Cricket Editorial Top News

ഹിറ്റ്മാന്റെ സൂപ്പർഹിറ്റ് ഇന്നിംഗ്സ്

December 19, 2019

author:

ഹിറ്റ്മാന്റെ സൂപ്പർഹിറ്റ് ഇന്നിംഗ്സ്

ഒരു ബാറ്റ്സ്മാൻ സെഞ്ചുറി നേടിയശേഷം ഇരട്ടസെന്ററിയിലെത്താതെ പുറത്തായാൽ ആരാധകരിൽ നിരാശ പടരുമെങ്കിൽ അയാളുടെ പേര് “രോഹിത് ഗുരുനാഥ് ശർമ” എന്നായിരിക്കും. ഇന്ത്യയുടെ വൻ ടോട്ടലുകളിലും പാർട്ണർഷിപ്പുകളിലും പങ്കാളിയാവുകയെന്നതും കൂറ്റൻ സ്‌കോറുകൾ നേടുകയെന്നതും അയാൾ ഒരു ദിനചര്യയാക്കി മാറ്റിയിരിക്കുന്ന്നു. നായകൻ വിരാട് കോഹ്ലിയ്ക്കൊപ്പം ഇന്ത്യൻ ബാറ്റിങ്ങിന്റെ നെടുംതൂണാകുമ്പോൾ അയാൾക്കു മേൽ ആരാധകരുടെ പ്രതീക്ഷകളും ഉയരുകയാണ്.

ടോസ് നേടി ബൌളിംഗ് തെരഞ്ഞെടുത്ത വിൻഡീസിനെതിരെ ഓപ്പണിങ് ബാറ്റിങിനിറങ്ങുമ്പോൾ തീർച്ചയായും ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ മേൽ ആവശ്യത്തിലധികം സമ്മർദ്ദമുണ്ടായിരുന്നു. ആദ്യമത്സരത്തിൽ അത്രയേറെ ആധികാരികമായായിരുന്നു വിൻഡീസ് ബാറ്റസ്മാന്മാർ ഇന്ത്യൻ സ്കോർ പിൻതുടർന്നത്. പരമ്പരയിൽ ഒപ്പമെത്തുക എന്നതുമാത്രമായിരുന്നില്ല നഷ്ടമായ ആത്മവിശ്വാസം തിരിച്ചുപിടിക്കുക കൂടി വേണമായിരുന്നു ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക്.

പതിവുപോലെ തന്നെ തുടക്കത്തിൽ രോഹിത് ശ്രദ്ധാപൂർവം ബാറ്റുവീശിയപ്പോൾ തകർത്താടിയത് ലോകേഷ് രാഹുൽ എന്ന കർണാടകക്കാരനായിരുന്നു. പവർപ്ളേയിൽ വിൻഡീസ് ബൗളർമാരെ രാഹുൽ കണക്കിനു ശിക്ഷിച്ചപ്പോൾ മറുവശത്തു രോഹിത് മറ്റൊരു കൂറ്റൻ ഇന്നിങ്സിനു അടിത്തറ പാകുകയായിരുന്നു. നൂറിനു മേൽ പ്രഹരശേഷിയിൽ രാഹുൽ കുതിച്ചു പാഞ്ഞപ്പോൾ ഒരു പിന്തുണക്കാരന്റെ ചുമതലയായിരുന്നു രോഹിതിന്. വെറും നാല്പത്തിയാറു പന്തുകളിൽ നിന്നും രാഹുൽ അർധസെഞ്ചുറി നേടിയപ്പോൾ ആ നാഴികക്കല്ലു മറികടക്കാൻ രോഹിതിന് 67 പന്തുകൾ വേണ്ടിവന്നിരുന്നു.

