‘കിവി’കളുടെ മുന്നില്‍ ‘കിളിപോയി’, ക്രൈസ്റ്റ് ചര്‍ച്ചിലും കരഞ്ഞ് ഇന്ത്യ
ക്രൈസ്റ്റ്ചര്‍ച്ച്: രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. മൂന്നാംദിനം ഇന്ത്യ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം വെറും മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് കൈപ്പിടിയിലൊതുക്കി.
ആദ്യ ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റും 49 റണ്‍സുമടിച്ച കൈല്‍ ജാമിസനാണ് കളിയിലെ താരം. കിവി പേസര്‍ ടിം സോത്തി പരമ്പരയിലെ താരമായി. മൂന്നാംദിനം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ടോം ലാതമും (52) ടോം ബ്ലണ്ടലുമാണ് (55) കിവികളുടെ ജയം എളുപ്പമാക്കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 103 റണ്‍സ് കുറിച്ചു.
ടോം ലാതമിനെ ഉമേഷ് യാദവും ടോം ബ്ലണ്ടലിനെ ജസ്പ്രീത് ബുംറയും തിരിച്ചയച്ചപ്പോഴേക്കും ഇന്ത്യ മത്സരം കൈവിട്ടിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ബുംറയ്ക്ക് രണ്ടു വിക്കറ്റുണ്ട്. എട്ടു പന്തില്‍ അഞ്ച് റണ്‍സെടുത്ത കെയ്ന്‍ വില്യംസണിനെയും ബുംറയാണ് മടക്കിയത്. ജയത്തോടെ ടെസ്റ്റ് പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പട്ടികയിലും കിവികള്‍ കുതിച്ചുച്ചാട്ടം നടത്തി. 180 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ ന്യൂസിലാന്‍ഡ്. 360 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തും.
നേരത്തെ, ആറിന് 90 റണ്‍സെന്ന നിലയ്ക്ക് മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യ 124 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. ആദ്യ സെഷനില്‍ 10 ഓവര്‍ മാത്രമാണ് ഇന്ത്യന്‍ സംഘം ബാറ്റു ചെയ്തത്. ഈ സമയംകൊണ്ട് ശേഷിച്ച നാലു വിക്കറ്റും ന്യൂസിലാന്‍ഡ് കൈക്കലാക്കി. ഹനുമാ വിഹാരി – റിഷഭ് പന്ത് ജോടിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. ഇരുവരും ചേര്‍ന്ന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിക്കുമെന്ന് ടീം കരുതി.
എന്നാല്‍ ആദ്യ ഓവറില്‍ത്തന്നെ ഹനുമാ വിഹാരി ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തി. ടിം സോത്തിയുടെ പന്തില്‍ കീപ്പര്‍ ബിജെ വാട്ട്ലിങ്ങിന് ക്യാച്ച് നല്‍കിയായിരുന്നു വിഹാരിയുടെ മടക്കം. തൊട്ടടുത്ത ഓവറില്‍ റിഷഭ് പന്തും വീണു. സ്റ്റംപിന് വെളിയില്‍ പോയ പന്തിനെ ഓഫ് സൈഡിലേക്ക് ഡ്രൈവ് ചെയ്യാന്‍ നോക്കിയതായിരുന്നു റിഷഭ് പന്ത്. പക്ഷെ പന്ത് ബാറ്റില്‍ ഉരസി കീപ്പറുടെ കൈകളില്‍ ഭദ്രമായെത്തി. ട്രെന്‍ഡ് ബോള്‍ട്ടിനാണ് ഇവിടെ വിക്കറ്റ്.
വാലറ്റത്തെയും കൂട്ടി സ്കോര്‍ബോര്‍ഡ് ചലിപ്പിക്കാന്‍ രവീന്ദ്ര ജഡേജ പരിശ്രമിച്ചെങ്കിലും വിഫലമായി. മുഹമ്മദ് ഷമിയെയും ജസ്പ്രീത് ബുംറയെയും ന്യൂസിലാന്‍ഡ് ടീം ഏറെനേരം വാഴിച്ചില്ല. വമ്പനടിക്ക് പോയ ഷമിയെ ടിം സോത്തി വീഴ്ത്തി. ബുംറയെ കെയ്ന്‍ വില്യംസണ് റണ്ണൗട്ടാക്കുകയും ചെയ്തു. 22 പന്തില്‍ ഒരു സിക്സും ഒരു ഫോറുമടക്കം 16 റണ്‍സാണ് ജഡേജയുടെ സമ്പാദ്യം.