അണ്ടർ 19: പാകിസ്ഥാനെതിരെ ഇന്ത്യക്ക് 10 വിക്കറ്റ് ജയം
അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം. പാകിസ്ഥാനെ 10 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിലുടനീളം ഇന്ത്യയുടെ ആധിപത്യം ആണ് കാണാൻ കഴിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഉയർത്തിയ 173 റൺസ് പിന്തുടർന്ന ഇന്ത്യ 35.2 ഓവറിൽ അനായാസം വിജയം സ്വന്തമാക്കി. യശ്വസി ജയ്‌സ്വാളിൻറെ തകർപ്പൻ സെഞ്ചുറി ഇന്ത്യക്ക് വേഗം വിജയം സമ്മാനിച്ചു.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത പാകിസ്ഥാന് ആദ്യ രണ്ട് വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായി. പിന്നീട് ഹൈദര്‍ അലിയും(56), റൊഹൈല്‍ നസീറും(62) ചേർന്ന് മികച്ച ബാറ്റിങ്ങ് നടത്തി. എന്നാൽ ഹൈദർ അലി പുറത്തായതിന് ശേഷം പാകിസ്ഥാൻ താരങ്ങൾ എല്ലാം പെട്ടെന്ന് തന്നെ പുറത്തായി. മൂന്ന് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കണ്ടത്. ശുശാന്തിന്റെ തകർപ്പൻ ബൗളിങ്ങിൽ പാകിസ്ഥാൻ തകർന്നടിയുകയായിരുന്നു. സുശാന്ത് മൂന്ന് വിക്കറ്റ് നേടി. 173 റൺസ് പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി യശ്വസി ജയ്‌സ്വാൾ(105), ദിവ്യാംശ് സക്സേന (59) എന്നിവർ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിൽ പാകിസ്ഥാൻ ബൗളർമാർ തലങ്ങും വിലങ്ങും അടിവാങ്ങിച്ചു കൂട്ടി.






































