Editorial Foot Ball Top News

സ്റ്റോൺസിനായ് വലവിരിച്ചു അർട്ടേറ്റ; ഒരു സർജിക്കൽ സ്ട്രൈക്കോ അതോ അറ്റകൈ പ്രയോഗമോ?

January 14, 2020

സ്റ്റോൺസിനായ് വലവിരിച്ചു അർട്ടേറ്റ; ഒരു സർജിക്കൽ സ്ട്രൈക്കോ അതോ അറ്റകൈ പ്രയോഗമോ?

പ്രതിരോധം ആഴ്‌സണലിന് തീരാതലവേദനയായിട്ട് വർഷം കുറെ ആയി. ചേംബേഴ്‌സ് പരിക്ക് പറ്റി സീസൺ മുഴുവൻ നഷ്ടപെട്ട അവസ്ഥയിൽ എത്തിയപ്പോൾ തന്നെ പുതിയ ഒരു ഡിഫെൻഡറിനായി മുറവിളി ഉയർന്നു തുടങ്ങിയിരുന്നു. ട്രാൻസ്ഫർ ജാലകം ജനുവരിയിൽ തുറന്നത് മുതൽ ടെക്നിക്കൽ ഡയറക്ടർ ആയ എഡുവും മാനേജർ ആയ അർട്ടേറ്റയും,  ശക്തമായ സ്വാധീനം ചിലത്താൻ കഴിവുള്ള പ്രധിരോധകനെ അന്വേഷിക്കുന്നുമുണ്ട്.

അനവധി പേരുകൾ ഇതിനോടകം തന്നെ ആഴ്‌സണലുമായി ചേർത്ത് കേട്ടിരുന്നു. യുവന്റസിന്റെ ഡേ മിറൽ, റുഗനി, ബൗൺമൗത്തിന്റെ നേഥൻ അക്കെ, ലെയ്‌പ്‌സിഗിന്റെ ഉപമക്കാനോ, ബാഴ്സയുടെ ഉമിതീതി എന്നീ നാമങ്ങൾ പലവട്ടം മാധ്യമങ്ങൾ ടീമുമായി ബന്ധിപ്പിച്ചിരുന്നു. എന്നാൽ വളരെ പെട്ടന്നാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് താരമായ ജോൺ സ്റ്റോൺസിന്റെ പേര് ഉയർന്നു വന്നത്. പലകാരണങ്ങൾ കൊണ്ടാണ് ഈ വാർത്ത ആവേശം നിറച്ചത്.

1. അർട്ടേറ്റയുമായി മൂന്ന് വർഷത്തെ അടുത്ത ബന്ധം സ്റ്റോൺസിന് ഉണ്ട്. ആയതിനാൽ സീസൺ പകുതി കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ടീമിൽ ഇണങ്ങി ചേരാൻ,  സ്റ്റോൺസിന് വലിയ ശ്രമം കൂടാതെ സാധിക്കും.

2. 2013 മുതൽ പ്രീമിയർ ലീഗ് കളിക്കുന്നു എന്ന വസ്തുതയും അനുകൂലഘടകമാണ്. ആദ്യം സൂചിപ്പിച്ച പോലെ ടീമിൽ ഒത്തിണക്കത്തോടെ ലീഗിന്റെ സമ്മർദ്ദം മനസിലാക്കി കളിക്കാൻ സ്റ്റോൺസിന് സാധിക്കും.

3. ഒരു ജേതാവാണ് സ്റ്റോൺസ്. സിറ്റിയുമായി ലീഗ്, EFL cup, FA cup എന്നീ കിരീടങ്ങൾ അദ്ദേഹം ഉയർത്തിയിട്ടുണ്ട്. ഒരു ജേതാവിന്റെ മനസ്സാന്നിധ്യം ഉള്ള പ്രധിരോധകൻ ആഴ്സണലിന്‌ എക്കാലത്തേക്കാളും ഇപ്പോൾ ആവശ്യമാണ്.

4. സാങ്കേതികപരമായി ഉയർന്ന മികവ് സ്റ്റോൺസ് പുലർത്തുന്നുണ്ട്. ആയതിനാൽ തെറ്റുകൾ ആവർത്തിക്കുന്നത് വളരെ കുറവും.

5. പ്രായമാണെങ്കിൽ വെറും 25 ഉം. ക്ലബ്ബിന്റെ ദീർഘകാല പദ്ധതികളിൽ ഉൾപ്പെടുത്താനും സാധിക്കും.

ഗാർഡിയോളക്ക് താരത്തിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് ഇംഗീഷ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. എങ്കിൽ ഒരു ലോൺ അടിസ്ഥാനത്തിലെങ്കിലും താരത്തെ എത്തിക്കാൻ ആഴ്സണലും കിണഞ്ഞു പരിശ്രമിക്കും. ഒരു പ്രായോഗികമായ നീക്കമായി തന്നെ ഇതിനെ വിലയിരുത്താം.

Leave a comment