ഇന്ത്യൻ സൂപ്പർ ലീഗും പോയ ദശാബ്ദവും
കടന്നുപോകുന്ന ദശാബ്ദത്തിൽ ഇന്ത്യൻ ഫുടബോളിൽ സംഭവിച്ച ഏറ്റവും നിർണായകസംഭവം എന്തെന്നു ചോദിച്ചാൽ തീർച്ചയായും അതിന് ഒരു ഉത്തരം മാത്രമേ നൽകാൻ സാധിക്കൂ. 2014ൽ എട്ടു ക്ലബ്ബുകളുമായി ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗ് എന്ന പുതിയ ഫുട്ബോൾ ലീഗുതന്നെ.
ഇന്ത്യൻ ഫുട്ബോളിൽ വളരെ നിർണായകമാവുമെന്നു കരുതിയ ഇന്ത്യൻ സൂപ്പർ ലീഗ് ഈ ദശകത്തിന്റെ അവസാനമാകുമ്പോൾ നമ്മുടെ ഫുട്ബോളിനെ എവിടെയെത്തിച്ചിരിക്കുന്നു എന്ന് അവലോകനം തീർച്ചയായും അത്യാവശ്യമാണ്.
ഇന്ത്യൻ ഫുട്‍ബോളിനു പുനർജ്ജന്മം നൽകുക എന്ന ഉദ്ദേശവുമായി 2013ൽ എ. ഐ. എഫ്. എഫ്, ഐ. എം. ജി റിലയൻസ് എന്നിവർ ചേർന്നു കൊണ്ടുവന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഏറെ കൊട്ടിഘോഷിക്കപ്പെട്ടുകൊണ്ടാണ് തുടക്കം കുറിച്ചത്. 2014ൽ ആദ്യ സീസൺ അവസാനിക്കുമ്പോൾ മികച്ച അഭിപ്രായങ്ങൾ തന്നെയായിരുന്നു ലീഗിനെ പറ്റി ഉയർന്നത്. മാത്രമല്ല ആദ്യ സീസണിലൂടെ ഉയർന്നുവന്ന സന്ദേശ് ജിങ്കൻ തുടങ്ങിയ നിരവധി യുവതാരങ്ങൾ പിന്നീട് ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായി മാറി.
ലോകഫുട്ബോൾ ആരാധനയോടെ നോക്കിക്കണ്ടിരുന്ന അനേകം ഇതിഹാസ താരങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമാകുന്നതും നാം കണ്ടു. എലാനോ, നിക്കോളാസ് അനെൽക, ഡെൽപിയറോ, ഡീഗോ ഫോർലാൻ, റോബർട്ടോ കാർലോസ്, അസമാവോ ഗ്യാൻ തുടങ്ങി ഒരുപിടി താരങ്ങളുടെ കളി നേരിട്ടു കാണാനും അവരോടൊപ്പം ഇന്ത്യയിലെ യുവതാരങ്ങൾ കളിക്കുന്നത് കാണാനും നമുക്കു സാധിച്ചു. മാത്രമല്ല ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം സീക്കോ, ഇറ്റാലിയൻ ലോകകപ്പ് താരം മാർകോ മറ്റെരാസി തുടങ്ങിയവരുടെ പരിശീലനമികവിനും ലീഗ് സാക്ഷിയായി.
ഇന്ത്യൻ സൂപ്പർ ലീഗ് സൃഷ്‌ടിച്ച തരംഗങ്ങൾ ഇന്ത്യൻ ഫുട്ബോളിലും പ്രതിഫലിച്ചു. സന്ദീശ് ജിങ്കൻ, ആദിൽ ഖാൻ, സഹൽ, മുതലായ മികച്ച താരങ്ങൾ ഇന്ത്യൻ ടീമിലെത്തി. യു. എ. ഇ യിൽ നടന്ന എ. എഫ്. സി ഏഷ്യൻ കപ്പിലും ഇന്ത്യ മികച്ച കളിയാണ് കാഴ്ചവെച്ചത്. അതിനു ശേഷം പക്ഷേ ഇന്ത്യ വീണ്ടും പഴയ ഇന്ത്യയാകുന്നതാണ് കണ്ടത്. സുനിൽ ഛേത്രി എന്ന് അച്ചുതണ്ടിൽ ചുറ്റുക എന്നതിനപ്പുറം പുരോഗമിക്കാതിരുന്ന ഇന്ത്യ ഖത്തർ ലോകകപ്പ യോഗ്യതാമത്സരങ്ങളിലും നിലവാരം കുറഞ്ഞ കളിയാണ് കാഴ്ചവെച്ചത്. യോഗ്യതാ റൗണ്ടിൽ നിന്നും ഏതാണ്ട് പുറത്തായ ഇന്ത്യ വീണ്ടും പിന്നിലേക്കുള്ള യാത്ര തുടരുകയാണ്.
ഐ ലീഗിനെ രണ്ടാം ഡിവിഷൻ ലീഗായി തരം താഴ്ത്തി ഇന്ത്യയിലെ ഒന്നാം നമ്പർ ലീഗായി ഉയർന്ന സൂപ്പർലീഗ് പ്രധാനമായും നേരിടുന്ന വിമർശനം റഫറിമാരുടെ നിലവാരമില്ലായ്മയാണ്. പല മത്സരങ്ങളിലും സ്കൂൾ മത്സരങ്ങൾ നിയന്ത്രിക്കുന്ന ലാഘവത്തോടെയാണ് റഫറിമാർ മത്സരങ്ങൾ നിയന്ത്രിക്കുന്നത്. പല മത്സരങ്ങളിലും മോശം റഫറിയിങ് മത്സരങ്ങളുടെ വിധി തന്നെ മാറ്റിയെഴുതി.
എങ്കിലും നിലവിൽ നിരവധി ആളുകളെ ഇന്ത്യൻ ഫുടബോളിനെ പിന്തുടരാൻ ഐ. എസ്. എൽ പ്രേരിപ്പിച്ചിട്ടുണ്ടെന്നത് ഒരു യാഥാർഥ്യമാണ്. ബാലാരിഷ്ടതകൾ താണ്ടി ഒരു മികച്ച ആഭ്യന്തരലീഗാകാൻ ഐ. എസ്. എലിന് അടുത്ത ദശകത്തിൽ സാധിക്കും എന്നു വിശ്വസിക്കാം.