Editorial Foot Ball legends Top News

കാനും ബയേണും വീണ്ടും ഒന്നിക്കുന്നു

January 8, 2020

author:

കാനും ബയേണും വീണ്ടും ഒന്നിക്കുന്നു

ഒലിവർ കാൻ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇത്തവണ കളിക്കാരനായല്ലെന്നു മാത്രം. ജർമൻ ഫുട്ബോളിലെ ഗോൾ കീപ്പിങ് ഇതിഹാസം ഒലിവർ കാൻ വീണ്ടും ഫുട്ബോൾ ലോകത്തേക്കു കാൽവെയ്ക്കുന്നത് തന്റെ പ്രിയ ക്ലബ്ബായ ബയേൺ മ്യൂണിക്കിന്റെ എക്സിക്യൂട്ടീവ് ബോർഡ് മെമ്പർമാരിൽ ഒരാളായാണ്. മാത്രമല്ല രണ്ടു വർഷങ്ങൾക്കു ശേഷം ബയേൺ മ്യൂണിക്കിന്റെ തലപ്പത്തെത്താനുള്ള യാത്രകൂടിയാണ് ഇതിഹാസതാരം കഴിഞ്ഞ ജനുവരിയി ഒന്നാം തീയതി തുടങ്ങിയത്.

കാനെ തങ്ങളുടെ ക്ലബ്ബിന്റെ ഭരണസമിതിയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ കഴിഞ്ഞ വർഷം മുതൽക്കേ ബയേൺ അധികൃതർ തുടങ്ങിയിരുന്നു. 2019 ഓഗസ്റ്റിൽ നടന്ന പുതിയ ഭരണസമിതി അംഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിൽ എതിർശബ്ദമില്ലാതെയാണ് ഒലിവർ കാന്റെ പേര് നിർദേശിക്കപ്പെട്ടത്. മാത്രമല്ല 2021 ഡിസംബർ മുപ്പത്തിയൊന്നിന് സ്ഥാനമൊഴിയുന്ന ക്ലബ്ബ് എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ കാൾ ഹെയ്ൻസ് റുമേനിഗിനു പകരമായി കാൻ 2022 ജനുവരി മാസം ചുമതലയേൽക്കുമെന്നും അന്നു ധാരണയായിരുന്നു.

എന്നും ബയേൺ മ്യൂണിക് ക്ലബ്ബിന്റെ ഇഷ്ടതാരമായിരുന്നു ഒലിവർ കാൻ. രണ്ടു ദശാബ്ദക്കാലത്തിലേറെ ക്ലബ്ബിന്റെ ഗോൾവലയ്ക്കു മുന്നിൽ അയാളുടെ സാന്നിധ്യമുണ്ടായിരുന്നു. അനവധി നിർണായക നിമിഷങ്ങളിൽ അയാളുടെ പ്രകടനം ടീമിനു തുണയായിട്ടുണ്ട്. എട്ടു ബുണ്ടസ് ലിഗ കിരീടങ്ങൾ, ആറു ഡി. എഫ്. ബി പോകൽസ് കപ്പുകൾ, ഒരു ചാംപ്യൻസ് ലീഗ് കിരീടം. കാൻ വല കാത്ത നാളുകളിൽ ബയേൺ നേടിയ കിരീട വിജയങ്ങളിലെല്ലാം അയാളുടെ പ്രകടനങ്ങൾ ടീമിനു സഹായകമായിട്ടുണ്ട്. ഫോമിന്റെ പാരമ്യത്തിൽ നിൽകുമ്പോൾ ഏതു ഫുട്ബോൾ താരവും കൊതിച്ചിരുന്ന സാക്ഷാൽ അലക്സ് ഫെർഗുസൻറെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമുള്ള ഓഫർ നിരസിച്ചിട്ടുണ്ടയാൾ, വിരമിച്ച ശേഷം ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിന്റെ പരിശീലകനാകാനുള്ള ക്ഷണവും അയാൾ നിരസിച്ചിരുന്നു. അവരുടെ പ്രിയപ്പെട്ട ടൈറ്റന്റെ സേവനം ബവേറിയൻ നിരയ്ക്കു മാത്രം അവകാശപ്പെട്ടതാണെന്ന് അയാൾ അന്നേ തീരുമാനിച്ചുറപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷത്തിന്റെ തുടക്കം ബയേണിന് അത്ര മികച്ചതായിരുന്നില്ല. സീസൺ തുടക്കത്തിൽ സംഭവിച്ച തോൽവികൾ മൂലം ടീമിനു ബുണ്ടസ് ലീഗ കിരീടം നിഷേധിക്കപ്പെടുമെന്നുള്ള അവസ്ഥയും വന്നിരുന്നു. പക്ഷേ അവിടെനിന്നും അവർ ശക്തമായി തിരിച്ചു വന്നു. സീസണൊടുവിൽ കിരീടവും ബവേറിയൻ പടയ്‌ക്കൊപ്പം നിന്നു. പുതിയ സീസണിലും തുടർച്ചയായ വിജയങ്ങൾ ടീമിന് അനിവാര്യമായ അവസ്ഥയിലാണ് കാൻ ബയേണിന്റെ തന്ത്രപ്രധാനമായ ചുമതല ഏറ്റെടുക്കുന്നത്. പുതിയ അങ്കത്തിലും വിജയം വരിയ്ക്കാൻ അവരുടെ പ്രിയപ്പെട്ട വോൾകാനോയ്ക്ക് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Leave a comment