കടുവകള്‍ക്ക് ‘പച്ചക്കെണി’ ഒരുക്കി കിവികള്‍
ക്രൈസ്റ്റ്ചര്‍ച്ച്: വെല്ലിംഗ്ടണിലെ തോല്‍വിക്ക് പകരംവീട്ടി ജയിക്കണമെന്ന നിശ്ചയദാര്‍ഢ്യഗ വിരാട് കോലിക്കും കൂട്ടര്‍ക്കുമുണ്ട്. പക്ഷെ ഹാഗ്ലി ഓവല്‍ മൈതാനത്ത് കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല.
ആദ്യ ടെസ്റ്റിലേതിന് സമാനമായി പച്ചപ്പ് നിറഞ്ഞ പിച്ചാണ് രണ്ടാം ടെസ്റ്റിലും ഇന്ത്യയെ കാത്തിരിക്കുന്നത്. മത്സരത്തില്‍ ടോസായിരിക്കും നിര്‍ണായകം. ടോസ് ആര് നേടുന്നോ, അവര്‍ ബൗളിംഗ് തെരഞ്ഞെടുക്കുമെന്ന കാര്യമുറപ്പ്.
പിച്ചില്‍ പുല്‍നാമ്പുകള്‍ തഴുകിനില്‍ക്കുന്ന സാഹചര്യത്തില്‍ പേസര്‍മാര്‍ക്ക് ഒരിക്കല്‍ക്കൂടി തിളങ്ങാം. കഴിഞ്ഞതവണ കിവീസ് ബൗളര്‍മാരുടെ പേസിനും സ്വിങ്ങിനും മുന്‍പിലാണ് ഇന്ത്യ പതറിയത്. ട്രെന്‍ഡ് ബോള്‍ട്ട്, ടിം സോത്തി, കൈലി ജാമിസണ്‍ ത്രയം ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്മാരെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കി. ന്യൂസിലാന്‍ഡ് ബാറ്റ്സ്മാന്മാരെ പിടിച്ചുകെട്ടാന്‍ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും കഴിഞ്ഞുമില്ല.
വെല്ലിംഗ്ടണില്‍ ഏഴു ബാറ്റ്സ്മാന്മാരും നാലു ബൗളര്‍മാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. പക്ഷെ സംഭവിച്ചതോ, വെല്ലിങ്ടണില്‍ ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ കണക്കിന് അടിവാങ്ങി. ഓവറില്‍ മൂന്നു റണ്‍സിന് മുകളിലാണ് നാലു പേരും പന്തെറിഞ്ഞത്. എന്തായാലും പച്ചപ്പ് നിറഞ്ഞ പിച്ചില്‍ ബാറ്റുവീശേണ്ടതെങ്ങനെയെന്ന് ടീം ഇന്ത്യ ഇനിയും പഠിക്കണം.
നാട്ടിലെ വരണ്ട പിച്ചുകള്‍ പന്തിന്റെ വേഗവും ബൗണ്‍സും കവര്‍ന്നെടുക്കാറ് പതിവാണ്. ഈ സാഹചര്യമല്ല ന്യൂസിലാന്‍ഡില്‍. പേസ് ബൗളര്‍മാരെ പിച്ച് നന്നായി സഹായിക്കും. പന്ത് അസാമാന്യ വേഗം കൈവരിക്കും. ഒപ്പം ബൗണ്‍സും. പരമ്പരയ്ക്ക് മുന്‍പ് നടന്ന സന്നാഹമത്സരം കൃത്യമായി വിനിയോഗിച്ചിരുന്നെങ്കിലും ടീം ഇന്ത്യയെ പിച്ച് പ്രതിസന്ധി ഏറെയൊന്നും അലട്ടുമായിരുന്നില്ല.വിലകൊടുക്കേണ്ടിയും വന്നു.
29 മുതല്‍ മാര്‍ച്ച് നാലു വരെയാണ് ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റ്. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ടീം ഇന്ത്യയാണ് പ്രഥമ സ്ഥാനത്ത്. 360 പോയിന്റുണ്ട് ഇന്ത്യയ്ക്ക്. പട്ടികയില്‍ ന്യൂസിലാന്‍ഡ് അഞ്ചാം സ്ഥാനത്താണ് (120 പോയിന്റ്). ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാമത്തെ ജയമാണ് ഇന്ത്യയ്ക്ക് എതിരെ കിവികള്‍ കുറിച്ചത്. രണ്ടാം ടെസ്റ്റും ജയിച്ച് 120 പോയിന്റോടെ പരമ്പര സ്വന്തമാക്കുകയാണ് ന്യൂസിലാന്‍ഡിന്റെ ലക്ഷ്യം.