ബൗച്ചറിനു പിന്നിൽ തിരിച്ചുവരവിനൊരുങ്ങി പ്രൊറ്റീസ് പട
ക്രിക്കറ്റ് ആഗോളവത്കരിക്കപ്പെടേണ്ടത് ഗെയിമിന്റെ വളർച്ചയ്ക്ക് വളരെ അത്യാവശ്യമാണ്. പക്ഷേ കഴിഞ്ഞ കുറെ കാലമായി ഇതിൽ നിന്നും വിഭിന്നമായ ചില കാഴ്ചകൾക്കാണ് നാം സാക്ഷിയാകുന്നത്. അഫ്ഗാൻ, അയർലൻഡ് മുതലായ രാജ്യങ്ങൾ പുതിയ ശക്തികളായി ഉയർന്നുവരുന്നു എങ്കിലും കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച ക്രിക്കറ്റ് ടീമുകൾക്കു പലതിനും ശക്തിക്ഷയം സംഭവിച്ചിരിക്കുന്നു. സിംബാബ്വെ ക്രിക്കറ്റ് ഇല്ലാതായ അവസ്ഥയാണിന്ന്. കൂടാതെ ശ്രീ ലങ്കയും മികച്ച ടീമിനെ സൃഷ്ടിക്കാൻ പാടുപെടുന്നു.
സ്വന്തം രാജ്യത്തിൽ കളിക്കാൻ സാധിക്കാത്തതിന്റെ പരിമിതികൾ പാകിസ്ഥാൻ ക്രിക്കറ്റിനെയും വല്ലാതെ പിന്നിലേക്കു വലിക്കുന്നു. വിൻഡീസ് ടീമും പഴയ ശക്തിയുടെ സമീപത്തുപോലും എത്തുന്നില്ല.
പക്ഷേ ആരാധകർ ഒരിക്കലും ആഗ്രഹിക്കാത്ത ഒന്നായിരുന്നു ദക്ഷിണാഫ്രിക്കയുടെ പതനം. ഒരുപക്ഷേ ഇന്ത്യയിലടക്കം പല വിദേശരാജ്യങ്ങളിൽ പോലും ഇത്രയധികം ആരാധകരെ സൃഷ്ടിച്ച വേറൊരു ടീം ഉണ്ടാകില്ല. വർണവിവേചനം കാരണം ലഭിച്ച വിലക്കുമാറി അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തിയ കാലം മുതൽ ക്രിക്കറ്റിലെ ഒരു ശക്തിയായി മാറിയ ടീം. ലോകത്തിലെ മറ്റേതൊരു ടീമും കൊതിക്കുന്ന താരനിര എന്നും സ്വന്തമായുണ്ടായിരുന്ന ടീം. അതായിരുന്നു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം.
നിർഭാഗ്യങ്ങൾ വിലങ്ങുതടിയായില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഒന്നിലധികം ലോകകിരീടങ്ങൾ അവരുടെ ഷെൽഫിൽ വിശ്രമിച്ചേനെ. കപ്പിനും ചുണ്ടിനുമിടയിൽവെച്ചു നഷ്ടമായ കപ്പുകളില്ലെങ്കിൽപോലും ദക്ഷിണാഫ്രിക്കൻ ടീം എന്നും ശക്തമായിരുന്നു. അലൻ ഡൊണാൾഡ് ഗ്രൗണ്ടിൽ തീർത്ത വെള്ളിടികൾ, മഖായ എന്റിനിയുടെയും ഷോൺ പൊള്ളോക്കിന്റെയും കൈകളിൽ നിന്നും മൂളിപ്പറന്നെത്തിയ പന്തുകൾ, വെർണൻ ഫിലാണ്ടർ, ടെയ്ൽ സ്റ്റെയ്ൻ, ആന്ദ്രേ നെൽ മുതലായവരുടെ ഭയാനകമായ സ്പെല്ലുകൾ ഇവയെ ഭയക്കാത്ത ബാറ്സ്മാന്മാർ ഉണ്ടായിരുന്നില്ല ലോകത്ത്. ലാൻസ് ക്ലൂസ്നർ, ജാക് കാലിസ് എന്നീ രണ്ടു ഓൾറൗണ്ടർമാർ ഒരുമിച്ചു ടീമിൽ കളിച്ച കാലം. ഇത്തരത്തിൽ ഒരു ഓൾറൗണ്ടർ നൂറ്റാണ്ടിലൊരിക്കലെങ്കിലും തങ്ങളുടെ ടീമിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് മറ്റു ടീമുകൾ ആഗ്രഹിച്ചിരിക്കും. ഡി വില്ലിയേഴ്സ്, ഹാൻസി ക്രോണ്യേ, ഗിബ്സ്, ഗാരി കേർസ്റ്റൻ മുതലായ ബാറ്റിങ് ഇതിഹാസങ്ങൾ കളിച്ച ദക്ഷിണാഫ്രിക്കൻ ടീം. പത്തുകൊണ്ടും ബാറ്റുകൊണ്ടുമല്ലാതെ കളി തിരിക്കാൻ കെൽപുള്ള മാർക് ബൗച്ചറും ജോണ്ടി റോഡ്സും കളിച്ച ടീം.
