Cricket Editorial Epic matches and incidents Top News

കങ്കാരുക്കളെ ചുട്ടെരിച്ച പഞ്ചാബി അഗ്നിക്കാറ്റ്

January 4, 2020

author:

കങ്കാരുക്കളെ ചുട്ടെരിച്ച പഞ്ചാബി അഗ്നിക്കാറ്റ്

കണ്ണകിയുടെ കഥ കേട്ടിട്ടില്ലേ?. തന്റെ കണ്ണിലെ രോഷാഗ്നികൊണ്ടു മധുര പട്ടണത്തെയൊന്നാകെ അഗ്നിക്കിരയാക്കിയ കണ്ണകിയുടെ കഥ. പ്രതാപിയായ മധുര രാജാവിനെ അടിയറവു പറയിച്ച നിശ്ചയദാർഢ്യത്തിന്റെയെയും ഭർത്യവിശ്വാസത്തിന്റെയും കഥ.

ഹർമൻപ്രീത് കൗർ എന്ന പഞ്ചാബുകാരി ഡെർബി നഗരത്തിൽ തന്റെ ബാറ്റുകൊണ്ടു സംഹാരനടനമാടിയപ്പോൾ ചാമ്പലായതും ക്രിക്കറ്റ്‌ ലോകത്തെ പ്രതാപികളായിരുന്നു. ലോകക്രിക്കറ്റിലെ വൻ ശക്തികളായ ഓസ്ട്രേലിയൻ ടീമിനെ ഒറ്റയ്ക്കു ചുട്ടെരിച്ച ഹർമന്റെ പ്രകടനത്തിന്റെ പിൻബലത്തിലാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീം 2017 ഏകദിനലോകകപ്പിന്റെ ഫൈനൽ പ്രവേശനം നേടിയത്. പക്ഷേ കഴിഞ്ഞ ദശാബ്ദത്തിൽ ഇന്ത്യൻ താരങ്ങൾ നടത്തിയ മികച്ച പ്രകടനങ്ങളുടെ പട്ടിക പറയുമ്പോൾ നാം സൗകര്യപൂർവം മറന്നുകളയുന്നു ഹർമൻപ്രീതിന്റെ ഈ ബാറ്റിങ് പ്രകടനം.

2017ൽ നടന്ന വനിതാ ലോകകപ്പിനെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിലേക്കു കടന്നുവരുന്നത് ഹർമൻപ്രീത് കൗർ എന്ന പഞ്ചാബുകാരിയുടെ രണ്ടിന്നിങ്‌സുകളാണ്. അതിലൊന്ന ആ വർഷത്തിന്റെ തുടക്കത്തിൽ നടന്ന ലോകകപ്പ് യോഗ്യതാമത്സരങ്ങളുടെ കലാശപ്പോരാട്ടമായിരുന്നു. ഹർമൻ അവസാന പന്തിൽ നേടിയ സിക്സറിലൂടെ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി യോഗ്യതാചാംപ്യൻഷിപ് കിരീടം നേടിയാണ് ഇന്ത്യ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിനു യോഗ്യത നേടിയത്.

ചാമ്പ്യന്മാർക്കൊത്ത പ്രകടനവുമായാണ് ഇന്ത്യ ലോകകപ്പിനു തുടക്കമിട്ടത്. ടൂർണമെന്റ് ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ ഓപ്പണർ സ്മൃതി മന്ദനയുടെ ബാറ്റിങ് മികവിൽ അട്ടിമറിച്ച ഇന്ത്യ അടുത്ത മൂന്നു മത്സരങ്ങളിലായി വെസ്റ്റ് ഇൻഡീസിനെയും പാകിസ്താനെയും ശ്രീലങ്കയെയും തകർത്തു മുന്നേറി. പക്ഷേ ദക്ഷിണാഫ്രിക്കയോട് സംഭവിച്ച അപ്രതീക്ഷിത പരാജയം അവരുടെ യാത്രയുടെ ഗതിതെറ്റിച്ചു. അടുത്ത മത്സരത്തിൽ ഓസീസിനോടും പരാജയം രുചിച്ച ഇന്ത്യ പക്ഷേ നിർണായകമായ അവസാനമത്സരത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു.

ലീഗ് റൗണ്ടിൽ തങ്ങളെ ആധികാരികമായി തകർത്ത ഓസീസ് ടീമിനെതിരായ സെമിഫൈനലിലെ ഇന്ത്യൻ വിജയപ്രതീക്ഷകൾ വളരെ ചുരുങ്ങിയതായിരുന്നു. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ ഓപ്പണർമാർ പവർപ്ലേ അവസാനിക്കുന്നതിനുമുന്നേ കൂടാരം പുൽകി. ഹർമനും നായിക മിതാലി രാജും ചേർന്ന കൂട്ടുകെട്ട് ഇന്ത്യൻ സ്കോർ നൂറു കടത്തിയെങ്കിലും നാഴികക്കല്ലു താണ്ടിയയുടനെ മിതാലിയും പുറത്തായതോടെ ഇന്ത്യയുടെ നില കൂടുതൽ പരുങ്ങലിലായി. മാത്രമല്ല അപ്പോഴേക്കും ഇന്നിങ്സിന്റെ പകുതി ഓവറുകളും പിന്നിട്ടിരുന്നു.

