2020 സഞ്ജുവിന്റേതാകുമോ?
സഞ്ജു സാംസൺ എന്ന് തിരുവനന്തപുരത്തുകാരന്റെ പ്രതിഭയിൽ സംശയമുള്ളവർ ഇന്നയാൾ നേടിയ അർധസെഞ്ചുറിയുടെ കണക്കുകൾ നോക്കുക. ഗുജറാത്തിലെ ലാലാഭായി കോൺട്രാക്ടർ സ്റ്റേഡിയത്തിലെ ബാറ്റിങ് ദുഷ്കരമായ പിച്ചിൽ മലയാളി ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷകളെ ഒറ്റയ്ക്കാണ് സഞ്ജു ചുമലിലേറ്റിയത്. മത്സരത്തിൽ കേരളം തൊണ്ണൂറു റൺസിന്റെ പരാജയം ഏറ്റുവാങ്ങിയെങ്കിലും അർദ്ധസെഞ്ചുറി നേടിയ സഞ്ജു ക്രീസിലുള്ളപ്പോൾ കേരളം വിജയപ്രതീക്ഷ കൈവിട്ടിരുന്നില്ല. മത്സരത്തിന്റെ നാലാം ഇന്നിങ്സിൽ 177 റണ്ണുകൾ്ക്ക് കേരളത്തിന്റെ എല്ലാ ബാറ്സ്മാന്മാരും പുറത്തായപ്പോൾ എഴുപത്തിയെട്ടു റണ്ണുകൾ നേടി ടോപ് സ്കോററായത് സഞ്ജുവായിരുന്നു.
സഞ്ജു സാംസൺ ഒരു അസാമാന്യ പ്രതിഭയാണെന്ന് തർക്കിക്കാൻ ഒരിക്കലും സാധിക്കില്ല. അയാളേക്കാൾ മികവുള്ള ഒരുപാടു ബാറ്റസ്മാൻമാർ ഇന്ത്യയിലുണ്ട്. പക്ഷേ ക്രീസിൽ നിലയുറപ്പിച്ചു കഴിഞ്ഞാൽ അയാളെ പുറത്താക്കുക ദുഷ്കരമാണ്. ഏതു സമയവും തന്റെ വിക്കറ്റ് നഷ്ടമാകുമെന്ന പ്രതീതി ഉളവാക്കുന്ന ഋഷഭ് പന്തിനേക്കാൾ എന്തുകൊണ്ടും മികച്ചവൻ തന്നെയാണ് സഞ്ജു. അതിൽ യാതൊരു സംശയവുമില്ല.
നിലവിലെ പന്തിന്റെ മോശം പ്രകടനങ്ങൾക്കിടയിലും എന്തുകൊണ്ടാണ് സഞ്ജുവിന്റെ പ്രകടനങ്ങൾ സെലക്ടർമാർ കണ്ടില്ലെന്നു നടിക്കുന്നത്?. അതിനു രണ്ടു കാരണങ്ങളാകും പ്രധാനമായും ഉണ്ടാകുക. അതിൽ പ്രധാനം അടുത്ത വർഷം നടക്കാൻ പോകുന്ന ട്വന്റി ട്വന്റി ലോകകപ്പിനു മാസങ്ങൾ മാത്രം ബാക്കിനിൽക്കേ മറ്റൊരു പരീക്ഷണത്തിനു അവർ തയ്യാറാകാൻ സാധ്യതയില്ല എന്നതുതന്നെയാകും. ഐ. പി. എല്ലിലെ തന്റെ മിന്നൽ ബാറ്റിങ് പ്രകടനങ്ങൾ കൊണ്ടു ടീമിലെത്തിയ പന്ത്. തുടക്കത്തിൽ മികവു പുലർത്തിയെങ്കിലും പിന്നീട് ആ ഫോം നിലനിർത്താൻ അയാൾക്കു സാധിച്ചില്ല. ഫോം കണ്ടെത്താൻ സാധിക്കാത്തതിനെക്കാൾ പിഴവുകൾ ആവർത്തിക്കുന്നുവെന്നതാണ് പന്തിൽ ആരാധകരും പരിശീലകരും ഒരുപോലെ നിരാശരാകാൻ കാരണം. മാത്രമല്ല പലപ്പോഴും വിക്കറ്റിനു പിന്നിലും അയാളുടെ പ്രകടനങ്ങൾ ശരാശരിക്കു താഴെയാകുന്നു. അതുകൊണ്ടുതന്നെയാകും പന്തിന് പ്രത്യേകമായി ഒരു പരിശീലകനെ ഏർപ്പെടുത്താൻ ബി. സി. സി. ഐ തീരുമാനിച്ചതും.
പക്ഷേ ഇതൊന്നും സഞ്ജുവിന്റെ മികവിനെ അവഗണിക്കാനുള്ള കാരണങ്ങൾ ആവുന്നില്ല. പന്തിനെപ്പോലെ അവസരങ്ങൾ അയാൾക്കും ലഭിക്കേണ്ടതുണ്ട്. ഒരുപക്ഷേ ഐ. പി. എല്ലിനു ശേഷം മഹേന്ദ്രസിംഗ് ധോണി തന്റെ ഭാവിയെപ്പറ്റി സുപ്രധാന തീരുമാനം കൈക്കൊണ്ടാൽ, പന്ത് തന്റെ മോശം ഫോം തുടർന്നാൽ അടുത്ത വർഷം നമുക്ക വീണ്ടും സഞ്ജുവിനെ ആ നീലക്കുപ്പായതിൽ കാണാൻ സാധിക്കും. പക്ഷേ അതിനയാൾ ബാറ്റിങ്ങിലും വിക്കെറ്റ് കീപ്പിങ്ങിലും കൂടുതൽ സ്ഥിരത പുലർത്തേണ്ടതുണ്ട്. അതിനയാൾക്കു കഴിയട്ടെയെന്നു പ്രത്യാശിക്കാം.






































