കെപിഎല്ലിന് ഇന്ന് തുടക്കം: ആദ്യ മത്സരത്തിൽ ഗോകുലം ബ്ലാസ്റ്റേഴ്സിനെ നേരിടും
കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കമാകും. ഇന്ന് ആദ്യ മൽസരത്തിൽ ഗോകുലം എഫ് സി – കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് 3.30 ന് മത്സരം ആരംഭിക്കും. രണ്ട് ടീമുകളും റിസേര്‍വ്സ് ടീമിനെ ആണ് ഇറക്കുന്നത്. കാണികൾക്ക് സൗജന്യമായി മത്സരം കാണാം. അവസാന രണ്ട് കെ പി എല്ലിലും ഫൈനലില്‍ എത്തിയ ഗോകുലം ഇത്തവണ കിരീടം നേടാനായി മികച്ച ഫോമിലാണ്. കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ ഫുട്ബോൾ ലീഗ് ആണ് കേരള പ്രീമിയർ ലീഗ്. 2013 ഒക്ടോബർ 13 നാണ് ഇത് ആരംഭിച്ചത്.
കെഎഫ്എയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന കേരളത്തിലെ മികച്ച ടീമുകളെ ട്രോഫിക്കായി ലീഗിൽ മത്സരിക്കും. രണ്ട് സിംഗിൾ ഫോർമാറ്റിലാണ് ലീഗ് കളിക്കുന്നത്, ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മൽസരം. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകൾ അവസാന റൗണ്ടിലേക്ക് യോഗ്യത നേടും. ഒരു വിജയത്തിന് മൂന്ന് പോയിന്റുകൾ, സമനിലയ്ക്ക് ഒരു പോയിന്റുമാണ് ലഭിക്കുക. സീസണിന്റെ അവസാനത്തിൽ, അന്തിമ പോയിന്റുകളുടെ പട്ടിക നിർണ്ണയിക്കപ്പെടുന്നു, ലഭിച്ച പോയിന്റുകൾ, ഗോൾ വ്യത്യാസം എന്നിവ അടിസ്ഥാനമാക്കിയാണ്.ഈ വര്‍ഷം 10 ടീമുകൾ ആണ് മത്സരിക്കുന്നത്. രണ്ട് ഗ്രൂപ്പിലും അഞ്ച് ടീമുകൾ ഉണ്ടാകും. പുതിയ മൂന്ന് ടീമുകൾ ഇത്തവണ മത്സരിക്കുന്നുണ്ട്. ലൂക സോക്കര്‍, കണ്ണൂര്‍ സിറ്റി എഫ് സി, എം എ കോളേജ് കോതമംഗലം എന്നീ ടീമുകളാണ് ഇത്തവണ മത്സരിക്കുന്നത്.






































