ഐഎസ്എൽ: എടികെയെ തോൽപ്പിച്ച് എഫ് സി ഗോവ ഒന്നാമത്
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന എഫ് സി ഗോവ എടികെ മത്സരത്തിൽ ഗോവയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എഫ് സി ഗോവ ജയിച്ചത്. ഗോവയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോവ മികച്ച പ്രകടനമാണ് നടത്തിയത്, മൂന്ന് ഗോളുകളും രണ്ടാം പകുതിയിൽ ആണ് പിറന്നത്. മൗര്‍ത്താഡ ഫാളും,ഫെറാന്‍ കൊറോമിനോസും ആണ് ഗോവക്കായി ഗോളുകൾ നേടിയത്.
എടികെയെക്കാൾ മികച്ച പ്രകടനമാണ് ഗോവ നടത്തിയത്. മികച്ച പാസുകളും അവർ ആണ് നടത്തിയത്. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആറു മിനിറ്റുകള്‍ക്കിടെയാണ് മൂന്ന് ഗോളുകൾ പിറന്നത്. 60-ാം മിനിറ്റില്‍ മൗര്‍ത്താഡയിലൂടെ ആദ്യ ഗോൾ നേടി ഗോവ ലീഡ് നേടി. എന്നാൽ അതിന് ശേഷം നാലാം മിനിറ്റിൽ എടികെ ജോബിന്‍ ജസ്റ്റിനിലൂടെ സമനില ഗോൾ നേടി. ഗോൾ നേടി രണ്ട് മിനിറ്റിനുള്ളിൽ ഗോവ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. പിന്നീട് സമനില ഗോളിനായി എടികെ ശ്രമിച്ചെങ്കിലും ഗോൾ നേടാൻ അവർക്കായില്ല. ജയത്തോടെ 15പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്തെത്തി. എടികെ 14 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.






































