൂട്ടി ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചിരുന്നു.

ഇന്ത്യയുടെ മറ്റൊരു സൂപ്പര്‍ താരമായ മന്ദാനയ്ക്കു ടൂര്‍ണമെന്റില്‍ തന്റെ തനിനിറം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഏതു ബൗളറും ഭയക്കേണ്ട താരം തന്നെയാണ്. ഇന്ത്യക്കെതിരേ കളിക്കുന്നത് ഇഷ്ടമില്ലെന്നും പവര്‍പ്ലേയില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്കെതിരേ ബൗള്‍ ചെയ്യാന്‍ തനിക്കു താല്‍പ്പര്യമില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് സ്‌കുട്ട്.

ഉദ്ഘാടന മല്‍സരത്തില്‍ ഷഫാലിയില്‍ നിന്നേറ്റ പ്രഹരം സ്‌കുട്ട് ഇനിയും മറന്നിട്ടില്ല. ആദ്യ മല്‍സരത്തില്‍ സ്‌കുട്ടായിരുന്നു ഓസീസിനു വേണ്ടി ബൗളിങ് ഓപ്പണ്‍ ചെയ്തത്. ഈ ഓവറില്‍ തുടരെ നാലു ബൗണ്ടറികളാണ് ഷഫാലി അടിച്ചെടുത്തത്. ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്കെതിരേ ബൗള്‍ ചെയ്യുന്നതില്‍ തനിക്കു ആശങ്കയുണ്ടെന്നു സ്‌കുട്ട് വെളിപ്പെടുത്തി.

ഷഫാലിയും സ്മൃതിയും തന്നെ നേരിടുന്നതില്‍ കൂടുതല്‍ മിടുക്കുള്ളവരാണ്. ലോകകകപ്പിനു മുമ്പ് നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഷഫാലി തനിക്കെതിരേ നേടിയ സിക്സര്‍ മറക്കാന്‍ കഴിയില്ല. അത്രയും വലിയൊരു സിക്സര്‍ കരിയറില്‍ അതിനു മുമ്പ് മറ്റാരും തനിക്കെതിരേ നേടിയിട്ടില്ലെന്നും സ്‌കുട്ട് പറഞ്ഞു.

ഫൈനലില്‍ ഷഫാലിക്കും മന്ദാനയ്ക്കുമെതിരേ കൃത്യമായ പ്ലാന്‍ ഞങ്ങള്‍ തയ്യാറാക്കും. പവര്‍പ്ലേയില്‍ അവര്‍ക്കെതിരേ ബൗള്‍ ചെയ്യാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം വളരെ അനായാസമാണ് തനിക്കെതിരേ ഇരുവരും ഷോട്ട് കളിക്കുന്നതെന്നും സ്‌കുട്ട് കൂട്ടിച്ചേര്‍ത്തു.

Leave a comment