യുവേഫ ചാംപ്യൻസ് ലീഗ് ; പോരാട്ടങ്ങളെ അടുത്തറിയാം
യുവേഫ ചാംപ്യൻസ് ലീഗിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കു കൊടിയിറങ്ങുമ്പോൾ അവശേഷിക്കുന്നത് പതിനാറു ടീമുകളാണ്. എട്ടു ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാർ രണ്ടാം റൗണ്ടിലെത്തുമ്പോൾ മൂന്നാം സ്ഥാനക്കാർ യൂറോപ്പ ലീഗിലേക്കു യാത്രയാകുന്നു. നോക്ക്ഔട്ട് മത്സരങ്ങളിലേക്കു കടക്കുമ്പോൾ ഇനി നടക്കുന്ന പോരാട്ടങ്ങളെപ്പറ്റി ഒരു അവലോകനം.
മാഞ്ചസ്റ്റർ സിറ്റി vs റയൽ മാഡ്രിഡ്
നോക്കഔട്ട് റൗണ്ടിലെ ഏറ്റവും ശക്തിയേറിയ മത്സരം എന്നു വിശേഷിപ്പിക്കാവുന്നത് മാഞ്ചസ്റ്റർ സിറ്റി – റയൽ മാഡ്രിഡ് മത്സരമാകും. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായ റയൽ മാഡ്രിഡും സി ഗ്രൂപ്പ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടുമ്പോൾ വിജയികളെ പ്രവചിക്കുക പ്രയാസമാകും. ചാംപ്യൻസ് ലീഗിൽ എന്നും മികച്ച പ്രകടനം നടത്താറുള്ള റയലിനുതന്നെയാണ് സാദ്ധ്യതകൾ.
പി എസ് ജി vs ബൊറൂസിയ ഡോർട്മുണ്ട്
ഗ്രൂപ്പ് എയിൽ റയൽ മാഡ്രിഡിനെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് പി. എസ്. ജി നോക്കഔട്ട് റൗണ്ടിലെത്തുന്നത്. സമീപകാലത്തു സമ്മിശ്രമായ പ്രകടനം കാഴ്ചവെക്കുന്ന ഡോർട്മുണ്ടിനെതിരെ നെയ്മറും കവാനിയും എംബാപ്പയും ഡി മരിയയും നിറയുന്ന പി. എസ്. ജി വിജയിക്കുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും ഹോം ഗ്രൗണ്ടിലെ ഡോർട്മുണ്ടിന്റെ ശക്തി തള്ളിക്കളയാൻ സാധിക്കില്ല. ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായിരുന്നു ഡോർട്മുണ്ട്.
അറ്റ്ലാന്റാ vs വാലെൻഷ്യ
ചെൽസിയും അയാക്സുമടങ്ങുന്ന മരണ ഗ്രൂപ്പായ ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനക്കാരായാണ് സ്പാനിഷ് ക്ലബ്ബ് വാലെൻഷ്യ ചാംപ്യൻസ് ലീഗിന്റെ നോക്കഔട്ട് റൗണ്ടിലെത്തുന്നത്. മാഞ്ചസ്റ്റർ സിറ്റിയ്ക്കു പിന്നിൽ ഗ്രൂപ്പ് സി യിലെ രണ്ടാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലെത്തുന്ന അറ്റ്ലാന്റയെ വാലെൻഷ്യ മറികടക്കുമെന്നു പ്രതീക്ഷിക്കാം. ഇറ്റാലിയൻ ലീഗിലടക്കം അട്ടിമറികൾ സൃഷ്ടിക്കുന്ന അറ്റ്ലാന്റയെ അവഗണിക്കാൻ സാധിക്കില്ല.
അത്ലറ്റികോ മാഡ്രിഡ് vs ലിവർപൂൾ
നിലവിലെ ചാംപ്യൻമാരായ ലിവർപൂളും അത്ലറ്റികോ മാഡ്രിഡും തമ്മിലുള്ള മത്സരം ചാംപ്യൻസ് ലീഗിലെ മറ്റൊരു ഗ്ലാമർ പോരാട്ടമാകും. ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോയും ഇ ഗ്രൂപ്പ് ചാമ്പ്യന്മാരായ ലിവർപൂളും തമ്മിൽ തീ പാറുന്ന പോരാട്ടമാകുമെന്നുറപ്പ്.
