Editorial Foot Ball Top News

എൽ ക്ലാസ്സിക്കോ; സാധ്യതകളും സാധ്യതാ ഇലവനും

December 18, 2019

author:

എൽ ക്ലാസ്സിക്കോ; സാധ്യതകളും സാധ്യതാ ഇലവനും

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ കണ്ണും കാതും ഇന്നു രാത്രി നടക്കുന്ന എൽ ക്ലാസ്സിക്കോയിലാകുമെന്നതിൽ സംശയമില്ല. ബാഴ്സലോണയുടെ തട്ടകമായ ക്യാമ്പ്‌ നുവിൽ അവർ തങ്ങളുടെ പരമ്പരാഗത എതിരാളികളായ റയൽ മാഡ്രിഡിനെ നേരിടുമ്പോൾ പോരാട്ടം തീ പാറുമെന്നതിൽ സംശയമില്ല. തമ്മിലുള്ള പോരാട്ടത്തിൽ മേൽക്കോയ്മ ഉറപ്പിക്കാൻ മാത്രമല്ല, ലാ ലീഗയിൽ ഒപ്പത്തിനൊപ്പം മുന്നേറുന്ന ഇരുടീമുകളും തമ്മിലുള്ള പോയൻറ് വ്യത്യാസം മൂന്നാക്കി മാറ്റാനും ഇന്നത്തെ വിജയത്തോടെ ഇരുടീമുകൾക്കും സാധിക്കും.

ചരിത്രത്തിൽ ഇതുവരെ നടന്ന എൽ ക്ലാസിക്കോ മത്സരങ്ങളിൽ വ്യക്തമായ മേൽകൈ കാറ്റലൻ ടീമിനുണ്ട. 275 മത്സരങ്ങളിൽ നൂറ്റിപതിനഞ്ചിലും ബാഴ്സ വിജയം നേടിയപ്പോൾ 61 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. 99 മത്സരങ്ങളിൽ മാത്രമാണ് റയൽ മാഡ്രിഡിനു വിജയിക്കാൻ സാധിച്ചത്. അവസാനം നടന്ന അഞ്ചു മത്സരങ്ങളിൽ ഒരു തവണ പോലും വിജയം നേടാൻ റയൽ മാഡ്രിഡിനു സാധിച്ചിട്ടില്ല. മൂന്നു മത്സരങ്ങൾ ബാഴ്സ വിജയിച്ചപ്പോൾ രണ്ടു മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയായിരുന്നു. പക്ഷേ ലോകഫുടബോളിലെ തന്നെ ഏറ്റവും മികച്ച രണ്ടു ടീമുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ തീർച്ചയായും കഴിഞ്ഞകാല ചരിത്രങ്ങൾക്ക് അവിടെ സ്ഥാനം തീരെയുണ്ടാകില്ല.

നിലവിലെ ടീമുകളുടെ ശക്തി പരിശോധിച്ചാലും ബാഴ്സ തന്നെയാകും മുന്നിൽ. മെസ്സി, സുവാരസ്, ഗ്രീസ്മാൻ ത്രയം നേതൃത്വം നൽകുന്ന ബാഴ്സ മുന്നേറ്റനിര തീർച്ചയായും ശക്തമാണ്. പ്രത്യേകിച്ച് ഫോമിന്റെ പാരമ്യത്തിൽ നിൽക്കുന്ന ലയണൽ മെസ്സിയെ എങ്ങനെ പിടിച്ചുകെട്ടുമെന്നതാകും റയൽ പ്രതിരോധനിരയുടെ ആശങ്ക. പതിനാറു ലാ ലീഗ മത്സരങ്ങളിൽ നിന്നും 33 ഗോളുകൾ നേടിയ റയൽ മുന്നേറ്റനിരയും മോശമല്ല. റൊണാൾഡോയുടെ കൂടുമാറ്റത്തോടെ ടീമിന്റെ ഗോൾ സ്കോറിങ് ചുമതല ഏറ്റെടുത്ത കരീം ബെൻസേമയാകും അവരുടെ തുറുപ്പുചീട്ട്. പരിക്കുമൂലം പുറത്തിരിക്കുന്ന സൂപ്പർ താരം ഈഡൻ ഹസാദിന്റെ അഭാവത്തിൽ റോഡ്രിഗോ, വാൽവാർദേ, വിനീഷ്യസ് എന്നിവരുടെ പ്രകടനവും നിർണായകമാകും.

മധ്യനിരയിലും ഏതാണ്ട് തുല്യശക്തികളുടെ പോരാട്ടമാകും നടക്കുക. ക്രൂസും കാസ്മീറോയും അടങ്ങുന്ന റയൽ മധ്യനിരയ്ക്ക് റാകിറ്റിച്ചും സെർജിയോ ബുസ്ക്കെറ്റ്സും ഡി ജോങ്ങും അടങ്ങുന്ന ലോകോത്തര നിരയാണ് ബാഴ്സയുടെ മറുപടി. ബാഴ്സ പ്രതിരോധത്തിനു പിക്യുയും സെമെഡോയും നേതൃത്വം നൽകുമ്പോൾ റാമോസും വരാണെയും കാർവാലും നയിക്കുന്ന റയൽ പ്രതിരോധവും ശക്തമാണ്. തിബുത് കോർട്ടോറിയസും ടെർ സ്റ്റീഗനും ഇരുഭാഗത്തും ഗോൾവലയ്ക്കു പിന്നിൽ നിലയുറപ്പിക്കുമ്പോൾ ഗോൾ നേടുക ദുഷ്കരമായ പ്രവൃത്തിയാകും.

ഇരുപരിശീലകർക്കും നിർണായകമാണ് ഈ മത്സരം. വാൽവർദേയും സിദാനും തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങുമ്പോൾ ആരാധകർ കാത്തിരിക്കുകയാണ്. മറ്റൊരു എൽ ക്ലാസിക്കോ പോരാട്ടത്തിനായി.

Leave a comment