ആധിപത്യം തുലച്ച് ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് തകര്‍ച്ച
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിലും ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ന്നടിഞ്ഞു. ഏഴു റണ്‍സിന്റെ ലീഡുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്ത നിലയിലാണ്.
മൂന്നാം സെഷനില്‍ മാത്രം ഇന്ത്യയുടെ ആറു വിക്കറ്റുകള്‍ വീഴ്ത്താന്‍ ന്യൂസിലാന്‍ഡിന് കഴിഞ്ഞു. ബൗളര്‍മാര്‍ നേടിത്തന്ന ആധിപത്യം ഉറപ്പിക്കാന്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്കായില്ല. നിലവില്‍ ഹനുമാ വിഹാരിയും (12 പന്തില്‍ അഞ്ച്*) റിഷഭ് പന്തുമാണ് (ഒരു പന്തില്‍ ഒന്ന്*) ക്രീസില്‍.
മൂന്നാം സെഷനില്‍ ട്രെന്‍ഡ് ബോള്‍ട്ട് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ടിം സോത്തിയും കോളിന് ഡി ഗ്രാന്‍ഡോമും നീല്‍ വാഗ്നറും ഓരോ വിക്കറ്റു വീതം പങ്കിട്ടു. തുടര്‍ച്ചയായി വിക്കറ്റു നഷ്ടപ്പെട്ടതാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചയ്ക്ക് കാരണം.
രണ്ടാം ഓവറില്‍ത്തന്നെ മായങ്ക് അഗര്‍വാളിനെ (ആറ് പന്തില്‍ മൂന്ന്) ബോള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുരുക്കി. ആദ്യ ഇന്നിംഗ്സില്‍ അര്‍ധ സെഞ്ച്വറി തികച്ച പൃഥ്വി ഷായ്ക്ക് (24 പന്തില്‍ 14) മികവ് ആവര്‍ത്തിക്കാനായില്ല. ടിം സോത്തിയെ ഉയര്‍ത്തിയടിക്കാന്‍ കാട്ടിയ സാഹസം പൃഥ്വിക്ക് വിനയായി.
ഫോം നഷ്ടപ്പെട്ട വിരാട് കോലിയെ (30 പന്തില്‍ 14) ഒരിക്കല്‍ക്കൂടി ആരാധകര്‍ ഇന്നു കണ്ടു. ആദ്യ ഇന്നിങ്സില്‍ സംഭവിച്ചതുപോലെ ഇന്‍സ്വിങ് പഠിച്ചെടുക്കാന്‍ രണ്ടാം ഇന്നിംഗ്സിലും കോലിക്ക് കഴിഞ്ഞില്ല. കോളിന് ഡി ഗ്രാന്‍ഡോമിനാണ് കോലിയുടെ വിക്കറ്റ്. പൂജാര – രഹാനെ സഖ്യം ക്രീസില്‍ കാഴ്ച്ചവെച്ച ചെറുത്തുനില്‍പ്പ് പ്രതീക്ഷ നല്‍കിയെങ്കിലും കൂട്ടുകെട്ട് നീണ്ടില്ല.