Cricket Editorial Top News

കരീബിയൻ കരുത്തിനെ അതിജീവിക്കുമോ ടീം ഇന്ത്യ?

December 18, 2019

author:

കരീബിയൻ കരുത്തിനെ അതിജീവിക്കുമോ ടീം ഇന്ത്യ?

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ നടക്കുന്ന രണ്ടാം ഏകദിന മത്സരത്തിൽ കളിക്കാനിറങ്ങുമ്പോൾ ഇതേ മൈതാനത്തിൽ അവസാനമായി കരീബീയൻ പടയെ നേരിട്ട് ഓർമ്മകൾ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയെ വേട്ടയാടിയേക്കാം. കോഹ്‌ലിയുടെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 321റണ്ണുകൾ നേടിയെങ്കിലും സെഞ്ചുറി നേടിയ ഓപ്പണർ ഷൈ ഹോപ്പും 94 റണ്ണുകൾ നേടിയ ഷിംറോൺ ഹെറ്റമേയറും ചേർന്നു മത്സരം ആവേശകരമായ സമനിലയിലെത്തിക്കുകയായിരുന്നു.

2018ൽ നടന്ന മത്സരത്തിന്റേതിനു സമാനമാണ് ഇന്നും സ്ഥിതിഗതികൾ. ചെന്നൈയിൽ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ ബൗളർമാരെ കണക്കിനു ശിക്ഷിച്ച ഹോപ്പും ഹെറ്റമേയറും ചേർന്നു തന്നെയാണ് കരീബിയൻ പടയെ വിജയത്തിലെത്തിച്ചത്.
മുൻനിര ബാറ്റസ്മാൻമാർ പരാജയെപ്പെട്ടെങ്കിലും മധ്യനിരയുടെ പ്രകടനം ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. പക്ഷേ വിൻഡീസ് ബാറ്റ്സ്മാൻമാർ തകർത്താടിയതോടെ വിൻഡീസ് അനായാസ വിജയം സ്വന്തമാക്കി.

ബാറ്റിങ്ങിനെക്കാൾ കോഹ്ലിയെ വലയ്ക്കുക ഇന്ത്യയുടെ ബൌളിംഗ് പ്രകടനമാകും. കഴിഞ്ഞ മത്സരത്തിൽ വെറും രണ്ട വിൻഡീസ് വിക്കറ്റുകൾ മാത്രമാണ് ഇന്ത്യയ്ക്കു വീഴ്ത്താൻ സാധിച്ചത്. മാത്രമല്ല പരമ്പരാഗതമായി സ്പിന്നിനെ പിന്തുണയ്ക്കുന്ന ചെന്നൈയിലെ സ്ലോ പിച്ചിൽ ഇന്ത്യൻ ബൗളർമാർ തീർത്തും നിറം മങ്ങി. പേസ് ബൌളിംഗ് ഓൾറൗണ്ടറായി ടീമിൽ അരങ്ങേറ്റം കുറിച്ച ശിവം ദുബെയെ ഹെറ്റമേയർ തിരഞ്ഞുപിടിച്ചു ആക്രമിക്കുകയും ചെയ്തു. കുൽദീപ് യാദവും ജഡേജയും ആറിനു താഴെ എക്കണോമിയിൽ പന്തെറിഞ്ഞെങ്കിലും വിക്കറ്റുകൾ വീഴ്ത്താൻ സാധിച്ചില്ല. 2017 ചാംപ്യൻസ് ട്രോഫിയ്ക്കു ശേഷം ഇതാദ്യമായാകും മത്സരത്തിലെ മധ്യ ഓവറുകളിൽ ഇത്ര മോശം പ്രകടനം ഇന്ത്യൻ ബൗളർമാർ കാഴ്ചവെച്ചത്.

ഇന്നത്തെ മത്സരത്തിനായുള്ള ടീം തെരഞ്ഞെടുക്കുമ്പോൾ തീർച്ചയായും കോഹ്ലിയും ശാസ്ത്രിയും ഈ ഘടകങ്ങൾ പരിഗണിക്കും. അങ്ങനെയാണെകിൽ ഓൾ റൗണ്ടർ ശിവം ദുബൈയ്ക്കു പകരം ഒരു പൂർണമായ ബൌളിംഗ് ഓപ്ഷൻ ടീമിലെത്തിയേക്കും. ദുബെ പരാജയപ്പെട്ടാൽ ആ ഓവറുകൾ നികത്തേണ്ട ചുമതലയുള്ള കേദാർ ജാദവ് സമീപകാലത്തു മികച്ച ഫോമിലല്ലയെന്നതും അവർ പരിഗണിക്കും. അങ്ങനെയാണെങ്കിൽ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹാൽ, ഫാസ്റ്റ് ബൗളർ ശാർദൂൽ താക്കൂർ എന്നിവരിൽ ഒരാൾക്കു നറുക്കു വീഴും.

ഇന്നത്തെ മത്സരത്തിൽ ബാറ്റിങ്ങിൽ ഇന്ത്യൻ ടീം കാര്യമായ മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ല. ടോസ് ലഭിച്ചാൽ രണ്ടാമത് ബാറ്റു ചെയ്യുകയാകും കോഹ്‌ലിയുടെ ലക്ഷ്യവും. ഏതായാലും ഇന്നത്തെ മത്സരം ജയിച്ചു പരമ്പര സമനിലയിലാക്കണമെന്നതിനാൽ സമ്മർദ്ദം ഇന്ത്യക്കാകുമെന്നതിൽ സംശയമില്ല.

Leave a comment