ചെൽസി vs ടോട്ടൻഹാം ; മൗറീഞ്ഞോ ചെൽസിയെ നേരിടുമ്പോൾ
ഒരിക്കൽ കൂടി ആ മനുഷ്യൻ പ്രീമിയർ ലീഗിലേക്കു കടന്നുവന്നു. പക്ഷേ ഈ വരവ് അയാൾക്കു മറ്റൊരനുഭവമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തനിക്ക് ഏറ്റവുമധികം വിജയമധുരം നൽകിയിട്ടുള്ള ചെൽസിയ്ക്കെതിരെ ടോട്ടനത്തിനൊപ്പം ഇറങ്ങുമ്പോൾ ജോസേ മൗറിഞ്ഞോ ആഗ്രഹിക്കുന്നത് നീലപ്പടയുടെ പരാജയമാണ്. തങ്ങളുടെ ചരിത്രത്തിലെ ഒഴിവാക്കാനാകാത്ത ഒരു അധ്യായമായ മൗറീഞ്ഞോയ്ക്കെതിരെ, അയാളുടെ കീഴിൽ പുത്തനുണർവ് തേടുന്ന ടോട്ടൻഹാം ഹോട്സ്പറിനെതിരെ വിജയം ലക്ഷ്യമിട്ട് ഫ്രാങ്ക് ലാംപാർടിന്റെ കീഴിൽ ചെൽസിയും ഇറങ്ങുമ്പോൾ പോരാട്ടം തീപാറുമെന്നുറപ്പാണ്.
ടോട്ടൻഹാമിനും ചെൽസിയ്ക്കും ഈ കളിയിൽ വിജയം അത്യാവശ്യമാണ്. ലീഗിൽ നാലാം സ്ഥാനത്തുള്ള ചെൽസിയ്ക്കു തൽസ്ഥാനത്തു തുടരാനും അഞ്ചാമതുള്ള ടോട്ടനത്തിന് പോയൻറ് പട്ടികയിൽ ചെൽസിയെ താണ്ടി നാലാമതെത്താനും ഈ മത്സരത്തിലെ വിജയം മൂലം സാധിക്കും.
മികച്ച ഫോമിലുള്ള ടാമി അബ്രഹാമും ക്രിസ്ത്യൻ പുലിസിച്ചും തന്നെയാണ് ചെൽസിയുടെ തുറുപ്പുചീട്ടുകൾ. കൂടാതെ പരിക്കുമൂലം പുറത്തായിരുന്ന സെന്റർ ബാക്ക് അന്റോണിയോ റൂഡിഗറിന്റെ തിരിച്ചു വരവും ലാംപാർടിനും സംഘത്തിനും ആവേശം പകരുന്നുണ്ടാകും. പക്ഷേ ലീഗിലെ അവസാന രണ്ടു മത്സരങ്ങളിലും പരാജയം രുചിച്ച ചെൽസി ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണ്. പരിചയക്കുറവു സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഏറെയും അവരുടെ പ്രതിരോധ നിരയിലാണ് താനും. സൂമയും റീസ് ജെയിംസും, റൂഡിഗറും അണിനിരക്കുന്ന പ്രതിരോധനിരയെ നയിക്കേണ്ട ചുമതല നായകൻ സെസാർ അസ്പിലികുവേറ്റയിലാകും. ജോർജീഞ്ഞോയും കാന്റെയും കോവസിച്ചും അണിനിരക്കുന്ന മധ്യനിരയും വിങ്ങുകളിൽ പുലിസിച്ചും വില്യനും കളം നിറഞ്ഞു കളിച്ചാൽ ചെൽസിയെ പരാജയപ്പെടുത്തുക ടോട്ടനത്തിന് അസാധ്യമാകും. മുൻ നിരയിൽ ഗോളടിച്ചുകൂട്ടുന്ന ടാമിയും മൗവിനു തലവേദന സൃഷ്ടിക്കും.
മികച്ച താരങ്ങളുണ്ടായിട്ടും തുടർ തോൽവികൾ മൂലം ലീഗിൽ പതിനാലാം സ്ഥാനത്തേക്കു പിന്തള്ളപെട്ടതിനെ തുടർന്നാണ് ടോട്ടനം പരിശീലകൻ പോചെറ്റീനോയ്ക്കു പകരം മൗറീഞ്ഞോ സ്ഥാനമേറ്റെടുത്തത്. മൂന്നു മത്സരങ്ങൾക്കു ശേഷം ടീമിനെ ലീഗിൽ അഞ്ചാം സ്ഥാനത്തെത്തിക്കാനും മൗവിനു സാധിച്ചു. കുറച്ചു വാരങ്ങൾക്കു മുൻപു വരെ ടോട്ടനം ആരാധകർ സ്വപ്നം പോലും കാണാതിരുന്ന ഒരു ടോപ് ഫോർ ഫിനിഷിനെ പറ്റി അവർ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
മികച്ച ഫോമിലെത്തിയ മുന്നേറ്റനിര തന്നെയാണ് ടോട്ടനത്തിന്റെ ശക്തി. കെയ്നും, ലൂക്കാസ് മൗറയും, സണ്ണും, ഡെലെ അലിയും അണിനിരക്കുന്ന ടോട്ടനം മുന്നേറ്റനിര അതിശക്തമാണ്. അതിനൊപ്പം ഓറിയറും സാഞ്ചേസും നയിക്കുന്ന പ്രതിരോധവും മികച്ച പ്രകടനം കാഴ്ചവെച്ചാൽ ടോട്ടനത്തെ തളയ്കുക കടുപ്പമാകും. കൂടാതെ ക്രോസ് ബാറിനു കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗസനിഗയും അവർക്കു ശക്തി പകരുന്നു.
മൗറീഞ്ഞോയും ചെൽസിയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഫുട്ബോൾ ആരാധകർക്ക് ഒരു നല്ല വിരുന്നാകുമെന്നാണ് പ്രതീക്ഷ. ഒരു പക്ഷേ ഒരു പുതിയ റൈവൽറി പോലും ഈ ലണ്ടൻ ഡെർബിയിൽ പിറന്നേക്കാം.






































