Cricket IPL Renji Trophy Top News

‘ഐ.പി.എല്‍ ആവേശം വൈറല്‍’ ആര്‍.സി.ബിയുടെ ‘ട്രംപ് കാര്‍ഡ്’ കോലി

February 27, 2020

author:

‘ഐ.പി.എല്‍ ആവേശം വൈറല്‍’ ആര്‍.സി.ബിയുടെ ‘ട്രംപ് കാര്‍ഡ്’ കോലി

ബംഗളൂരു: ഐ.പി.എല്‍ 13-ാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം കളത്തിലേക്കു തിരികെയെത്തുന്ന മഹേന്ദ്രസിംഗ് ധോണി ഉടന്‍ ടീമിനൊപ്പം ചേരുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

എല്ലാ ടീമുകളുടെയും ട്വിറ്റര്‍ പേജുകളില്‍ ഐ.പി.എല്‍ ആവേശം പടര്‍ന്നുപിടിച്ചുകഴിഞ്ഞു. ഇതിനിടെ, ഇന്ത്യയില്‍ സന്ദര്‍ശനം നടത്തി മടങ്ങിയ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ‘കൂട്ടുപിടിച്ച്’ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നടത്തിയ വിഡിയോ പരീക്ഷണവും ശ്രദ്ധേയമായി.

കഴിഞ്ഞദിവസം, അഹമ്മദാബാദിലെ മൊട്ടേരയില്‍ പണികഴിപ്പിച്ച പുതിയ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വന്‍ ജനാവലിയെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ട്രംപ്, ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിരാട് കോലി എന്നിവരെയും പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇരുവരുടെയും പേരുകളുടെ ഉച്ചാരണത്തില്‍ ട്രംപിനു വന്ന പിഴവ് ട്വിറ്ററില്‍ വൈറലാവുകയും ചെയ്തു.

സച്ചിന്‍ എന്നതിനു പകരം ”സൂ..ച്ചിന്‍” എന്നും വിരാട് എന്നതിനു പകരം ”വിരോട്” എന്നുമാണ് ട്രംപ് പറഞ്ഞത്. ട്രംപിന്റെ ഉച്ചാരണപ്പിശകിനെ ‘ട്രോളി’ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ വിരാട് കോലിയുടെ പേരു പരാമര്‍ശിക്കുന്ന ഭാഗമാണ് ആര്‍.സി.ബി എഡിറ്റ് ചെയ്ത് വ്യത്യസ്തമായൊരു വിഡിയോ ആക്കിയത്.

”മിസ്റ്റര്‍ പ്രസിഡന്റ്, ആര്‍.സി.ബിയുടെ ‘ട്രംപ് കാര്‍ഡ്’ ആരാണ്” എന്ന് ഒരാള്‍ ചോദിക്കുന്നതാണ് വിഡിയോയുടെ തുടക്കം. ഇതിനു പിന്നാലെ മൊട്ടേരയിലെ പ്രസംഗത്തില്‍ വിരാട് കോലിയുടെ പേര് ട്രംപ് പരാമര്‍ശിക്കുന്ന ഭാഗം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ് വിഡിയോ. സംഭവം എന്തായാലും വൈറലായിക്കഴിഞ്ഞു.

Leave a comment