ആദ്യ മത്സരം ഇന്ത്യക്കു സ്വന്തം !!.
പ്രതീക്ഷകൾക്കു വിപരീതമായി ഒന്നും തന്നെ സംഭവിക്കാതെയാണ് ഇന്ത്യ ന്യൂസിലാൻഡ് ഒന്നാം ടി ട്വന്റി മത്സരം ഈഡൻ പാർക്കിൽ സമാപിച്ചത്. ഒരു ടി ട്വൻറി മത്സരത്തിനു വേണ്ടി തയ്യാറാക്ക്കിയ പിച്ചും മൈതാനത്തിന്റെ ചെറിയ അതിർവരമ്പുകളും ചേർന്നു കാണികൾക്കായി ഒരുക്കിയത് ഒരു ഹൈ സ്കോറിങ് ക്രിക്കറ്റ് മാമാങ്കം തന്നെയായിരുന്നു.
ടോസ് നേടി ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിക്കുമ്പോൾ തന്നെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ മുഖത്ത് ആത്മവിശ്വാസം പ്രകടമായിരുന്നു. എത്ര വലിയ വിജയലക്ഷ്യവും റണ്ണൊഴുകുന്ന ഈ പിച്ചിൽ ഭേദിക്കാൻ സാധിക്കുമെന്ന് അയാൾക്കു ഉറപ്പായിരുന്നിരിക്കണം.
പക്ഷേ ന്യൂസിലൻഡ് ഇന്നിങ്സ് പവർപ്ലേ പിന്നിടുമ്പോഴേക്കും കോഹ്ലിയുടെ മുഖത്തെ ചിരി പതിയെ മായാൻ തുടങ്ങിയിരുന്നു. ഒരുപക്ഷേ അയാൾ കരുതിയതിലേറെ റണ്ണുകൾ ഇന്ത്യൻ ബൗളർമാർ വിട്ടുകൊടുത്തതാകാം അതിനു കാരണം. അല്ലെങ്കിൽ റോസ് ടെയ്ലറെപ്പോലെ മികച്ച ഹിറ്റർമാർ വരാനിരിക്കെ കിവീസ് ഓപ്പണർമാരെപ്പോലും പുറത്താക്കാൻ സാധിച്ചില്ലെന്ന് യാഥാർഥ്യമാകാം. ഗുപ്ടിലും മൺറോയും ചേർന്നു നൽകിയ തകർപ്പൻ തുടക്കം പിന്നീടു വന്ന റോസ് ടെയ്ലറും നായകൻ കെയ്ൻ വില്യംസണും മുതലാക്കിയപ്പോൾ ന്യൂസിലാൻഡ് സ്കോർ ഇരുനൂറു കടന്നു. പക്ഷേ നിശ്ചിത ഇരുപതോവറിൽ ന്യൂസിലാൻഡ് നേടിയ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇരുനൂറ്റിമൂന്നു റണ്ണുകൾ പിച്ചിന്റെയും ബൗണ്ടറികളുടെയും സ്വഭാവം വെച്ചു നോക്കിയാൽ അത്ര കൂറ്റൻ സ്കോർ ആയിരുന്നെന്നു പറയാൻ സാധിക്കില്ല.
വലിയ ലക്ഷ്യങ്ങൾ പിന്തുടരുമ്പോൾ ടീം ഇന്ത്യ കൂടുതൽ ആശ്രയിക്കാറുള്ളത് അവരുടെ മുന്നേറ്റനിരയെയായിരുന്നു. പക്ഷേ മിച്ചൽ സാന്റ്നറേ സിക്സറിനു പറത്താനുള്ള ശ്രമത്തിനിടെ ഓപ്പണർ രോഹിത് ശർമ പുറത്തായതോടെ ആ റൺ ചേസിന്റെ ഭാരം സഹ ഓപ്പണർ രാഹുലിലും നായകൻ വിരാട് കോഹ്ലിയിലും വന്നുചേർന്നു.
ലോകേഷ് രാഹുൽ എന്ന കർണാടകക്കാരൻ ബാറ്റ്സ്മാൻ നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്സ്മാനായി മാറുകയാണ്. ഇന്നും എത്ര മനോഹരമായാണ് അയാൾ റണ്ണുകൾ നേടിയത്. എ. ബി ഡിവില്ലിയേഴ്സിനെ അനുസ്മരിപ്പിച്ച ഫ്ലിക്ക ഷോട്ടുകൾ,ടെന്നിസ് താരങ്ങളെ ഓർമിപ്പിച്ച ഫോർഹാൻഡ് ഡ്രൈവിലൂടെ നേടിയ ആ സിക്സെർ. അയാളുടെ ബാറ്റിൽ നിന്നും പിറന്ന ഓരോ രണ്ടിനും അതീവ മൂല്യമുണ്ടായിരുന്നു. ഇന്ത്യൻ നായകനൊപ്പം രാഹുൽ ക്രീസിൽ നിലയുറപ്പിച്ച ഓരോ നിമിഷവും ഇന്ത്യൻ ആരാധകനും വിജയത്തെപ്പറ്റി മാത്രമായിരിക്കണം ചിന്തിച്ചത്.
പക്ഷേ നിശ്ചിത ഇടവേളയ്ക്കുള്ളിൽ ക്രീസിൽ നിലയുറപ്പിച്ച ഇരുബാറ്റ്സ്മാന്മാരും പുറത്തായത് ഇന്ത്യൻ ബാറ്റിങ്ങിനെ സമ്മർദ്ദത്തിലാക്കി. കൂടാതെ പിന്നാലെ വന്ന ശിവം ദുബെ കൂടി വേഗം കൂടാരം പുൽകിയതോടെ ഇന്ത്യയുടെ സാദ്ധ്യതകൾ മങ്ങിത്തുടങ്ങി. പക്ഷേ ഇന്ത്യയുടെ മധ്യനിരയിലൊരു നക്ഷത്രമുണ്ടായിരുന്നു. ശ്രേയസ് അയ്യർ എന്ന് ആ നക്ഷത്രം പതിയെ ജ്വലിക്കുവാൻ തുടങ്ങി. സോധിയും സൗത്തിയുമെല്ലാം ആ ജ്വലനത്തിന്റെ ചൂടറിഞ്ഞുതുടങ്ങി. പതിയെ തുടങ്ങിയ അയാൾ ആളിക്കത്തിയതോടെ കിവികളുടെ ചിറകുകൾ അതിൽ വെണ്ണീറാകുവാൻ തുടങ്ങി. മത്സരം ഇന്ത്യയുടെ സ്വന്തമായി.
ഒരുപക്ഷേ ഇന്ത്യൻ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ഒരു പരമ്പരയിൽ അവരാഗ്രഹിച്ചതുപോലെ വിജയവുമായി ഇന്ത്യ തുടങ്ങിയിരിക്കുന്നു.
ആനന്ദിക്കുവാൻ മറ്റൊരു കാരണം തേടേണ്ടതില്ലല്ലോ.






