ചെൽസി vs ബയേൺ മ്യൂണിക്
2012 യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ സംഭവിച്ച പരാജയത്തിന് കണക്കു തീർക്കാനുള്ള അവസരമാണ് ബവേറിയൻ പടയ്ക്ക്. ഗ്രൂപ്പ് എച്ചിൽ രണ്ടാം സ്ഥാനക്കാരായി എത്തുന്ന ചെൽസിയ്ക്കെതിരെ ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് ബയേൺ എത്തുന്നത്. മാത്രമല്ല ലീഗിൽ കളിച്ച 32 ടീമുകളിൽ ഏറ്റവും മികച്ച പ്രകടനവും ബയേണിന്റെതായിരുന്നു.
ജുവെന്റസ് vs ലിയോൺ
ചാംപ്യൻസ് ലീഗിന്റെ രാജകുമാരൻ ക്രിസ്ത്യാനോ റൊണാൾഡോയും ദിബാലയും അണിനിരക്കുന്ന ജുവെയ്‌ക്കെതിരെ വിജയം നേടുക ലിയോണിന് ഏതാണ്ട് അസാധ്യം തന്നെയാണ്. ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായ ജുവെയും ഗ്രൂപ്പ് ജി രണ്ടാം സ്ഥാനക്കാരായ ലിയോണും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അട്ടിമറി സാധ്യതകളും തള്ളിക്കളയാനാകില്ല.
ടോട്ടൻഹാം vs ലെപ്‌സിഗ്
ഗ്രൂപ്പ് ബിയിൽ ബയേണിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ടോട്ടനം ചാംപ്യൻസ് ലീഗ് ഒന്നാം റൗണ്ട് അവസാനിപ്പിച്ചത്. പുതിയ പരിശീലകൻ ജോസ് മൗറീഞ്ഞോയുടെ കീഴിൽ ഒത്തിണക്കത്തോടെ കളിക്കുന്ന ടോട്ടനവും ഗ്രൂപ്പ് ജി ഒന്നാം സ്ഥാനക്കാരായ ലിപ്സിഗും തമ്മിലുള്ള മത്സരത്തിലും വിജയികളെ നിർണയിക്കുക അസാധ്യമാണ്.
നാപോളി vs ബാഴ്സലോണ
ഇറ്റാലിയൻ വമ്പന്മാരായ നാപോളിയും സ്പാനിഷ് ഭീമന്മാരായ ബാഴ്സലോണയും തമ്മിലുള്ള മത്സരമാകും ലോകം ഉറ്റുനോക്കുന്ന ചാംപ്യൻസ് ലീഗ് മത്സരങ്ങളിൽ ഏറ്റവും പ്രധാനം. ലീഗ് ഘട്ടത്തിൽ ലിവർപൂളിനെ അട്ടിമറിച്ച നാപോളി പക്ഷേ ഇ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് രണ്ടാം റൗണ്ടിലെത്തിയത്. ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയെ തോല്പിക്കുക കഠിനമാണെങ്കിലും നാപോളി നിര ശക്തമാണ്.
ഇനിയങ്ങോട്ടുള്ള മത്സരങ്ങൾ ടീമുകൾക്കു ജീവന്മരണപ്പോരാട്ടങ്ങളാണ്. ഒരു പിഴവു പോലും പുറത്തേക്കുള്ള വഴി തുറക്കുമെന്നതിനാൽ തീർച്ചയായും ടീമുകൾ മികച്ച പ്രകടനം പുറത്തെടുക്കുമെന്നുറപ്പാണ്. അതിനാൽ കാത്തിരിക്കാം യൂറോപ്പിനെ ചൂടുപിടിപ്പിക്കുന്ന ചാംപ്യൻസ് ലീഗ് പോരാട്ടങ്ങൾക്കായി.






































