റാംസെ ഇനി ആഴ്സണൽ കുപ്പായം അണിയില്ല; ആരാധകർ നിരാശയിൽ
നാപോളിയുമായി നടന്ന രണ്ടാം പാദമത്സരത്തിൽ പിന്തുട ഞരമ്പിനേറ്റ പരുക്കിൽ നിന്ന് ഈ സീസണിൽ മുക്തി നേടാനാവാത്ത സാഹചര്യത്തിൽ ഇനി ആഴ്സണൽ കുപ്പായം റാംസെ അണിയില്ലെന് ഉറപ്പായി.മികച്ച ഫോമിലുള്ള റാംസെ ഇല്ലാതെ വലൻസിയയെ നേരിടാൻ ആഴ്സണൽ നന്നായി വിയർക്കും. ലീഗിൽ നാലാം സ്ഥാനം പരുങ്ങലിൽ നിൽക്കെ യൂറോപ്പ കിരീടം ആഴ്സണലിന് അനിവാര്യമായിരിക്കുന്നു.
2008 സമ്മർ വിൻഡോയിൽ ആഴ്സണലിൽ എത്തിയ റാംസെക്ക് ഒരു പതിനേഴുകാരനു ലഭിക്കാവുന്ന ഏറ്റവും മികച്ച പരിശീലകനെ ആണ് വെങ്ങറുടെ രൂപത്തിൽ കിട്ടിയത്. അദ്ദേഹത്തിന്റെ കീഴിൽ മികച്ച പ്രകടനം തന്നെ ആണ് തുടക്കം മുതലെ റാംസെ കാഴ്ച വച്ചതു. 2009 ഇൽ ലോണിൽ പോയ റാംസെ 2011 മുതൽ ആഴ്സനലിൻ്റെ അഭിവാജ്യ ഘടകം ആയിമാറി. പിന്നീടങ്ങോട്ട് വെങ്ങറുടെ പ്രിയപ്പെട്ട ശിഷ്യരിൽ റാംസെയും സ്ഥാനം കണ്ടു. ഒടുവിൽ 2018 ഇൽ വെങ്ങർ യുഗം അവസാനിച്ചപ്പോൾ കുറെ പേരെങ്കിലും റാംസെയുടെ ആഴ്സണൽ കരിയർ ഇനി അധികനാൾ ഉണ്ടാകില്ല എന്ന് കരുതിക്കാണണം. അധികനാൾ വേണ്ടിവന്നില്ല, ഫെബ്രുവരി 2019 ഇൽ തൻ്റെ യുവെന്റസിലേക്കുള്ള നീക്കം അദ്ദേഹം തന്നെ സ്ഥിരീകരിച്ചു.നാല് വർഷ കരാറാണ് യുവെന്റസ് നിലവിൽ 28 കാരനായ റാംസെക്ക് നൽകിയത്.
റാംസെ എന്ന കളിക്കാരനെ ആഴ്‌സണൽ ആരാധകർ ഓർത്തിരിക്കുക അദ്ദേഹത്തിന്റെ ഫ്. എ കപ്പിലെ പ്രകടനം കൊണ്ടാവും. 2014, 2017 ഫ്.എ. കപ്പ് ഫൈനലിൽ ആഴ്സണലിന് വേണ്ടി വിജയ ഗോൾ അടിച്ച താരമാണ് അദ്ദേഹം. 2014 ൽ ആഴ്സണലിന്റെ മികച്ച കളിക്കാരനും ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരനും അദ്ദേഹം ആയിരുന്നു.
യുവെന്റ്‌സുമായി കരാർ ഒപ്പിട്ടെങ്കിലും ആഴ്‌സണലിന് വേണ്ടി മികച്ച പ്രകടനം തന്നെയാണ് റാംസെ പുറത്തെടുത്തത്. അദ്ദേഹത്തിന്റെ പ്രകടനം പുതിയ മാനേജർ ആയ എമേറിയെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയും തന്റെ ടീമിലെയും അഭിവാജ്യഘടകമായി റാംസെയെ മാറ്റുകയും ചെയ്തു. ആഴ്‌സണൽ യൂറോപ്പ ലീഗിന്റെ സെമിയിൽ എത്തിയതിൽ വലിയൊരു പങ്ക് അദ്ദേഹം വഹിക്കുകയും ചെയ്തു. ആഴ്സണലിന് ആദ്യത്തെ യൂറോപ്യൻ കപ്പ് നേടി കൊടുക്കാൻ താൻ എന്തും ചെയ്യും എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ആരാധകരുടെ മനം കവർന്നിരുന്നു. അതുപോലെ ക്ലബ്ബിനോട് പ്രണയം ഉള്ള കളിക്കാർ കുറവാണു. അതുകൊണ്ട് തന്നെ റാംസെയുടെ വിടവാങ്ങൽ ആഴ്സണലിന് നികത്താനാവാത്ത ഒന്നാകും.
പരിക്ക് മൂലം തങ്ങളുടെ പ്രിയ സുഹൃത്തിനു വിടവാങ്ങൽ മത്സരം നൽകാൻ ആവാത്ത വിഷമത്തിലാണ് സഹകളിക്കാർ. റാംസെയുടെ നീക്കത്തിലൂടെ ആഴ്സണൽ ആ സ്ഥാനത്തേക്ക് മറ്റൊരു കളിക്കാരനെ കണ്ടെത്തുന്ന വെല്ലുവിളിയാണ്.വെങ്ങറുടെ മധ്യനിരയിലെ കുന്തമുനയായ റാംസെക്ക് പകരക്കാരൻ ആകാൻ ആർക്കു സാധിക്കും എന്ന് കാത്തിരുന്നു കാണാം.






































