ടീം ഇന്ത്യയുടെ 2019!!!!
അങ്ങനെ ഒരു വർഷത്തിനുകൂടി തിരശീല വീഴുകയാണ്. 2020നെ വരവേൽക്കാൻ ക്രിക്കറ്റ് ലോകവും ഒരുങ്ങിക്കഴിഞ്ഞു. ബോക്സിങ് ഡേ ടെസ്റ്റുകൾ കൂടി അവശേഷിക്കുമ്പോൾ ടീം ഇന്ത്യക്കു സന്തോഷിക്കാൻ ഏറെയുണ്ട്. ഈ വർഷം നടന്ന ഏകദിന ലോകകപ്പിൽ സെമി ഫൈനലിൽ വെച്ചു കാലിടറിയെങ്കിലും മികച്ച ഒരു വർഷമായിരുന്നു ടീമിനു 2019. എന്നും ദുഷ്കരമായിരുന്ന മികച്ച ഒരുപിടി വിജയങ്ങൾ സ്വന്തമാക്കാൻ ടീം ഇന്ത്യക്കു 2019ൽ സാധിച്ചിരുന്നു.
ടീമിന്റെ പ്രകടനങ്ങൾ മാത്രമല്ല വ്യക്തിഗത മികവുകളിലും ഇന്ത്യ ഒരുപാടു നേട്ടങ്ങൾ സ്വന്തമാക്കിയ വർഷമായിരുന്നു 2019. രോഹിത് ശർമയും വിരാട് കോഹ്ലിയും ഒപ്പത്തിനൊപ്പം മുന്നേറിയപ്പോൾ കൂടെയെത്താൻ ലോകത്തിലെ മറ്റെല്ലാ താരങ്ങളും ബുദ്ധിമുട്ടിയ ഒരു വർഷം. കണക്കുകളിലും അതു വ്യക്തമാണ്. രോഹിത് ഈ വർഷം ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റണ്ണുകൾ നേടിയ താരമായപ്പോൾ ഇന്ത്യൻ നായകൻ തൊട്ടുപിറകെ ഉണ്ടായിരുന്നു. എല്ലാ ഫോർമാറ്റിലുംകൂടി ഏറ്റവുമധികം റണ്ണുകൾ നേടിയ താരമാകാനും ഹിറ്റ്മാനും കിങ് കോഹ്ലിയും തമ്മിലായിരുന്നു മത്സരം. പക്ഷേ ഇവിടെ വിജയം കോഹ്ലിക്കൊപ്പമായിരുന്നു. ലോകകപ്പിൽ സെഞ്ചുറികളുടെ വസന്തം തീർത്ത രോഹിത് ശർമ തുടർച്ചയായ ഏഴാം വർഷവും ഒരു മത്സരത്തിലെങ്കിലും 150 റണ്ണുകൾ നേടുകയെന്ന ബഹുമതിയും സ്വന്തമാക്കി. ഏകദിനത്തിൽ രോഹിത് ശർമ, ടെസ്റ്റിലും ടി ട്വൻറിയിലും വിരാട് കോഹ്ലി എന്നിവർ ഇന്ത്യയുടെ 2019ലെ മികച്ച വ്യക്തിഗത സ്കോറുകൾ സ്വന്തമാക്കി.
ഒരു ടെസ്റ്റ് ഓപ്പണർ എന്ന നിലയിൽ രോഹിത് തന്റെ വിമർശകരുടെ വാ മൂടിക്കെട്ടിയ വർഷം കൂടിയായിരുന്നു ഇത്. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ മാൻ ഓഫ് ദി സീരീസ് പ്രകടനവുമായി രോഹിത് ശർമ നിറഞ്ഞാടിയപ്പോൾ അതിനൊപ്പം നിൽക്കുന്ന പ്രകടനവുമായി മായങ്ക് അഗർവാളും 2019ലെ ഇന്ത്യയുടെ മറ്റൊരു താരോദയമായി. അടുത്ത വർഷം നടക്കുന്ന വിദേശ പര്യടനങ്ങൾ ഇരുവരുടെയും പ്രതിഭയുടെ ലിറ്റമസ് ടെസ്റ്റാകുമെങ്കിലും തത്കാലം ഇന്ത്യൻ ആരാധകർക്ക് ഇന്ത്യൻ ടെസ്റ്റ് ഓപ്പണർമാരെപ്പറ്റി ആശങ്കയ്ക്ക് വകയുണ്ടാകില്ല. ടെസ്റ്റിലെ ഇന്ത്യയുടെ നെടുംതൂണുകളായ കോഹ്ലിക്കും പൂജാരയ്ക്കും ഒപ്പം രോഹിതും മായങ്കും കൂടി ചേരുന്നതോടെ ഇന്ത്യൻ ബാറ്റിങ്നിര അതിശക്തമാകുന്നു.
ബൗളിങ്ങിലും ഇന്ത്യൻ താരങ്ങൾ മികച്ചു നിന്ന ഒരു വർഷമാണ് കടന്നുപോകുന്നത്. ഇന്ത്യൻ പിച്ചുകളിൽ അരങ്ങുവാഴുന്ന സ്പിന്നർമാർക്കായി പന്തൊരുക്കാൻ മാത്രം നിയോഗിക്കപ്പെട്ടിരുന്ന കാലം ഇന്ത്യൻ പേസർമാർ മറന്നുകഴിഞ്ഞു. ഷമിയും, ഇഷാന്തും, ഉമേഷുമെല്ലാം ഇന്ത്യൻ പിച്ചുകളിൽ തീതുപ്പുമ്പോൾ ഇന്ത്യയിൽ ഒരു ടെസ്റ്റ മത്സരത്തിലെ ഇരുപതു വിക്കറ്റുകളും ആദ്യമായി ഇന്ത്യൻ പേസർമാർ സ്വന്തമാക്കി. വെറും മൂന്നു ടെസ്റ്റുകളിൽനിന്നും പതിനാലു വിക്കറ്റുകൾ വീഴ്ത്തിയ ബുമ്രയും 2019ൽ ഇന്ത്യൻ വിജയങ്ങളിൽ നിർണായക പങ്കു വഹിച്ചു. ജസ്പ്രീത് ബുമ്രയും, മുഹമ്മദ് ഷമിയും, ദീപക് ചാഹറും, കുൽദീപ് യാദവും ഹാട്രിക് പ്രകടനങ്ങളുമായി വാർത്തകളിൽ ഇടം പിടിച്ചു. ടെസ്റ്റിലും ഏകദിനത്തിലും മുഹമ്മദ് ഷമിയും കുട്ടി ക്രിക്കറ്റിൽ ദീപക് ചഹാറും ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരായി.
വിൻഡീസിനെതിരെ നേടിയ പരമ്പര വിജയവുമായി ടീം ഇന്ത്യ 2019നോടു വിട ചൊല്ലിയിരിക്കുകയാണ്. പുതിയ വർഷത്തിൽ ടീമിനെ കാത്തിരിക്കുന്നതു ടി ട്വന്റി ലോകകപ്പ് അടക്കം വലിയ വെല്ലുവിളികളാണ്. ടീം ഇന്ത്യക്ക് മറ്റൊരു മികച്ച വർഷമായി 2020 മാറട്ടെയെന്നു പ്രത്യാശിക്കാം.
All the best team India…






