പക്ഷേ ക്രീസിൽ നിലയുറപ്പിച്ചുകഴിഞ്ഞാൽ രോഹിത് ശർമയെക്കാൾ അപകടകാരിയായ ബാറ്റ്സ്മാൻ ഇന്ത്യൻ ടീമിലില്ല എന്ന യാഥാർഥ്യം പിന്നീട് വിൻഡീസ് ബൗളർമാർ തിരിച്ചറിയുകയായിരുന്നു. പതിയെ രോഹിത് വിൻഡീസ് ബൗളർമാരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങി. പിയറിനെയും കോർട്ടലിനെയും ഹോൾഡറിനെയുമൊക്കെ അയാൾ കണക്കിനു ശിക്ഷിക്കാൻ തുടങ്ങി. ജേസൺ ഹോൾഡറിനെതിരെ അയാൾ നേടിയ ഒരു സിക്സെർ ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു. ഓഫ് സ്റ്റമ്പിന് വെളിയിൽ വന്ന ഒരു പന്തിനെ പോയന്റിനു മുകളിലൂടെ സിക്സിനു പറത്തുമ്പോൾ അയാളുടെ ബാലൻസ് നഷ്ടമായിരുന്നു.

രാഹുലിനേക്കാൾ മുന്നേ സെഞ്ചുറി തികച്ച രോഹിത് പിന്നീട് കൂടുതൽ അക്രമാസക്തനായി. മോശം പന്തുകൾ മാത്രമല്ല മികച്ച പന്തുകൾ പോലും ബൗണ്ടറി ലക്ഷ്യമാക്കി പാഞ്ഞു. ഇടയ്ക്ക് രാഹുലും കോഹ്ലിയും തുടർച്ചയായ പന്തുകളിൽ പുറത്തായെങ്കിലും അതു ടീമിന്റെ സ്കോറിങ് വേഗതയെ ബാധിക്കാതെ നോക്കാനും അയാൾക്കു സാധിച്ചു.

രോഹിത് നൽകിയ മൊമെന്റം അതേപടി തുടരുകയായിരുന്നു പന്തും അയ്യരും. അവസാന ഓവറുകളിൽ ഇരുവരും ചേർന്നു വിൻഡീസ് ബൗളർമാരുടെ ശേഷിച്ച ആത്മധൈര്യവും തല്ലിക്കെടുത്തി. ചേസിനെതിരെ ഒരോവറിൽ 31 റണ്ണുകൾ നേടിയ ഇരുവരും പുതിയ ഇന്ത്യൻ റെക്കോർഡും സ്ഥാപിച്ചു.
കൂറ്റൻ വിജയലക്ഷ്യം തേടിയിറിങ്ങിയ വിന്ഡീസിനു പ്രതീക്ഷകൾ നൽകിയത് പൂരനും ഹോപ്പും ചേർന്ന നാലാം വിക്കറ്റിൽ നേടിയ സെഞ്ചുറി കൂട്ടുകെട്ടായിരുന്നു. പക്ഷേ ഹാട്രിക് നേടിയ കുൽദീപ് യാദവും രണ്ടു പന്തുകളിൽ നിന്നും രണ്ടു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ്‌ ഷമിയും ചേർന്നു വിൻഡീസ് മധ്യനിരയുടെയും വാലറ്റത്തിന്റെയും കഥ കഴിച്ചതോടെ വിജയം ഇന്ത്യയ്‌ക്കൊപ്പമായി.

തുടർച്ചയായ ഏഴാം വർഷമാണ് രോഹിത് ഒരിന്നിംഗ്‌സിൽ നൂറ്റിയന്പതിനു മേൽ റണ്ണുകൾ നേടുന്നത്. ഹിറ്റ്‌മാൻ ഇന്ത്യൻ ബാറ്റിങ്ങിന്റെ നെടുംതൂണായി മാറിക്കഴിഞ്ഞിരിക്കുന്നു. ഉത്തരവാദിത്തങ്ങൾ അയാളിലിപ്പോൾ സമ്മർദ്ദമാകുന്നില്ല. അതു തന്നെയാണ് ഇന്ത്യ ഇപ്പോൾ ആഗ്രഹിക്കുന്നതും.

Leave a comment