Foot Ball Top News

യൂറോപ്പ ലീഗ് : നാപ്പോളിയെ വീഴ്ത്തി ആഴ്‌സണൽ സെമിയിൽ

April 19, 2019

author:

യൂറോപ്പ ലീഗ് : നാപ്പോളിയെ വീഴ്ത്തി ആഴ്‌സണൽ സെമിയിൽ

കരുത്തരായ നാപ്പോളിക്കെതിരെ എവേ മാച്ചിലും വിജയം നേടി ആർസെനൽ യൂറോപ്പ ലീഗ് സെമി ഫൈനലിൽ. ഇരു പാദങ്ങളിലുമായി 3-0 എന്ന സ്കോറിനാണ് ഗണ്ണേഴ്‌സ്‌ യോഗ്യത ഉറപ്പിച്ചത്. സാൻ പോളോയിൽ നടന്ന മത്സരത്തിലെ ഏക ഗോൾ 35ആം മിനുട്ടിൽ ആർസെനൽ താരം ലകാസറ്റ് നേടി.

ഇംഗ്ലണ്ടിൽ നടന്ന ആദ്യ പാദത്തിൽ 2-0എന്ന സ്കോറിന് ആർസെനാൽ ജയിച്ചതിനാൽ മിനിമം മൂന്ന് ഗോൾ എങ്കിലും നേടിയാൽ മാത്രമേ നാപ്പോളിക്കു പ്രതീക്ഷയുണ്ടായിരുന്നുള്ളൂ. അതിനാൽ തുടക്കം മുതൽ നാപ്പോളി ആക്രമിച്ചു കളിച്ചു മറുവശത്തു ആർസെനൽ ശ്രദ്ധയോടെയാണ് കളിച്ചത്. മികച്ച പ്രതിരോധമൊരുക്കി ഗണ്ണേഴ്‌സ്‌ ആദ്യ പകുതിയിൽ നാപ്പോളി താരങ്ങളെ വെള്ളം കുടിപ്പിച്ചു.

34ആം മിനുട്ടിൽ ആർസെനൽ താരം റംസി പരിക്ക് മൂലം പുറത്ത് പോയത് ഗണ്ണേഴ്സിന്റെ പ്രാതീക്ഷകളെ തകിടം മറിക്കുമോയെന്നു ആരാധകർ ശങ്കിച്ചു. എന്നാൽ ഒരു മിനുട്ടിനുള്ളിൽ ബോക്സിനു വെളിയിൽ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് അത്യുജ്വലമായി വലക്കുള്ളിലാക്കി ലാക്കസെറ്റ് ഗണ്ണേഴ്സിന് ലീഡും നിർണായക എവേ ഗോളും നേടിക്കൊടുത്തു (1-0).

ഗോൾ വീണതോടികൂടി നാപ്പോളി സമ്മർദ്ദത്തിലായി. സെമി ഉറപ്പിക്കാൻ നാല് ഗോൾ എങ്കിലും വേണം എന്നത് ഇറ്റാലിയൻ ടീമിനെ പരിഭ്രാന്തരാക്കി. രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ചുവെങ്കിലും പലപ്പോഴും ലക്ഷ്യബോധമില്ലാതെ ഷോട്ട് ഉതിർക്കുകയായിരുന്നു താരങ്ങൾ. ഇതിനിടയിൽ ആർസെനലിന് ലഭിച്ച സുവർണാവസരം അബാമേയാങ് പാഴാക്കി. എങ്കിലും കരുത്തരായ എതിരാളികളുടെ തട്ടകത്തിൽ ക്‌ളീൻ ഷീറ്റോടെ മാച്ച് വിജയിച്ചു മുന്നേറിയത് യൂറോപ്പ ലീഗ് കിരീടം ലക്ഷ്യം വയ്ക്കുന്ന എമറിയുടെ ആര്സെനലിന്റെ ആത്മവിശ്വാസം ഉയർത്തും.

Leave a comment