പക്ഷേ ദീപ്തി ശർമയെ കൂട്ടുപിടിച്ച ഹർമൻ പതിയെ ആളിക്കത്തുവാൻ തുടങ്ങി. അറുപത്തിനാലു പന്തുകളിൽ നിന്നും അർദ്ധസെഞ്ചുറി തികച്ച ഹർമൻ അടുത്ത അൻപതു റണ്ണുകൾ നേടാനെടുത്തത് വെറും ഇരുപത്തിയാറു പന്തുകൾ മാത്രമായിരുന്നു. ഓരോ ഓസീസ് ബൗളറും ആ തീജ്വാലയിൽ വെണ്ണീറാകുവാൻ തുടങ്ങി. ഹർമന്റെ ബാറ്റിൽ നിന്നുമുയർന്ന പന്തുകൾ കൂടുതൽ ദൂരത്തേക്കു യാത്രചെയ്യാൻ മത്സരിച്ചു. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരിന്നിംഗ്‌സായിരുന്നു ഡെർബിയിൽ പിറന്നത്.

ഓസീസ് ബൗളർമാർ മാത്രമല്ല അവളുടെ രോഷത്തിന്റെ ചൂടറിഞ്ഞത്. തന്റെ സ്കോർ തൊണ്ണൂറ്റിയൊൻപത്തിൽ നിൽക്കേ വിക്കറ്റിനിടയിലെ ഓട്ടത്തിൽ പിഴവുവരുത്തിയ ദീപ്തി ശർമയെ ഹർമൻ ശകാരിക്കുന്ന ഹർമൻ ക്രിക്കറ്റ്‌ പിച്ചിലെ അസാധാരണ കാഴ്ചയായിരുന്നു. പക്ഷേ ആ വിജയം അവൾ എത്രയധികം ആഗ്രഹിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു അത്. സെഞ്ചുറി നേടിയ ശേഷം അവൾ കൂടുതൽ അക്രമാസക്തയായി. ഏതു സ്കോറും പിന്തുടരുക എന്ന് ലക്ഷ്യവുമായി ഒരു ബാറ്ററെ അധികമായി ഉൾപെടുത്തിയാണ് ഓസ്ട്രേലിയൻ ടീം കളിച്ചത്. ഇതുമൂലം അവരുടെ ബൌളിംഗ് നിരയിൽ കൈവന്ന ദൗർബല്യം ഹർമൻ നന്നായി മുതലെടുത്തു. അവസാന ഓവറുകളിൽ വേദ കൃഷ്ണമൂർത്തിയ്ക്കൊപ്പം ചേർന്നു കൂടുതൽ ആക്രമണം അഴിച്ചുവിട്ട ഹർമൻ ഇന്ത്യൻ ഇന്നിംഗ്സ് പൂർത്തിയാകുമ്പോൾ 171 റണ്ണുകളുമായി പുറത്താകാതെ നിന്നു. നാൽപത്തിരണ്ട ഓവറുകളായി വെട്ടിക്കുറക്കപ്പെട്ട മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 281 റണ്ണുകൾ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 245 റണ്ണുകൾക്കു പുറത്തായതോടെ മുപ്പൂയത്തിയാറു റണ്ണുകൾക്കു മത്സരം വിജയിച്ച ഇന്ത്യ ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു.

നൂറ്റിപ്പതിനഞ്ചു പന്തുകൾ നേരിട്ട ഇന്നിങ്സിൽ ഇരുപത്തിയേഴു തവണയാണ് അവളുടെ ബാറ്റിൽനിന്നും പന്ത് അതിർത്തിവര കടന്നത്. അതിൽ ഏഴെണ്ണം പടുകൂറ്റൻ സിക്സറുകളായിരുന്നു. ദീപ്തി ശർമയുമൊത്തുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് 137 റണ്ണുകൾ നേടിയപ്പോൾ അതിൽ ഇരുപത്തിയഞ്ചു റണ്ണുകൾ മാത്രമായിരുന്നു ദീപ്തിയുടെ സംഭാവന. 2017ന്റെ തുടക്കത്തിൽ ദീപ്തി നേടിയ 188 റണ്ണുകൾക്കുശേഷം ഒരിന്ത്യൻ വനിതാ താരം നേടുന്ന എറ്റവും മികച്ച വ്യക്തിഗത സ്കോറും നേടിയാണ് ഹർമൻ കളം വിട്ടത്.

കഴിഞ്ഞ ദശാബ്ദത്തിലെ ഇന്ത്യൻ ക്രിക്കറ്റ്‌ താരങ്ങളുടെ മികച്ച പ്രകടനങ്ങൾ പരിശോധിച്ചാൽ ആദ്യസ്ഥാനങ്ങളിലൊന്ന ഹർമന്റെ ഈ ബാറ്റിങ് വിസ്ഫോടനത്തിന് അവകാശപ്പെടാനുള്ളതാണ്. 1983 ലോകകപ്പിലെ സാക്ഷാൽ കപിൽദേവിന്റെ ഒറ്റയാൾ പോരാട്ടത്തെ അനുസ്മരിപ്പിച്ച ഒരിന്നിംഗ്സ്. കപിലിന്റെ ഇന്നിങ്‌സിനൊപ്പം ഐ.സി.സി ലോകകപ്പ് ചരിത്രത്തിലെ ഒരിന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സായും ഹർമന്റെ പ്രകടനം എക്കാലവും വാഴ്ത്തപ്പെടും.

Leave a comment