ഇന്ത്യയുടെ ബോൾട്ട് ഊരി സൗത്തി : ന്യൂസിലാൻഡിനു 10 വിക്കറ്റ് വിജയം.
ന്യൂസിലൻഡിന്റെ പേസ് ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ഇന്ത്യ നിരുപാധികം കീഴടങ്ങി. നാലാം ദിനം ഇന്ത്യയുടെ ചെറുത്തു നിൽപിന് വെറും 26 ഓവർ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. ഇന്ത്യയുടെ പ്രതീക്ഷയായ രഹാനെയും വിഹാരിയും നാലാം ദിനം ആദ്യ ഓവറുകളിൽ തന്നെ മടങ്ങിയതോടെ ഇന്ത്യ ഇന്നിംഗ്സ് പരാജയം മണത്തു തുടങ്ങിയിരുന്നു. 25 റൺസെടുത്ത ഋഷഭ് പന്ത് ആണ് ഇന്ത്യയുടെ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ പരിശ്രമിച്ചത്. മായങ്ക് അഗർവാളും രഹാനെയും ആണ് ഇന്ത്യൻ നിരയിൽ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയവർ. ബാക്കി ഉള്ളവർ കടലാസിലെ പുലികൾ മാത്രമായി ഒതുങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. വെറും 9 റൺസിന്റെ ഇന്നിംഗ്സ് ലീഡ് ആണ് ഇന്ത്യക്ക് നേടാനായത് . ന്യൂസിലാൻഡ് ആകട്ടെ രണ്ടാം ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ തന്നെ വിജയത്തിലെത്തി .
ലോക ടെസ്റ്റ് ചാംപ്യൻഷിപ് തുടങ്ങിയ ശേഷം ആദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് തോക്കുന്നത്. ഈ തോൽവിയിലും പോയിന്റ് പട്ടികയിൽ ഇന്ത്യ ആർക്കും തൊടാൻ കഴിയാത്ത രീതിയിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ഈ ജയത്തിൽ നിന്നും കിട്ടിയ 60 പോയിന്റോടെ ന്യൂസിലാൻഡ് ശ്രീലങ്കയെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് കയറി. ന്യൂസിലാൻഡിനു 6 കളികളിൽ നിന്നും 120 പോയിന്റും, ഇന്ത്യക്ക് 8 കളികളിൽ നിന്നും 360 പോയിന്റും ആണ് ഉള്ളത്.
ആദ്യ ഇന്നിങ്സിൽ സൗത്തിയും ജാമീസന്നും ആയിരുന്നു ഇന്ത്യയെ എറിഞ്ഞിട്ടതെങ്കിൽ രണ്ടാം ഇന്നിങ്സിൽ സൗത്തിയോടൊപ്പം ചേർന്നത് ബോൾട് ആണ്. 61 റൺസിന് 5 വിക്കറ്റ് ഇട്ട സൗത്തിയും 39 റൺസിന് 4 വിക്കറ്റ് ഇട്ട ബോൾട്ടും ചേർന്ന് 191 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ എല്ലാവരെയും പുറത്താക്കി. ആദ്യ ഇന്നിങ്സിൽ 4 വിക്കറ്റുകൾ വീഴ്ത്തിയ സൗത്തി രണ്ടിന്നിങ്സിലുമായി 9 വിക്കറ്റുകൾ വീഴ്ത്തി. സൗത്തി ആണ് കളിയിലെ കേമൻ. ഒരുപാട് നാളുകളായി ഫോം കണ്ടെത്താൻ വിഷമിച്ചു കൊണ്ടിരുന്ന സൗത്തിയുടെ മിന്നുന്ന പ്രകടനം ന്യൂസിലാൻഡ് ക്യാമ്പിൽ ഒന്നാകെ ആശ്വാസം പകരുന്നതാണ്. എന്നാൽ മറുഭാഗത്താക്കട്ടെ കോലിയുടെയും ബുമ്രയുടെയും ഫോമില്ലായ്മ ഇന്ത്യൻ ക്യാമ്പിൽ ആശങ്കയും പരത്തുന്നു. ബാറ്റ്സ്മാൻമാരുടെ നിരുത്തരവാദിത്തമാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമെന്നാണ് മത്സര ശേഷമുള്ള പത്രസമ്മേളനത്തിൽ കോലി പറഞ്ഞത്. തന്റെ ബാറ്റിങ്ങിന് പ്രേശ്നങ്ങളൊന്നും പറ്റിയിട്ടില്ലെന്നും നന്നായി തന്നെയാണ് താൻ കളിക്കുന്നതെന്നും വരും കളികളിൽ അത് പ്രകടമാകുമെന്നും കോലി പ്രസ്താവിച്ചു.