ക്രിസ്റ്റ്യാനോ കളിച്ചില്ല; ആരാധകർക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളി കാണാൻ ഇരച്ചുകയറിയ ആരാധകരെ നിരാശപ്പെടുത്തിയതിന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. 2019 ജൂലൈയിൽ ദക്ഷിണ കൊറിയയിൽ നടന്ന യുവൻറസിന്റെ സൗഹൃദ മത്സരവുമായി ബന്ധപ്പെട്ട പരാതിയിലാണ് സംഘാടകരോട് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.
കൊറിയൻ ഒന്നാം ഡിവിഷൻ ലീഗിന്റെ സീസൺ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായാണ് ‘കെ ലീഗ് ഓൾസ്റ്റാർ ഇലവനും’ യുവൻറസും തമ്മിൽ സൗഹൃദമത്സരം സംഘടിപ്പിച്ചത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുമെന്ന് പരസ്യപ്പെടുത്തിയായിരുന്നു പ്രചരണം. മൂന്നു മിനിറ്റിനുള്ളിൽ മത്സരത്തിന്റ 65,000 ടിക്കറ്റുകളാണ് ഓൺലൈൻ വഴി വിറ്റുപോയത്. എന്നാൽ, മത്സര ദിനത്തിൽ ഗാലറിയിലെത്തിയപ്പോൾ പകരക്കാരുടെ പട്ടികയിൽപോലും ക്രിസ്റ്റ്യാനോ ഇല്ലായിരുന്നു. ഇതോടെ സൂപ്പർ താരത്തിന്റെ കളി കാണാൻ മാത്രമായി എത്തിയ ആരാധകർ നിരാശരായി. 3-3ന് സമനിലയിൽ പിരിഞ്ഞ മത്സരം അവസാനിക്കും മുമ്പേ അവർ പ്രതിഷേധം തുടങ്ങി. പിന്നാലെ, ആരാധകരിൽ ചിലർ നിയമനടപടിയും ആരംഭിച്ചു. ഈ കേസിലാണ് രണ്ടുപേർക്ക് 3.71 ലക്ഷം വോൺ (22,000 രൂപ) നഷ്ടപരിഹാരം നൽകാൻ വിധി വന്നിരിക്കുന്നത്.
ക്രിസ്റ്റ്യാനോയെ കളിപ്പിക്കാതെ കരാർ ലംഘിച്ച യുവൻറസ് മാനേജ്മെൻറിനെതിരെ ലീഗ് സംഘാടകരും പ്രതിഷേധമിയിച്ചിരുന്നു.






































