ബംഗ്ലാദേശിനെ ‘കൊത്തിപ്പറിച്ച്’ കിവികള്‍
മെല്‍ബണ്‍: ബൗളര്‍മാര്‍ അരങ്ങുവാണ വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേ ന്യൂസിലാന്‍ഡിനു തകര്‍പ്പന്‍ വിജയം. ഗ്രൂപ്പ് എയില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ബംഗ്ലാദേശിനെ 17 റണ്‍സിനാണ് ‘പെണ്’ കിവികള്‍ തകര്‍ത്തത്. രണ്ടു ടീമുകള്‍ക്കും 100 റണ്‍സ് തികയ്ക്കാന്‍ സാധിച്ചില്ലെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് ബംഗ്ലാദേശ് ബൗളിംഗിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 18.2 ഓവറില്‍ 91 റണ്‍സിന് അവര്‍ കൂടാരത്തില്‍ മടങ്ങിയെത്തി. 55 റണ്സടുക്കുന്നതിനിടെയാണ് 10 വിക്കറ്റുകളും അവര്‍ക്കു നഷ്ടമായത്. ന്യൂസിലാന്‍ഡിന്റെ മറുപടി ഇതിലും മാരകമായിരുന്നു. ബംഗ്ലാദേശിനെ ഒരു പന്ത് ബാക്കിനില്‍ക്കെ വെറും 74 റണ്‍സില്‍ കിവി ബൗളര്‍മാര്‍ എറിഞ്ഞിട്ടു.
21 റണ്‍സെടുത്ത നിഗര്‍ സുല്‍ത്താനയാണ് ടോപ് സ്കോറര്‍. മുര്‍ഷിദ ഖത്തുന് (11), റിതു മോണി (10) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. കിവികള്‍ക്കായി ലെയ് കാസ്പെറക്കും ഹെയ്ലി ജെന്‍സനു മൂന്നു വിക്കറ്റ് വീതമെടുത്തു. ജെന്‍സണാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. നേരത്തേ വിക്കറ്റ് നഷ്ടമില്ലാതെ 35 റണ്‍സെന്ന നിലയില്‍നിന്നാണ് കിവീസിനു 91 റണ്‍സെടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളു നഷ്ടമായത്.
ബാറ്റിംഗ് നിരയില്‍ ആദ്യത്തെ നാലു പേര് മാത്രമേ രണ്ടക്കം തികച്ചുള്ളൂ. റേച്ചല്‍ പ്രീസ്റ്റാണ് (25) ടോപ്സ്കോറര്‍. സൂസി ബേറ്റ്സ് (15), ക്യാപ്റ്റന്‍ സോഫി ഡെവിന് (12), മാഡി ഗ്രീന്‍ (11) എന്നിവരും രണ്ടക്കം കടന്നു. ബംഗ്ലാദേശിനു വേണ്ടി റിതു മോണി നാലും ക്യാപ്റ്റന്‍ സല്‍മ ഖത്തൂന് മൂന്നും വിക്കറ്റെടുത്തു.