Editorial Foot Ball Top News

എൽ ക്ലാസിക്കോയ്ക്ക് കാഹളമുയരുമ്പോൾ

December 17, 2019

author:

എൽ ക്ലാസിക്കോയ്ക്ക് കാഹളമുയരുമ്പോൾ

ലോകത്തിലേറ്റവും ദൈർഖ്യമേറിയ യുദ്ധം ഏതാണെന്നറിയാമോ?..

ഏഴു നൂറ്റാണ്ടിലേറെ നീണ്ടുനിന്ന ഐബീരിയൻ യുദ്ധം, നൂറ്റിപ്പത്തൊൻപതു വർഷങ്ങൾ നീണ്ട ഫ്രഞ്ചു സിംഹാസനത്തിനായുള്ള യുദ്ധം. അങ്ങനെ ഒരുപാടു ഐതിഹാസിക യുദ്ധങ്ങളുടെ കഥകൾ ചരിത്രത്തിനു പറയാനുണ്ടാകും. പക്ഷേ ഫുട്ബോൾ പ്രേമികൾക്കും അത്തരം ചില കഥകൾ പറയാനുണ്ട്. മൈതാനങ്ങളിലെ വൈരത്തിന്റെ കഥ. വിജയികളുടെ അട്ടഹാസങ്ങളുടെ പരാജിതരുടെ കണ്ണുനീരിന്റെ നനവുള്ള കഥ. തിരിച്ചുവരവുകളുടെ രോമാഞ്ചം നിറയ്ക്കുന്ന കഥ.

പേരുകൾ പലതുണ്ട് അത്തരം യുദ്ധങ്ങൾക്ക്. രക്തം ചിന്തിയ ചരിത്രമുള്ള സൂപ്പർ ക്ലാസിക്കോ, മിലൻ ഡെർബി, മാഡ്രിഡ്‌ ഡെർബി തുടങ്ങി കൊൽക്കൊത്ത ഡെർബി വരെ എത്രയെത്ര ഉദാഹരണങ്ങൾ. പക്ഷേ എൽ ക്ലാസിക്കോയ്ക്ക് അതിലൊരു പ്രത്യേക സ്ഥാനമുണ്ട്. അവിടെ ഫുട്ബോൾ മാത്രമല്ല രാഷ്ട്രീയമുണ്ട്, വർഷങ്ങളായി നീണ്ടുനിൽക്കുന്ന സ്വാതന്ത്ര്യസമരമുണ്ട്.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് എൽ ക്ലാസിക്കോയ്ക്ക്. സ്പാനിഷ് തലസ്ഥാനത്തിന്റെ വക്താക്കളായ റിയൽ മാഡ്രിഡും കാറ്റലോണിയൻ ജനതയുടെ ശബ്ദമായ ബാഴ്സലോണയും തമ്മിലുള്ള മേൽക്കോയ്മയ്ക്കായുള്ള യുദ്ധം സാന്റിയാഗോ ബെർണബ്യുവിനെയും ക്യാമ്പ്‌ ന്യുവിനെയും ചൂടുപിടിപ്പിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഫ്രാങ്കോയിലൂടെ, ഡി സ്‌റ്റെഫാനോയിലൂടെ ലൂയിസ് ഫിഗോയിലൂടെ ആ ചൂടിലേക്ക് പലപ്പോഴായി എണ്ണ പകർന്നപ്പോൾ കാണികൾക്കു ലഭിച്ചത് തീ പാറുന്ന മത്സരങ്ങളായിരുന്നു.

ഒരുകാലത്തും പരസ്പരം വിട്ടുകൊടുക്കാൻ ഇരുടീമുകളും തയ്യാറായിരുന്നില്ല. തോൽവിയ്ക്കു പകരം വീട്ടാൻ ഇരുവരും കൈ മെയ് മറന്നു പോരാടിയപ്പോൾ പലപ്പോഴും മത്സരത്തിന്റെ ആവേശം ആരാധകരിലേയ്ക്കും പടർന്നു. പിടിച്ചെടുക്കലിന്റെയും നിലനില്പിന്റെയും യുദ്ധം ഓരോ വർഷം കഴിയുമ്പോഴും കൂടുതൽ ശക്തമായികൊണ്ടിരുന്നു. പക്ഷേ ടീമുകൾ തമ്മിലുള്ള യുദ്ധം രണ്ടു വ്യക്തികൾ തമ്മിലുള്ള ഫുട്ബോൾ ചക്രവർത്തിപദത്തിന്റേതുകൂടിയായി മാറുന്നത് നാം കണ്ടത് ഈ ദശാബ്ദത്തിലാണ്. ക്രിസ്ത്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നീ ഇതിഹാസങ്ങളുടെ ഏറ്റുമുട്ടലുകളുടെ വേദിയായി എൽ ക്ലാസിക്കോ മാറി. കാറ്റാലൻ സ്വാതന്ത്ര്യസമരം മൂലമുള്ള സംഘർഷങ്ങളെത്തുടർന്ന് മാറ്റിവെയ്ക്കപ്പെട്ട എൽ ക്ലാസിക്കോ മത്സരം വ്യാഴാഴ്ച അരങ്ങേറുമ്പോൾ പക്ഷേ സ്ഥിതിഗതികളിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്.

എന്നും തുല്യശക്തികളുടെ പോരാട്ടമായിരുന്നു എൽ ക്ലാസിക്കോ. പക്ഷേ സമീപകാലത്തെ മത്സരഫലങ്ങൾ കാറ്റാലൻ പടയ്ക്ക് നേരിയ മുൻ‌തൂക്കം നൽകുന്നുണ്ട്. റൊണാൾഡോ റയൽ മാഡ്രിഡിൽ നിന്നും ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്കു മാറിയതോടെ റയലിനു ശക്തിക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. യുവതാരങ്ങളുടെ മികവിലും സീസണിൽ പരിശീലകനായി തിരിച്ചെത്തിയ സിദാന്റെ മികവിലും മാഡ്രിഡ്‌ പ്രതീക്ഷയർപ്പിക്കുമ്പോൾ മറുവശത്തു സൂപ്പർ താരം ലയണൽ മെസ്സിയാണ് ബാഴ്സയുടെ പ്രതീക്ഷ. റയലിൽ വിനീഷ്യസും ബാഴ്സ നിരയിൽ അൻസു ഫാത്തുവും നയിക്കുന്ന പ്രതിഭാധനരായ യുവതാരങ്ങളും മത്സരത്തിന്റെ ഗതി നിർണയിക്കും. മെസ്സിയ്ക്കൊപ്പം സുവാരസും ഗ്രീസ്മാനും അണിനിരക്കുന്ന ബാഴ്സ ആക്രമണത്തെ റാമോസിന്റെ നേതൃത്വത്തിലുള്ള റയൽ പ്രതിരോധം എങ്ങിനെ തടുത്തുനിർത്തുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ഒരു വിജയം പോയൻറ് പട്ടികയിൽ ഒന്നാമത്തെത്തുവാൻ സഹായിക്കുമെന്നതിനാൽ ഇരു ടീമുകളും അത്യന്തം വാശിയോടെ പോരാടുമെന്നതിലും സംശയമില്ല. ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്. മറ്റൊരു എൽ ക്ലാസിക്കോയുടെ കാഹളം ക്യാമ്പ്‌ ന്യൂവിൽ ഉയരുന്ന ആ രാവിനുവേണ്ടി.

Leave a comment