ആ ദക്ഷിണാഫ്രിക്കൻ ടീം ഇന്നു തകർച്ചയുടെ പാതയിലാണ്. വിദേശത്ത് മാത്രമല്ല നാട്ടിലും തുടർച്ചയായി പരമ്പര പരാജയങ്ങൾ, കഴിഞ്ഞ ലോകകപ്പിലെ നിരാശാജനകമായ പ്രകടനം. അങ്ങനെ തീർത്തും നിറം മങ്ങിയ ഒരു ദക്ഷിണാഫ്രിക്കൻ ടീമിനെയാണ് നാമിന്നു കാണുന്നത്. മികച്ച താരങ്ങൾ വിരമിച്ചത് മാത്രമല്ല. ആഭ്യന്തര ക്രിക്കറ്റിന്റെ പരാജയം കൂടിയാണ് ഇതിനു കാരണം. ടീമിൽ ക്വാട്ട സിസ്റ്റം കൊണ്ടുവന്നതോടെ മികച്ച കളിക്കാർക്ക് ദേശീയ ടീമിൽ ഇടം നഷ്ടമായി. പ്രതിഭയെക്കാൾ നിറത്തിനു പ്രാധാന്യം നൽകുന്ന സെലക്ഷൻ പ്രക്രിയയിൽ പ്രതിഷേധിച്ചു കെയ്ൽ അബോട്, റിലീ റൂസോ മുതലായ പ്രതിഭകൾ കോൽപാക് ഡീൽ തെരഞ്ഞെടുത്തു രാജ്യം വിട്ടു. അതോടെയാണ് പ്രധാനമായും ടീം ഇത്തരമൊരു ദുർദശയെ സന്ധിച്ചത്. കൂടാതെ പല പ്രമുഖതാരങ്ങളും അകാലത്തിൽ വിരമിക്കുകയും ചെയ്തതോടെ അവരുടെ പ്രതിസന്ധി പൂർത്തിയായി.
പക്ഷേ ദക്ഷിണാഫ്രിക്കൻ ടീമിന്റെ പുതിയ പരിശീലകനായി മാർക് ബൗച്ചറേ നിയമിച്ചിരിക്കുകയാണ് അവരുടെ ക്രിക്കറ്റ് ബോർഡ്. പദവിയേറ്റതോടെ അകാലത്തിൽ വിരമിച്ച ഡിവില്ലിയേഴ്സ് അടക്കം മികച്ച താരങ്ങളെ വീണ്ടും ടീമിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. ബൗച്ചറിന്റെ കീഴിൽ ദക്ഷിണാഫ്രിക്കൻ ടീം ശക്തമായ തിരിച്ചുവരവു നടത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. കാരണം ക്രിക്കറ്റിന്റെ വളർച്ചയ്ക്ക്ക്. ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ് അത്യാവശ്യമാണ്.






































